print edition സമസ്‌ത ജനറൽ സെക്രട്ടറിയെച്ചൊല്ലി കലഹം; മുശാവറയിൽ തീരുമാനമായില്ല

കോഴിക്കോട്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയിൽ പുതിയ ജനറൽ സെക്രട്ടറിയെ തീരുമാനിക്കുന്നതിൽ തർക്കം. തിങ്കളാഴ്‌ച ചേർന്ന കേന്ദ്ര മുശാവറ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ജനറൽ സെക്രട്ടറി കെ ആലിക്കുട്ടിമുസ്ല്യാർ ജൂലൈ 23ന് മരിച്ചതിനെതുടർന്നാണ് ഇക്കാര്യം ചർച്ചയായത്.
മുശാവറ യോഗത്തിൽ മുസ്ലിംലീഗ് നിർദേശിച്ച പണ്ഡിതരെ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളടക്കമുള്ളവർ അംഗീകരിച്ചില്ല. ലീഗും സമസ്‌ത നേതൃത്വവുമായുള്ള ഭിന്നത ശക്തമാകുന്നതിന്റെ സൂചനയാണിത്.
ജനറൽ സെക്രട്ടറിയായി ജോയിന്റ് സെക്രട്ടറി എം ടി അബ്ദുള്ള മുസ്ല്യാർ, ട്രഷറർ കോയ്യോട് പി പി ഉമ്മർ മുസ്ല്യാർ എന്നിവർക്കുവേണ്ടി ലീഗ് അനുകൂലികൾ വാദിച്ചു. മുതിർന്ന പണ്ഡിതനായ കോട്ടുമല മൊയ്‌തീൻകുട്ടി മുസ്ല്യാർക്കായി ഒൗദ്യോഗികവിഭാഗം നിലകൊണ്ടു.
യോജിപ്പിലെത്താത്തതിനാൽ തീരുമാനം അടുത്ത മുശാവറയിലേക്ക് മാറ്റി. എം ടി അബ്ദുള്ളമുസ്ല്യാർക്ക് ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകി.സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ പശ്‌ചാത്തലത്തിൽ ലീഗുമായി ചേർന്നുനിൽക്കുന്നവർ ജനറൽ സെക്രട്ടറിയാകണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. മുശാവറയിലെ ഒഴിവിലേക്ക് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിലും തീരുമാനമായില്ല.










0 comments