print edition പട്ടികജാതി സ്വയംതൊഴിൽ സബ്സിഡി തട്ടിപ്പ്: പ്രതി പിടിയിൽ

തിരുവനന്തപുരം: കോർപറേഷനിൽ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിൽ വായ്പാ തുകയുടെ സബ്സിഡി അനുവദിച്ചതിൽ തട്ടിപ്പ് നടത്തി 75 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ സ്വദേശിയും കോർപറേഷനിലെ മുൻ എസ്‌സി പ്രൊമോട്ടറുമായ എസ് സിന്ധുവിനെ (55)യാണ് വിജിലൻസ് ഒന്നാം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അറസ്റ്റ് ചെയ്തത്.
പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ സ്വയംതൊഴിൽ സംരംഭങ്ങൾക്കായി നടപ്പാക്കിയ പദ്ധതിയുടെ വായ്പകൾക്കുള്ള സബ്സിഡി അനുവദിച്ചതിലായിരുന്നു തട്ടിപ്പ്. സംരംഭക ഗ്രൂപ്പുകൾക്ക് സബ്സിഡിയായി അനുവദിച്ച 75 ലക്ഷം രൂപ വിതരണം ചെയ്തതായി വ്യാജ രേഖകൾ ഉണ്ടാക്കിയ ശേഷം യഥാർഥ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകാതെ തുക സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.
പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്വയം തൊഴിൽ സംരംഭ പദ്ധതിയിലെ വായ്പാതുകകളിൽ സബ്സിഡി അനുവദിച്ചതിൽ 1.26 കോടി രൂപയുടെ ക്രമക്കേട് കാട്ടിയ മറ്റൊരു കേസിലും ജനറൽ വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിലെ വായ്പാ തുകകളിൽ സബ്സിഡി അനുവദിച്ചതിൽ 1.14 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിലും 3.57 കോടി രൂപയുടെയും ഫണ്ട് തട്ടിപ്പുകൾ നടത്തിയ മറ്റ് രണ്ട് കേസുകളിലും സിന്ധു ഉൾപ്പെട്ടിട്ടുണ്ടെന്ന് വിജിലൻസ് അറിയിച്ചു.











0 comments