പ്രസ്ഥാനമാണ് കരുത്ത്
കേരളം അത്ഭുതപ്പെടുത്തുന്നു , രാജ്യത്തിനുതന്നെ മാതൃക : സത്യേഷ ലെയുവ

അനഘ പ്രകാശ്
Published on Jun 28, 2025, 12:25 AM | 2 min read
കോഴിക്കോട്
ഇരുപത്തിയഞ്ചാണ് സത്യേഷ ലെയുവയുടെ പ്രായം. നരേന്ദ്രമോദിയോട് നേര്‍ക്കുനേര്‍നിന്ന് രാഷ്ട്രീയം പറയും. ആ ചങ്കൂറ്റത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും ബലത്തിലാണ് ഗുജറാത്തിലെ സബർഗാന്ധ ജില്ലയിലെ വഡ്വാസ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ദളിത് വിഭാഗത്തിൽനിന്നുള്ള ഈ പെൺകരുത്താണ് എസ്എഫ്‌ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി. ഗുജറാത്തിൽനിന്ന് എസ്എഫ്ഐയുടെ കേന്ദ്ര സെക്രട്ടറിയറ്റ് അംഗമായ ആദ്യ വനിതയുമാണ്. അഭിഭാഷക കൂടിയായ സത്യേഷ സമ്മേളന നഗരിയിൽനിന്ന് സംസാരിക്കുന്നു.
കേരളം അത്ഭുതപ്പെടുത്തുന്നു
രാജ്യത്തിനുതന്നെ മാതൃകയാണ് കേരളത്തിന്റെ വികസന മോഡൽ. എന്നും അത്ഭുതപ്പെടുത്തിയ ഇടമാണിത്. ഗുജറാത്താണ് മാതൃകയെന്ന് മോദി പറയുന്നത് ഇവിടം കൺതുറന്ന് കാണാത്തതിനാലാവണം. ആദ്യമായി കേരളത്തിലെത്തിയപ്പോൾ വയനാട് മുണ്ടേരിയിലെ സര്‍ക്കാര്‍ സ്കൂൾ സന്ദർശിച്ചിരുന്നു. അവിടുത്തെ ലൈബ്രറി, ലബോറട്ടറി, വീഡിയോ കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങൾ അത്‌ഭുതപ്പെടുന്നതാണ്. കേരളത്തില്‍ സ്വകാര്യ സ്കൂളിൽനിന്ന് സർക്കാർ സ്കൂളിലേക്ക് വിദ്യാർഥികൾ പോകുമ്പോൾ ഗുജറാത്തിൽ നേരെ തിരിച്ചാണ് കാര്യങ്ങൾ.
മുൻഗണന അടിസ്ഥാന സൗകര്യങ്ങൾക്ക്
നല്ല റോഡുകളില്ലാത്തതും തെരുവ് വിളക്കുകളില്ലാത്തതും വഡ്-വാസയിൽ അടിയന്തരമായി പരിഹരിക്കേണ്ട വിഷയമാണ്. കുടിവെള്ളവും കുഞ്ഞുങ്ങൾക്ക് പോഷകാഹാരവും ആരോഗ്യകേന്ദ്രവും ലഭ്യമാക്കണം. ഗ്രാമത്തിലെ സ്കൂളിൽ ലൈബ്രറി, ജിംനേഷ്യം, കളിസ്ഥലം എന്നീ സൗകര്യങ്ങളും ഒരുക്കും. മതിയായ ക്ലാസ് റൂമില്ലാത്തതിനാൽ പല സ്കൂളുകളും ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. രാവിലെ മുതൽ ഉച്ചവരെ ഒരു ബാച്ചും ഉച്ചയ്ക്ക് ശേഷം മറ്റൊരു ബാച്ചും. അധ്യാപകർ അവധിക്ക് പോകുമ്പോൾ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിൽപോലും അനാസ്ഥയുണ്ട്. ഇതിനെല്ലാം മാറ്റം വരുത്തേണ്ടതുണ്ട്.
വെല്ലുവിളികളേറെ
ഫാസിസം വാഴുന്ന നാട്ടിൽ ജനാധിപത്യം നടപ്പാക്കുകയെന്നത് തീർത്തും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എസ്എഫ്ഐ അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പോരാടാൻ കൂടെയുണ്ടെന്നതാണ് ശക്തി. ഇന്നും പലയിടങ്ങളിലും സ്ത്രീകളെ മുഖം മൂടാതെ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. ചില സമുദായങ്ങളും കൂടിയാണ് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത്. പെണ്ണാണ്, ദളിതാണ്, ആദിവാസിയാണ് തുടങ്ങിയ വിവേചനങ്ങളില്ലാത്ത ലോകമാണ് എസ്എഫ്ഐ. വെല്ലുവിളികൾ അതിജീവിച്ച് മുന്നേറാൻ ധൈര്യം പകർന്നതും എന്നെ ഞാനാക്കിയതും എന്റെ പ്രസ്ഥാനമാണ്.
പുതുതലമുറ ഇടതിന്റെ വഴിയേ...
യുവാക്കൾ ഇടത് പ്രസ്ഥാനങ്ങളുടെ പ്രസക്തി കൂടുതൽ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെയും ഹിന്ദുത്വ ആശയങ്ങൾ സിലബസിൽ കൂട്ടിച്ചേർക്കുന്നതിലൂടെയും സംഘപരിവാറിന്റെ അജൻഡ വ്യക്തമാണ്. പുതുതലമുറയ്ക്ക് അത് മനസ്സിലാക്കാനും പ്രയാസമുണ്ടായില്ല. അതിന്റെ മാറ്റം രാജ്യത്ത് പ്രകടവുമാണ്. വിവേചനത്തിനെതിരെയായിരുന്നു എന്നും എസ്എഫ്ഐയുടെ പോരാട്ടം. അത് കൂടുതൽ ശക്തമായി തുടരുക തന്നെ ചെയ്യും.










0 comments