വെൽഫെയർ പാർടിയുമായി നീക്കുപോക്കുണ്ടാക്കി: സാദിഖലി തങ്ങൾ
print edition സാദിഖലി തങ്ങൾ വാക്ക് പാലിക്കാത്തയാളെന്ന് ; പാരമ്പര്യം പറഞ്ഞ് പേടിപ്പിക്കേണ്ടെന്നും സമസ്‌ത

കോഴിക്കോട്
മുസ്ലിംലീഗിനെയും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളെയും നിശിതമായി വിമർശിച്ച് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ നേതൃത്വം. ഭരണഘടനയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് ലീഗ് വാങ്ങുന്നത് അംഗീകരിക്കാനാകില്ലെന്ന് സമസ്‌ത വ്യക്തമാക്കി.
മുജാഹിദുകളുടെ വോട്ട് വാങ്ങിയാലും മൗദൂദികളുമായി ബന്ധം പാടില്ല. നബിയുടെ പാരമ്പര്യം മാത്രം പോരെന്നും വിശ്വാസത്തില്‍നിന്ന് വഴി പിഴയ്‌ക്കരുതെന്നും ലീഗിനെയും സാദിഖലിയെയും സമസ്‌ത ഓർമിപ്പിച്ചു. സമസ്‌ത മുശാവറ അംഗം ഉമർ ഫൈസി മുക്കമാണ് സാദിഖലി തങ്ങളുടെ നിലപാടുകൾ എടുത്തുപറഞ്ഞ് വിമർശിച്ചത്. മലപ്പുറം കൊണ്ടോട്ടിക്കടുത്ത് വെട്ടുകാട് വ്യാഴാഴ്‌ച സമസ്‌ത സെന്റിനറി പ്രചാരണയോഗത്തിലായിരുന്നു വിമർശം.
കോ–ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) വിഷയത്തിലടക്കം സമസ്‌തയുമായുണ്ടാക്കിയ ധാരണയും പറഞ്ഞ വാക്കും സാദിഖലി തങ്ങൾ പാലിച്ചിട്ടില്ലെന്ന് ഉമർ ഫൈസി ഓർമിപ്പിച്ചു. മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പ്രസ്ഥാനങ്ങളുമായും പാണക്കാട് തങ്ങന്മാര്‍ സഹകരിക്കുന്നു. വഴിപിഴച്ചവരുമായി കൂട്ട് പാടില്ല. പാരന്പര്യം പറഞ്ഞ് സമസ്‌തയെ പേടിപ്പിക്കേണ്ട.
ബാഫഖി തങ്ങളും പൂക്കോയ തങ്ങളും മുഹമ്മദലി തങ്ങളും ഹൈദരലി തങ്ങളുമെല്ലാം സമസ്‌തയെ മാനിച്ചും അംഗീകരിച്ചുമാണ് പ്രവർത്തിച്ചത്. സമസ്‌ത പ്രമേയം അതേപടി ലീഗ് കമ്മിറ്റിയിൽ നടപ്പാക്കിച്ചതാണ് ബാഫഖി തങ്ങളുടെ പാരന്പര്യം.
ഇൗയടുത്ത് സമസ്‌തയുടെ ഫണ്ട് ശേഖരണം പൊളിക്കാനും ലീഗ് ശ്രമിച്ചു. ജിഫ്രി തങ്ങൾ നയിച്ച കേരളയാത്രയുടെ ഉദ്‌ഘാടന ചടങ്ങിൽനിന്ന് സാദിഖലി തങ്ങൾ വിട്ടുനിന്നതും മുഖപത്രമായ സുപ്രഭാതത്തെ തകർക്കാൻ ശ്രമിക്കുന്നതുമടക്കം സമസ്‌തവിരുദ്ധ നീക്കങ്ങളെല്ലാം വിശദമാക്കിയ ഉമർ ഫൈസിയുടെ പ്രസംഗം ലീഗ് നേതാക്കളെ അസ്വസ്ഥരാക്കുന്നതാണ്.
കഴിഞ്ഞവർഷം സമസ്‌തക്കെതിരെ സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ പാണക്കാട് ഖാസി ഫൗണ്ടേഷൻ രൂപീകരിച്ച വേളയിൽ ഉമർ ഫൈസി നടത്തിയ വിമർശവും വിവാദമായിരുന്നു. ഇതിന്റെ പേരിൽ ഉമർ ഫൈസിയെ മുശാവറയിൽനിന്ന് പുറത്താക്കാൻ ലീഗ് സമ്മർദം ചെലുത്തിയെങ്കിലും സമസ്‌ത പ്രസിഡന്റ് ജിഫ്രി തങ്ങളടക്കം തള്ളുകയായിരുന്നു.
വെൽഫെയർ പാർടിയുമായി നീക്കുപോക്കുണ്ടാക്കി : സാദിഖലി തങ്ങൾ
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയരൂപമായ വെൽഫെയർ പാർടിയുമായി തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ നീക്കുപോക്ക് ഉണ്ടായിട്ടുണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നീക്കുപോക്ക് അവസാനിച്ചു. സഖ്യം എവിടെയും ഉണ്ടായിട്ടില്ല. നാലു വോട്ടിനുവേണ്ടി, മതേതരത്വത്തിനെതിരായ നിലപാടിലേക്ക് ലീഗ് പോകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.










0 comments