ad
Deshabhimani

print edition ഇന്ധനനികുതിയിൽ സതീശന്റെ യു ടേൺ; ജനത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി

V D Satheesan Press Meet

വി ഡി സതീശൻ

avatar
മിൽജിത്‌ രവീന്ദ്രൻ

Published on Jun 03, 2026, 02:10 AM | 2 min read

തിരുവനന്തപുരം: ഇന്ധനവില വർധനയിലൂടെ കിട്ടുന്ന അധികവരുമാനം ഉപേക്ഷിച്ച്‌ ജനങ്ങൾക്ക്‌ ആശ്വാസം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി വി ഡി സതീശൻ.

പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അധിക നികുതി വരുമാനം ഉപേക്ഷിക്കണമെന്ന്‌ നിരന്തരം ആവശ്യപ്പെടുകയും ഇതിനായി സഭയിലേക്ക്‌ സൈക്കിൾ സവാരി നടത്തുകയും ചെയ്‌ത സതീശൻ മുഖ്യമന്ത്രിയായതോടെ മലക്കംമറിഞ്ഞു. നികുതി വേണ്ടെന്നുവയ്‌ക്കാൻ താൻ മണ്ടനാണോ എന്ന്‌ ചൊവ്വാഴ്‌ച മുഖ്യമന്ത്രി നിയമസഭയിൽ ചോദിച്ചു.


ഇന്ധനവില വർധനയും അതുമൂലമുള്ള കടുത്ത വിലക്കയറ്റവും സഭാനടപടി നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ മറുപടി. ഇന്ധനവില നിരന്തരം കൂട്ടുന്നതിലുള്ള അനിശ്‌ചിതത്വംകൊണ്ടാണ്‌ ഇടപെടൽ വൈകുന്നതെന്ന വിചിത്രമായ ന്യായീകരണവുമുണ്ടായി.


ഇന്ധന വിലവർധനയും വിലക്കയറ്റവും രൂക്ഷമായ പ്രതിസന്ധിയും അവതരിപ്പിച്ച പ്രതിപക്ഷം അധികാരം കിട്ടിയപ്പോൾ വി ഡി സതീശൻ സ്വീകരിക്കുന്ന ഇരട്ടത്താപ്പ്‌ തുറന്നുകാട്ടി. അധികനികുതി ഒഴിവാക്കണമെന്ന്‌ പ്രതിപക്ഷത്തിരുന്നപ്പോൾ നിരന്തരം ആവശ്യപ്പെട്ട സതീശൻ, പഴയ വാക്ക്‌ പാലിക്കാൻ തയ്യാറുണ്ടോ എന്ന്‌ പ്രതിപക്ഷം ചോദിച്ചു. കെ എൻ ബാലഗോപാലാണ്‌ അടിയന്തര പ്രമേയത്തിന്‌ അനുമതി തേടിയത്‌.


മെയ്‌ 15 മുതൽ നാലുവട്ടം പെട്രോൾ– ഡീസൽ വില വർധിച്ചെന്നും ഇനിയും വർധിക്കുമെന്നാണ്‌ സൂചനയെന്നും ആഘാതം പരിശോധിക്കാൻ കുറച്ചു ദിവസംകൂടി കാത്തിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലവർധന നിന്നിട്ട്‌ ചർച്ചചെയ്യാമെന്ന്‌ പറയുന്നത്‌ ശരിയല്ലെന്ന്‌ ബാലഗോപാൽ മറുപടി നൽകി. കണക്ക്‌ കൂട്ടാൻ ബുദ്ധിമുട്ടില്ല. നികുതി ഒഴിവാക്കണമെന്ന്‌ മുമ്പ്‌ നിരന്തരം പറഞ്ഞിരുന്നയാൾ അത്‌ ചെയ്യേണ്ടത്‌ ജനങ്ങളോട്‌ കാണിക്കേണ്ട മര്യാദയാണ്‌ –ബാലഗോപാൽ പറഞ്ഞു.


മറുപടി പറഞ്ഞ മുഖ്യമന്ത്രി ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്രനടപടിയെക്കുറിച്ച്‌ മിണ്ടിയില്ല. മറുപടിയെതുടർന്ന്‌ അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചു. തുടർന്ന്‌ പ്രതിപക്ഷം ഇറങ്ങിപ്പോയി. നേരത്തെ പറഞ്ഞ അതേ വാചകങ്ങളിൽ മുഖ്യമന്ത്രി ഉറച്ചുനിൽക്കുന്നുണ്ടോ എന്നാണ്‌ അറിയേണ്ടതെന്നും അന്ന്‌ പറഞ്ഞത്‌ പാലിക്കാൻ തയ്യാറുണ്ടോ എന്നതാണ്‌ പ്രശ്‌നമെന്നും വാക്ക‍ൗട്ട്‌ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ പറഞ്ഞു.

1200 കോടി കീശയിലാക്കാൻ നീക്കം


രണ്ടാഴ്‌ചയ്‌ക്കിടെ നാലുതവണയായി എട്ട് രൂപയോളമാണ്‌ പെട്രോ, ഡീസൽ വില വർധിപ്പിച്ചത്‌. അധികനികുതി വരുമാനമായി 1200 കോടി രൂപ ലഭിക്കും. അധികവരുമാനം സംസ്ഥാനം വേണ്ടെന്നുവച്ചാൽ ലിറ്റിറിന്‌ രണ്ടര രൂപ കുറയും. പെട്രോളിന്‌ ലിറ്ററിന്‌ 30.08 ശതമാനവും ഡീസലിന്‌ 22.76 ശതമാനവുമാണ്‌ സംസ്ഥാന വിൽപ്പന നികുതി. വാണിജ്യാവശ്യ പാചകവാതകവില ഇരട്ടിയിലധികമാണ്‌ വർധിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home