ദേശീയ എഐ ഗ്രാൻഡ് ചലഞ്ചിൽ ശ്രദ്ധേയമായി മലയാളി സ്റ്റാർട്ടപ്പ്; ഹിറ്റാണ് സാർടെക് ലാബ്സ്

ന്യൂഡൽഹി: നാഷണൽ ക്രിട്ടിക്കൽ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ പ്രൊട്ടക്ഷൻ സെന്ററും സ്റ്റാർട്ടപ്പ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ദേശീയ എഐ ഗ്രാൻഡ് ചലഞ്ചിൽ വടകര സ്വദേശിനിയുടെ സ്റ്റാർട്ടപ്പിന് അഭിമാന നേട്ടം.
സരിഗ പ്രേമാനന്ദ് സ്ഥാപകയായ വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സാർടെക് ലാബ്സ്' ആണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ഈ വലിയ അംഗീകാരം സ്വന്തമാക്കിയത്. ആധുനിക നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് സങ്കീർണ്ണമായ രേഖകളിൽ നിന്ന് വിവരങ്ങൾ അതിവേഗം കണ്ടെത്തുന്ന 'ഇൻഫർമേഷൻ റിട്രീവൽ സിസ്റ്റം' വികസിപ്പിച്ചതിനാണ് പുരസ്കാരം.
മത്സരത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയ സാർടെക് ലാബ്സ്, വലിയ തുകയുടെ ഗ്രാന്റും പ്രൈസ് മണിയും സ്വന്തമാക്കി. ഐഐടി ഡൽഹിയിൽ നടന്ന മത്സരത്തിന്റെ നിർണ്ണായകമായ ഘട്ടത്തിൽ സാർടെക് ലാബ്സിനെ പ്രതിനിധീകരിച്ച് ടീം അംഗങ്ങളായ ശ്രീഹരിയും വിഷ്ണുവും പങ്കെടുത്തു. രാജ്യത്തെ പ്രമുഖ സാങ്കേതിക വിദഗ്ധർക്കും ജൂറി അംഗങ്ങൾക്കും മുന്നിൽ തങ്ങളുടെ എഐ സംവിധാനം വിജയകരമായി അവതരിപ്പിച്ചാണ് ഇവർ വിജയികളായത്.
സാർടെക് ലാബ്സ് പ്രധാനമായും രണ്ട് മേഖലകളിലാണ് പ്രവർത്തിക്കുന്നത്. ആഗോള എഐ വിദഗ്ധരുടെ സഹായത്തോടെ നിർമിതബുദ്ധി സാങ്കേതികവിദ്യകൾ മലയാളത്തിൽ പഠിപ്പിക്കുന്ന എഡ്‌ടെക് പ്ലാറ്റ്‌ഫോമാണ് (www.sartechlabs.com) ഇതിൽ പ്രധാനം. കൂടാതെ, വിവിധ കമ്പനികൾക്ക് എഐ സാങ്കേതികവിദ്യ ഫലപ്രദമായി നടപ്പിലാക്കാൻ ആവശ്യമായ 'എഐ അഡോപ്ഷൻ' സേവനങ്ങളും ഇവർ നൽകുന്നുണ്ട്.
രാജ്യത്തെ പ്രധാനപ്പെട്ട വിവരശേഖരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തദ്ദേശീയമായ എഐ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഈ മത്സരം സംഘടിപ്പിച്ചത്. കടുത്ത മത്സരത്തിനൊടുവിൽ ഒന്നാം ഘട്ടത്തിൽ വിജയികളായ സാർടെക് ലാബ്സ്, പദ്ധതിയുടെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്.
കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്തിട്ടുള്ള സാർടെക് ലാബ്സ്, സ്റ്റാർട്ടപ്പ് മിഷന്റെ തന്നെ സ്ത്രീ സംരംഭകർക്കായുള്ള 'വി ഗ്രോ' പദ്ധതിയിലെ വിജയികൾ കൂടിയാണ്.










0 comments