വിഹിതം തടഞ്ഞ്‌ കേന്ദ്രം ; എസ്‌എസ്‌കെയ്‌ക്ക്‌ 40 കോടി നൽകി
സംസ്ഥാന സർക്കാർ

samagra
വെബ് ഡെസ്ക്

Published on Jul 12, 2025, 03:25 AM | 1 min read


തിരുവനന്തപുരം

അർഹമായ വിഹിതം തടഞ്ഞ്‌ കേന്ദ്രസർക്കാർ ക്രൂരമായി അവഗണിക്കുമ്പോൾ സമഗ്രശിക്ഷ കേരളയ്‌ക്ക്‌ സംസ്ഥാന സർക്കാർ 40 കോടി രൂപ കൂടി അനുവദിച്ചു. ജീവനക്കാരുടെ മെയ് മാസത്തെ ശമ്പളത്തിനുള്ള തുകയും കുട്ടികളുടെ യൂണിഫോമിനുള്ള തുകയും ചേർത്താണ്‌ തുക അനുവദിച്ചത്‌.


കേന്ദ്രവും സംസ്ഥാനവും ചേർന്നാണ്‌ സമഗ്ര ശിക്ഷാ കേരള പദ്ധതി നടപ്പാക്കുന്നത്‌. എന്നാൽ കേരളത്തിലെ 336 സ്‌കൂളുകളെ പിഎം ശ്രീ സ്‌കൂളുകളായി മാറ്റണമെന്ന നിർദേശം കേരളം നടപ്പാക്കാത്തതിന്റെ പേരിലാണ്‌ സംസ്ഥാനത്തിന്‌ നൽകേണ്ട തുക കേന്ദ്രം തടഞ്ഞ്‌വെച്ചത്‌. ഇതോടെ ജീവനക്കാരുടെ ശമ്പളവിതരണമടക്കം പ്രതിസന്ധിയിലായി. ഇതോടെയാണ്‌ സർക്കാർ 40 കോടി രൂപ കൂടി വീണ്ടും അനുവദിച്ചത്‌. മുൻ മാസങ്ങളിലും സംസ്ഥാന സർക്കാർ അധിക തുക അനുവദിച്ചാണ്‌ ഭിന്നശേഷി വിദ്യാർഥികളുടെ വിദ്യാഭ്യാസമടക്കം മുന്നോട്ടുകൊണ്ടുപോയത്‌. 1,500.27 കോടി രൂപയാണ്‌ പൊതുവിദ്യാഭ്യാസ മേഖലയിൽ കേന്ദ്രം സംസ്ഥാനത്തിന്‌ നൽകാനുള്ള കുടിശ്ശിക.


എസ്‌എസ്‌കെ പദ്ധതി വിഹിതമായി ഭരണഘടനാപരമായി കേന്ദ്രം അനുവദിക്കേണ്ട തുകയാണിത്‌. 2023-–-24 അവസാന രണ്ട്‌ ഗഡുവടക്കം ലഭിക്കാനുണ്ട്‌. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിന്‌ അവകാശപ്പെട്ട 513.54 കോടി രൂപയിൽ ഒന്നും ലഭിച്ചില്ല.



ഒരു ബിആർസിയിൽ രണ്ട്‌ സ്‌കൂളുകൾക്ക്‌ കേന്ദ്ര ബ്രാൻഡിങ്‌ നടത്തണം. ഇവയിലെ പാഠ്യപദ്ധതിയടക്കം കേന്ദ്രമാകും തീരുമാനിക്കുക. പൊതുവിദ്യാഭ്യാസ മേഖലയെയും കാവിവൽക്കരിക്കാനുള്ള ശ്രമത്തെ സംസ്ഥാനം തുറന്നെതിർത്തു. ഇതിന്റെ പകപോക്കലായി കേന്ദ്ര –- സംസ്ഥാന പദ്ധതികളിൽ വിഹിതം അനുവദിക്കാതെ സമ്മർദം തുടരുകയാണ്‌. വിഷയത്തിൽ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ്‌ സംസ്ഥാനം.



deshabhimani section

Related News

View More
0 comments
Sort by

Home