ലീഗേ, ജമാഅത്തെയെ വിശ്വസിക്കല്ലേ ; വീണ്ടും ഓർമിപ്പിച്ച് സമസ്‌ത

കോഴിക്കോട് : മതരാഷ്‌ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയെ വിശ്വസിക്കരുതെന്ന് മുസ്ലിംലീഗിനെ ആവർത്തിച്ച് ഓർമിപ്പിച്ച് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ. ജമാഅത്തെ യുവജനസംഘടനയായ സോളിഡാരിറ്റി വഖഫ്‌ഭേദഗതി നിയമത്തിനെതിരെ നടത്തിയ സമരത്തിൽ മുസ്ലിം ബ്രദർഹുഡ് നേതാക്കളുടെ ചിത്രം ഉപയോഗിച്ചത് സൂചിപ്പിച്ചാണ് വിമർശം. യുഡിഎഫിന്റെ പുറത്തെചെരുവിൽ വെൽഫെയർ പാർടിക്ക് (ജമാഅത്തെയുടെ രാഷ്‌ട്രീയപാർടി) ഒരു പായവിരിക്കാൻ അർധസമ്മതം നൽകിയതോടെയാണ് ലീഗിനെതിരായ വെള്ളം അവർ ഇറക്കിവച്ചത്. അതുവരെയായി ലീഗിനായി ചെയ്‌ത ‘സംഭാവനകൾ’ മറക്കാവതല്ല. മാറാട് കലാപത്തിലെ പ്രതികൾ ലീഗുകാരാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചവരാണവർ –-മുഖപത്രമായ ‘സുപ്രഭാത’ത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ സമസ്‌ത, ലീഗുകാരെ ഓർമിപ്പിച്ചു.
ഒരേസമയം മതരാഷ്‌ട്രീയത്തിന്റെയും മതനിരപേക്ഷ രാഷ്‌ട്രീയത്തിന്റെയും കുപ്പായമണിയുന്നവരാണ് ജമാഅത്തെ ഇസ്ലാമി. കേരളത്തിലെ ജമാഅത്തെ ഇസ്ലാമി സമുദായത്തിന്‌വേണ്ടി സ്വീകരിക്കുന്ന നിലപാടുകൾ ഗുണത്തെക്കാളേറെ ദോഷമാണുണ്ടാക്കിയത്. കേന്ദ്ര സർക്കാരിനെതിരായ സമരത്തിൽ സെയ്‌ദ് ഖുത്വുബിന്റെ ഫോട്ടോ ഉപയോഗിച്ചാൽ സംഘപരിവാർ അത് സമരത്തിനെതിരെ തിരിച്ചുവിടുമെന്ന് സാമാന്യ രാഷ്ട്രീയ ധാരണയുള്ളവർക്കെല്ലാം അറിയാം. എന്നാൽ ജമാഅത്തിന് ഈ തിരിച്ചറിവുണ്ടാകാൻ കരിപ്പൂരിൽനിന്ന് കോഴിക്കോട് കടപ്പുറംവരെ എത്തേണ്ടിവന്നു. സോളിഡാരിറ്റി ആവാഹിച്ച ഹസനുൽ ബന്നയുടെയും സെയ്‌ദ് ഖുത്വുബിന്റെയും ആവേശം തൊട്ടടുത്ത ദിവസം കോഴിക്കോട് കടപ്പുറത്ത് ജമാഅത്തെയുടെ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ നടത്തിയ പ്രതിഷേധത്തിൽ അപ്രത്യക്ഷമായി - ‘കരിപ്പൂരിൽനിന്ന് കടപ്പുറത്തേക്കുള്ള ദൂരം’ എന്ന ലേഖനത്തിൽ സമസ്‌ത പറഞ്ഞു.
വേദി പങ്കിട്ട് യുഡിഎഫ് നേതൃത്വം
മുസ്ലിം ബ്രദർഹുഡ് ബന്ധത്തിൽ വിവാദത്തിലകപ്പെട്ട ജമാഅത്തെ ഇസ്ലാമിയുമായി വേദി പങ്കിട്ട് യുഡിഎഫ് കൺവീനർ ഉൾപ്പെടെയുള്ള നേതൃത്വം. ബുധനാഴ്‌ച എറണാകുളം കലൂർ സ്‌റ്റേഡിയത്തിൽ നടന്ന പ്രതിഷേധ ചത്വരം പരിപാടിയാണ് കോൺഗ്രസ്–-മുസ്ലിംലീഗ്–--ജമാഅത്തെ സംഗമവേദിയായത്. വഖഫ് നിയമ ഭേദഗതിക്കെതിരെ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
യുഡിഎഫ് കൺവീനർ എം എം ഹസൻ, മുസ്ലിംലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ജോൺ എന്നിവരും പങ്കാളികളായി. മാവോയിസ്‌റ്റ്–-സിമി ബന്ധമുള്ള സംഘടനകളുടെ നേതാക്കളും പങ്കെടുത്തിട്ടുണ്ട്. ‘വഖഫ് ദേദഗതി നിയമം നിരാകരിക്കുക’ എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. 26ന് കോഴിക്കോട്ടും സംഘടിപ്പിക്കുന്നുണ്ട്.









0 comments