print edition ആർഎസ്‌എസിലേക്ക് പാലമായി ബി അശോക്; നിയമനം ഡീലിന്റെ ഭാഗം

ബി അശോക്
റഷീദ് ആനപ്പുറം
Published on Jun 10, 2026, 07:50 AM | 1 min read
തിരുവനന്തപുരം: മോദി ഭക്തനും സംഘപരിവാർ ഇഷ്ടക്കാരനുമായ ബി അശോകിനെ ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചതിനുപിന്നിൽ ആർഎസ്‌എസ് ഇടപെടൽ. മോദിക്കും സതീശനും ഇടയിലെ പാലമാകും ഇനി അശോക്. പി എം ശ്രീ, എം ജി സർവകലാശാലയിൽ ആർഎസ്‌എസുകാരനെ വിസിയാക്കിയത്, സെനറ്റിൽ സംഘപരിവാറുകാരെ കുത്തിനിറച്ചത് എന്നിവ അശോകിന്റെ നിയമനത്തിനൊപ്പം ചേർത്തുവായിക്കണം.
ആർഎസ്‌എസ് അജൻഡയ്ക്ക് ചുക്കാൻപിടിക്കുന്ന ലോക്‌ഭവനുമായും അശോകിന് നല്ല ബന്ധമാണ്. കഴിഞ്ഞ സർക്കാരിനെയും മുഖ്യമന്ത്രിയെയും നിരന്തരം വിമർശിച്ചതിന് സസ്‌പെൻഷനിലായിരുന്നു. തിരിച്ചെടുത്തയുടൻ പ്രധാനസ്ഥാനം നൽകിയത് സതീശന്റെ സംഘപരിവാർ–മംഗളൂരു ഡീലിന്റെ ഭാഗം. മെയ് 10നാണ് ചാർട്ടേർഡ് വിമാനത്തിലെത്തി സതീശൻ അദാനി ഗ്രൂപ്പിന്റെ ഉന്നതനൊപ്പം കർണാടകത്തിലെ എൻഡിഎ നേതാക്കളെ കണ്ടത്. പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായുമായും ചർച്ച നടത്തി.
സംഘപരിവാർ അനുകൂലിയാണ് അശോകെന്ന് സതീശന് അറിയാം. 2013ൽ മോദിയുടെ ശിവഗിരി സന്ദർശനത്തെ അനൂകൂലിച്ച് അശോക് കേരളകൗമുദിയിൽ എഴുതിയ ലേഖനം വിവാദമായിരുന്നു. രാജീവ് ഗാന്ധിയെയും സോണിയയെയും അതിൽ വിമർശിച്ചു. അന്ന് യുഡിഎഫ് സർക്കാർ അശോകിനെ സസ്‌പെൻഡ് ചെയ്‌തു. അത്തരം ഒരാൾക്കാണ് ഇപ്പോൾ താക്കോൽസ്ഥാനം നൽകിയത്.
കേരള കാർഷിക സർവകലാശാല വിസി ആയിരിക്കെ, നിയമസഭ പാസാക്കിയ കൃഷി ബില്ലിൽ ഒപ്പിടരുതെന്ന് കാണിച്ച് അദ്ദേഹം ഗവർണർക്ക് കത്തയച്ചിരുന്നു. ബിൽ നിയമവിരുദ്ധമാണ് എന്നാണ് കത്തിൽ പറഞ്ഞത്. യുജിസി മാനദണ്ഡമനുസരിച്ചുള്ള യോഗ്യതയില്ലാഞ്ഞിട്ടും കാർഷിക സർവകാലാശാല വിസിയാകാൻ അശോകിനായി ചാൻസലറായ ഗവർണർ പ്രത്യേകം ഇടപെട്ടതും വിവാദമായിരുന്നു. അഗ്രിക്കൾച്ചറൽ പ്രൊഡക്‌ഷൻ കമീഷണർക്ക് വിസിയുടെ ചുമതല നൽകി എന്നത്, ബി അശോകിന് ചുമതല നൽകി എന്നാക്കി ഗവർണർ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകുകയായിരുന്നു.










0 comments