'നാടിന്റെ ശത്രു, വർഗീയവാദി വാര്യരെ തവനൂരിന് വേണ്ട'; സ്വാഗതം ചെയ്തുള്ള ഫ്ളക്സിൽ സന്ദീപ് വാര്യർക്കെതിരെ പ്രതിഷേധ പോസ്റ്റർ

സന്ദീപ് വാര്യർക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്റർ
മലപ്പുറം: തവനൂരിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച സന്ദീപ് വാര്യർക്കെതിരെ പരസ്യ പ്രതിഷേധം. സന്ദീപ് വാര്യരെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ളക്സ് ബോർഡിന് മുകളിലാണ് പ്രതിഷേധ പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. 'ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവച്ച് കൊന്നു എന്നുപറഞ്ഞ വർഗീയവാദി വാര്യരെ ഈ നാടിനുവേണ്ട' എന്നാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട വാചകം.
പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ് സന്ദീപ് വാര്യരെ സ്വാഗതം ചെയ്‌ത് ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചത്. മുസ്ലീം സമുദായത്തെ കഴുത്തിൽ ടയറിട്ട് കത്തിക്കണം എന്നും മുസ്ലീം ലീഗ് ചത്ത കുതിരയാണെന്നും വർഗീയവാദികളാണ് മുസ്ലീം ലീഗുകാരെന്നും പറഞ്ഞ മതപ്രാന്തൻ സന്ദീപ് വാര്യരെ തവനൂരിലേക്ക് വേണ്ട എന്നും പോസ്റ്ററിലുണ്ട്.
തവനൂരിലെ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പേയാണ് സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ഫളക്സ് ബോർഡ് സ്ഥാപിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയാണ് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്. ബിജെപിയിൽ നിലനിൽക്കെയാണ് സന്ദീപ് വാര്യർ മുസ്ലീം ലീഗിനെതിരായ വർഗീയ പരാമർശങ്ങൾ നടത്തിയത്.










0 comments