സമ​ഗ്രശിക്ഷ കേരളം ; ഫണ്ട് തരാതെ കേന്ദ്രം , ശമ്പളമില്ലാതെ ജീവനക്കാര്‍

Samagra Siksha Kerala
avatar
ജിബിന സാ​ഗരന്‍

Published on Jun 04, 2025, 02:53 AM | 1 min read


തൃശൂർ

കേന്ദ്ര സർക്കാർ ഫണ്ട് നൽകാത്തതിനെത്തുടർന്ന് ‘സമ​ഗ്രശിക്ഷ കേരളം’ ഉദ്യോ​ഗസ്ഥർക്കും ജീവനക്കാർക്കും ശമ്പളം മുടങ്ങി. പിഎം ശ്രീ ധാരണപത്രത്തിൽ ഒപ്പുവയ്‌ക്കാത്തതിന്റെ പ്രതികാര നടപടിയായാണ് കേന്ദ്രം കേരളത്തിന് ഫണ്ട് നിഷേധിക്കുന്നത്. പദ്ധതിക്ക്‌ 2023–- 24 മുതൽ ലഭിക്കേണ്ട 1504.82 കോടി രൂപ നിലവിൽ തടഞ്ഞുവച്ചിരിക്കുകയാണ്. വിദ്യാഭ്യാസത്തിൽ വർഗീയവൽക്കരണവും സ്വകാര്യവൽക്കരണവും പ്രോത്സാഹിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കേണ്ടി വരുമെന്നതിനാലാണ്‌ പിഎം ശ്രീ ധാരണപത്രത്തിൽ കേരളം ഒപ്പുവയ്‌ക്കാത്തത്‌.


കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിലെ കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് സമഗ്രശിക്ഷ. 60 ശതമാനമാണ് കേന്ദ്രവിഹിതം. ബാക്കി സംസ്ഥാനം വഹിക്കണം. സംസ്ഥാന സർക്കാരിന്റെ വിഹിതം സമയബന്ധിതമായി ലഭ്യമാകുന്നതിനാലാണ് കേരളത്തിൽ പ്രധാന സമ​ഗ്രശിക്ഷ പദ്ധതികൾ മുടങ്ങാത്തത്.


സംസ്ഥാനതല ഉദ്യോ​ഗസ്ഥർ, ജില്ലാ കോ– ഓർഡിനേറ്റർമാർ (14), ജില്ലാ പ്രോജക്ട് ഓഫീസർമാർ (60), ബ്ലോക്ക് പ്രോജക്ട് കോ– ഓർഡിനേറ്റർമാർ (168), പരിശീലകർ (500), സിആർസിമാർ (1344), സ്പെഷ്യലിസ്‌റ്റ്‌ അധ്യാപകർ (600), സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ (2724), ഓഫീസ് സ്‌റ്റാഫ് (800) എന്നിവരടക്കം ഏകദേശം 7,000 പേർ സമ​ഗ്രശിക്ഷ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. സ്‌കൂളുകൾ നേരിട്ട് ശമ്പളം നൽകുന്ന സിആർസിമാർ ഒഴികെയുള്ളവർക്ക് രണ്ടുമാസമായി ശമ്പളമില്ല. ഏപ്രിൽ, മെയ് മാസങ്ങളിലെ ശമ്പളം മുടങ്ങിയതോടെ ദുരിതത്തിലാണ് ജീവനക്കാർ.


പിഎം ശ്രീ ധാരണപത്രത്തിൽ ഒപ്പുവയ്ക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ സാമ്പത്തികവർഷം കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 328.9 കോടി രൂപ കേന്ദ്രം നിഷേധിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home