വിജയത്തിൽ നിലവിട്ട് 'സംഘി കോൺഗ്രസ്': സ്വരാജിനെ പരിഹസിക്കാൻ വികല അനുകരണം

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നിലവിട്ട പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. ബാബ്റി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം നിർമിക്കണമെന്ന സുപ്രീംകോടതി വിധിവന്നപ്പോൾ എം സ്വരാജ് ഫേസ്ബുക്കിൽ നടത്തിയ പ്രതികരണത്തെ പരിഹസിച്ചാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് വിജയം കോൺഗ്രസ് നേതാക്കൾ ‘ആഘോഷമാക്കുന്നത്’. ബിജെപിയിൽ നിന്നും കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യർക്കൊപ്പം മാത്യു കുഴൽ നാടൻ എം എൽ എ ഉൾപ്പെടെയുള്ളവരും ഹിന്ദുത്വ വർഗീയ വാദികളെ സന്തോഷിപ്പിക്കാൻ നിലമ്പൂർ തെരഞ്ഞെടുപ്പ് വിജയം മറയാക്കുന്നു.
“വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ” എന്നാണ് 2019 നവംബർ 9ന് സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിനെതിരെ അന്ന് ബിജെപി വലിയ ആക്ഷേപം നടത്തി. അന്ന് ബിജെപിയുടെ സംസ്ഥാന വക്താവായിരുന്ന സന്ദീപ് വാര്യരുടെ നേതൃത്വത്തിലായിരുന്നു അധിക്ഷേപ പ്രചരണം. എന്നാൽ പോസ്റ്റ് പിൻവലിച്ചില്ലെന്ന് മാത്രമല്ല, തന്റെ നിലപാട് സ്വരാജ് പലവേദികളിലായി ഉറക്കെപറയുകയും ചെയ്തു.
ഹിന്ദുത്വ വാദികളെ പ്രകോപ്പിച്ച ആ പോസ്റ്റിനെ പരിഹസിച്ചാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. സത്യാനന്തരകാലത്ത് ഇതിൽനിന്ന് മറിച്ചൊരു ജനവിധി നിങ്ങൾ പ്രതീക്ഷിച്ചിരുന്നുവോ നിഷ്കളങ്കരെ എന്ന് ഇന്നത്തെ കോൺഗ്രസ് പ്രവർത്തകൻ സന്ദീപ് വാര്യരും വർത്തമാനകാല കേരളത്തിൽ മറിച്ചൊരു ജനവിധി നിങ്ങൾ പ്രതീക്ഷിച്ചിരുന്നുവോ നിഷ്കളങ്കരേ എന്നാണ് മാത്യൂ കുഴൽനാടനും കുറിച്ചിരിക്കുന്നത്.
അയോധ്യയിൽ പുരാതനമായ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമ ക്ഷേത്രം പണിയാൻ കേന്ദ്ര സർക്കാരിന് പൂർണ അനുമതി നൽകിയ വിധിയാണ് 2019 നവംബർ 9ന് സുപ്രീംകോടതി പുറപ്പെടുവിച്ചത്. 1992 ഡിസംബർ ആറിനാണ് ഹിന്ദുത്വ സംഘടനകൾ ബാബ്‌റി മസ്ജിദ് തകർത്തത്. പി വി നരസിംഹ റാവുവിന്റെ കോൺഗ്രസ് സർക്കാർ നോക്കിനിൽക്കേ ആർഎസ്എസിന്റെ കാർമികത്വത്തിൽ ബാബ്റി മസ്ജിദ് തകർക്കുകയായിരുന്നു.
കോൺഗ്രസ് നേതാക്കളുടെ 'സംഘി മനോഭാവ'മാണ് പോസ്റ്റുകളിലൂടെ വ്യക്തമാകുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. സന്ദീപിന്റെയും കുഴൽനാടന്റെയും പ്രതികരണങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.








0 comments