വീണ്ടും 'കേരള മോഡൽ' തിളക്കം; 2014-2024 ഘട്ടത്തിൽ ശിശുമരണ നിരക്ക് ഒറ്റയക്കത്തിലാക്കിയ ഏക വലിയ സംസ്ഥാനം

പ്രതീകാത്മക ചിത്രം
ഡല്‍ഹി: ഇന്ത്യ വലിയൊരു ജനസംഖ്യാപരമായ പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് വ്യക്തമാക്കി സാമ്പിൾ രജിസ്ട്രേഷൻ സർവേ 2024 റിപ്പോർട്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ (2014-2024) രാജ്യത്തെ ജനന നിരക്ക് കുറയുകയും മരണ നിരക്കിൽ നേരിയ കുറവുണ്ടാകുകയും ചെയ്തപ്പോൾ, ശിശുമരണ നിരക്കിൽ വലിയ ഇടിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തെ ജനന നിരക്ക്—അതായത് പ്രതിവർഷം ആയിരം പേർക്ക് എത്ര ജീവനുള്ള ജനനങ്ങൾ എന്നത് 2014-ലെ 21-ൽ നിന്ന് 2024-ൽ 18.3 ആയി കുറഞ്ഞു. അതേസമയം മരണ നിരക്ക് (ആയിരം പേർക്ക് എത്ര മരണം) 6.7-ൽ നിന്ന് 6.4 ആയി കുറഞ്ഞിട്ടുണ്ട്. ആയിരം ജീവനുള്ള ജനനങ്ങളിൽ സംഭവിക്കുന്ന മരണങ്ങളുടെ എണ്ണമായി കണക്കാക്കുന്ന ശിശുമരണ നിരക്ക് 39-ൽ നിന്ന് 24 ആയി കുറഞ്ഞു.
ഈ പതിറ്റാണ്ടിൽ ഗ്രാമീണ മേഖലയിലെ ജനന നിരക്ക് 22.7-ൽ നിന്ന് 20.2 ആയി കുറഞ്ഞപ്പോൾ, നഗരപ്രദേശങ്ങളിൽ ജനന നിരക്ക് 17.4-ൽ നിന്ന് 14.7 ആയി കുറഞ്ഞു. ഗ്രാമീണ മേഖലയിലെ മരണ നിരക്ക് 2014-നും 2024-നും ഇടയിൽ 7.3-ൽ നിന്ന് 6.8 ആയി കുറഞ്ഞു. എന്നാൽ നഗരങ്ങളിൽ ഇത് 2014-ൽ 5.5 ആയിരുന്നത് 2024-ൽ 5.6 ആയി നേരിയ തോതിൽ വർധിച്ചു.
നഗരപ്രദേശങ്ങൾ കൈവരിച്ച നേട്ടങ്ങളിൽ ഏറ്റവും പ്രധാനം ശിശുമരണ നിരക്കിലെ കുറവാണ്. നഗരങ്ങളിൽ ഇത് ആയിരം ജീവനുള്ള ജനനങ്ങൾക്ക് 26 മരണങ്ങൾ എന്നതിൽ നിന്നും 9 പോയിന്റ് കുറഞ്ഞ് 17 ആയി മാറി. അതേസമയം, ഗ്രാമീണ മേഖലകളിൽ ഇതേ കാലയളവിൽ ശിശുമരണ നിരക്ക് 43-ൽ നിന്ന് 16 പോയിന്റ് കുറഞ്ഞ് 27 ആയി.
ഈ കണക്കുകളിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളും വളരെ പ്രകടമാണ്. ഈ മേഖലകളിലെല്ലാം മികച്ച കണക്കുകളുമായി കേരളമാണ് മുന്നിൽ നിൽക്കുന്നത്. ജനന-മരണങ്ങൾ മൂലം ഒരു ജനസംഖ്യയിലുണ്ടാകുന്ന വർധനയോ കുറവോ ശതമാനത്തിൽ കണക്കാക്കുന്ന സ്വാഭാവിക വളർച്ചാ നിരക്ക് ഏറ്റവും കുറവുള്ളത് കേരളത്തിലാണ് (3.9). കൂടാതെ, രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ളതും (8) കേരളത്തിലാണ്. ഇത് ഒറ്റയക്കത്തിലുള്ള രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്.
കണക്കുകളിൽ തമിഴ്‌നാടാണ് രണ്ടാമത്. അവിടെ വളർച്ചാ നിരക്ക് 4.8-ഉം ശിശുമരണ നിരക്ക് 11-ഉം ആണ്. ചെറിയ സംസ്ഥാനങ്ങളിൽ ഗോവ- 4.2 വളർച്ചാ നിരക്ക്, 11 ശിശുമരണ നിരക്ക്, കേന്ദ്രഭരണ പ്രദേശങ്ങളിൽ ആൻഡമാൻ നിക്കോബാർ ദ്വീപ്- 4.1 വളർച്ചാ നിരക്ക്, 9 ശിശുമരണ നിരക്ക് എന്നിങ്ങനെയാണ് കണക്കുകൾ.










0 comments