print edition സംഗീത നാടക അക്കാദമി ഭരണസമിതിയായില്ല ; അന്താരാഷ്‌ട്ര നാടകോത്സവം അനിശ്ചിതത്വത്തിൽ

തൃശൂർ : യുഡിഎഫ് സർക്കാർ അധികാരത്തിലേറി രണ്ട് മാസം കഴിഞ്ഞിട്ടും സംഗീത നാടക അക്കാദമി ഭരണസമിതിയെ നിശ്‌ചയിക്കാത്തതിനാൽ അന്താരാഷ്‌ട്ര നാടകോത്സവം (ഇറ്റ്‌ഫോക്ക്) നടത്തിപ്പ് അനിശ്ചിതത്വത്തിൽ. ജൂണിൽ നാടകോത്സവത്തിന്റെ സംഘാടനപ്രവർത്തനങ്ങളിലേക്ക് കടക്കേണ്ടതാണ്. എന്നാൽ സെക്രട്ടറിയും ചെയർമാനും ഇല്ലാത്തതിനാൽ ഒരു നടപടിയും സ്വീകരിക്കാനാവാത്ത അവസ്ഥയാണ്.
ഇറ്റ്‌ഫോക്കിലേക്ക് നാടകങ്ങൾ ക്ഷണിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കേണ്ട സമയമായി. ലഭിക്കുന്ന അപേക്ഷകളിൽനിന്ന് നാടകങ്ങൾ തെരഞ്ഞെടുക്കാനുള്ള ജൂറിയെ നിശ്‌ചയിക്കണം. ഇൗ പ്രവർത്തനങ്ങൾ ആഗസ്‌തിൽ പൂർത്തിയാകാറുണ്ട്. ശരാശരി 250 നാടകങ്ങളാണ് അവതരണത്തിനായി അപേക്ഷിക്കാറുള്ളത്. ഇവയുടെ വീഡിയോ കണ്ടശേഷം വേണം നാടകങ്ങൾ തെരഞ്ഞെടുക്കാൻ. തുടർന്ന് വിദേശ സംഘങ്ങളുടെ യാത്രയടക്കമുള്ള വലിയ കടന്പകളാണുള്ളത്.
മുൻവർഷങ്ങളിൽ വിദേശ നാടകങ്ങളും നാടകപ്രവർത്തകരും എത്തുന്നതിൽ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. യാത്രാരേഖകൾ ശരിയാക്കുന്നതിനുതന്നെ മാസങ്ങളാണ് വേണ്ടിവന്നത്. ചുരുങ്ങിയത് അഞ്ച്‌മാസം മുന്പെങ്കിലും വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാറുണ്ട്. അല്ലാത്ത പക്ഷം വലിയ നിരക്ക് വർധനയുണ്ടാകും. ഇത് ഇറ്റ്‌ഫോക്കിന്റെ ബജറ്റിനെത്തന്നെ താളം തെറ്റിക്കും. സാന്പത്തിക വർഷത്തിന്റെ ആദ്യപാദം പിന്നിട്ടിട്ടും അക്കാദമി പ്ലാൻ ഫണ്ടിനെക്കുറിച്ച് ധാരണയായിട്ടില്ല. തീരുമാനമെടുക്കുന്പോഴേയ്‌ക്കും സെപ്‌തംബർ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അക്കാദമിയുടെ പ്രവർത്തനങ്ങളെയാകെ ബാധിച്ചിട്ടുണ്ട്. പുതിയ ഭരണസമിതി വന്നശേഷം അവരുടെ താൽപ്പര്യങ്ങൾകൂടി പരിഗണിച്ച് മാത്രമേ ഇറ്റ്‌ഫോക്ക് നടത്താൻ കഴിയൂ.
കഴിഞ്ഞ ഇറ്റ്‌ഫോക്കിന്റെ സമാപന ദിവസംതന്നെ അടുത്ത പതിപ്പിന്റെ തീയതി പ്രഖ്യാപിച്ച് പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. 17–ാം പതിപ്പ് 2027 ജനുവരി 24 മുതൽ 31വരെയാണ് പ്രഖ്യാപിച്ചിരുന്നത്. മൂന്നംഗ ഡയറക്ടറേറ്റിനെയും തെരഞ്ഞെടുത്തിരുന്നു. സർക്കാർ മാറ്റത്തെത്തുടർന്ന് തുടർച്ച ഉണ്ടായില്ല. അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായ എം ബി ശുഭയ്‌ക്ക് അക്കാദമി സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കയാണ്. പക്ഷേ, നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി വേണം. പുതിയ ഭരണസമിതി വന്നശേഷം മാത്രം തീരുമാനങ്ങളെടുത്താൽ മതിയെന്ന് സാംസ്‌കാരിക സ്ഥാപനങ്ങളെ സർക്കാർ അറിയിച്ചിട്ടുമുണ്ട്. ഇത് അക്കാദമിയുടെ പ്രവർത്തനങ്ങൾ സ്‌തംഭിപ്പിക്കുകയാണ്.










0 comments