ad
Deshabhimani

print edition ഫയൽ 109 ദിവസമായി മുഖ്യമന്ത്രിയുടെ കൈയിൽ: ശമ്പളപരിഷ്‌കരണം തുലാസില്‍ , കമീഷൻ നിശ്‌ചലം

vd satheesan.JPG
avatar
ഒ വി സുരേഷ്‌

Published on Sep 12, 2026, 06:01 AM | 1 min read

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവും സർവീസ്‌ പെൻഷനും പരിഷ്‌കരിക്കുന്നതിനുള്ള ശുപാർശ സമർപ്പിക്കാൻ നിയോഗിച്ച 12ാം കമീഷന്റെ പ്രവർത്തനം സർക്കാര്‍ അനാസ്ഥയിൽ നിലച്ചു. റിപ്പോർട്ട്‌ സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്ന കമീഷന്റെ കത്തടങ്ങിയ ഫയൽ 109 ദിവസമായി ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിടിച്ചുവച്ചിരിക്കുകയാണ്‌. സർക്കാർ ഉത്തരവില്ലാത്തതിനാൽ കമീഷന്‍ അംഗങ്ങൾ ഓഫീസിലെത്തുന്നുമില്ല. ഡെപ്യൂട്ടേഷനിലുള്ള 13 ജീവനക്കാരാണ്‌ ഓഫീസിലുള്ളത്‌.

സംസ്ഥാനത്ത്‌ അഞ്ചര ലക്ഷം സർക്കാർ ജീവനക്കാരും ആറുലക്ഷത്തോളം പെൻഷൻകാരുമാണുള്ളത്‌. എൽഡിഎഫ്‌ സർക്കാർ ഫെബ്രുവരി 23-നാണ് മുൻ ചീഫ്‌ സെക്രട്ടറി വി പി ജോയി അധ്യക്ഷനായ കമീഷനെ നിശ്‌ചയിച്ചത്‌. അഡ്വ. എം രാജഗോപാലൻ നായർ, റിട്ട. അഡീഷണൽ സെക്രട്ടറി ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങളും ധന അഡീഷണൽ സെക്രട്ടറി വി ആർ ശോഭ സെക്രട്ടറിയുമാണ്‌. മൂന്നു മാസത്തിനകം റിപ്പോർട്ട്‌ നല്‍കാനായിരുന്നു നിർദേശം. ജീവനക്കാരിൽനിന്നുൾപ്പെടെ അഭിപ്രായങ്ങൾ കേൾക്കേണ്ടതിനാൽ മെയ്‌ 22ന്‌ കാലാവധി തീരുന്ന കമീഷന്റെ റിപ്പോർട്ട്‌ തയ്യാറാക്കാന്‍ കൂടുതൽ സമയം ചോദിച്ച്‌ ഏപ്രിൽ 24ന്‌ ധനവകുപ്പിന്‌ കത്തുനൽകി. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടമുള്ളതിനാൽ അന്ന് തീരുമാനമുണ്ടായില്ല.

പുതിയ സർക്കാർ അധികാരമേറ്റ ശേഷം കമീഷന്‍ രണ്ടുതവണ കത്തുനൽകി. ഇ‍ൗ ഫയൽ മെയ്‌ 26മുതൽ മുഖ്യമന്ത്രിയുടെ മുന്നിലാണ്‌. സർക്കാർ മാറിയാൽ ശമ്പള കമീഷന്റെ പ്രവർത്തനം അവസാനിപ്പിക്കുന്ന സമീപനം മുൻ സർക്കാരുകളൊന്നും സ്വീകരിച്ചിട്ടില്ല. റിപ്പോർട്ട്‌ സ്വീകരിച്ച്‌ നടപ്പാക്കുന്നതായിരുന്നു രീതി. യുഡിഎഫ്‌ അധികാരത്തിൽ വന്നതോടെ കമീഷൻ അംഗങ്ങളെ മാറ്റാനായിരുന്നു ആദ്യനീക്കം. സാമ്പത്തിക പ്രയാസമെന്നുപറഞ്ഞ്‌ ശമ്പളപരിഷ്‌കരണം പത്തുവർഷത്തിലൊരിക്കലാക്കാനും ആലോചനയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home