print edition 2023ൽ സ്ഥിതി സമാനമായിട്ടും ജനത്തെ ഇരുട്ടത്താക്കിയില്ല: കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ആസൂത്രണത്തിലും ഏകോപനത്തിലുംവന്ന വീഴ്‌ചയാണെന്ന് മുൻ വൈദ്യുതിമന്ത്രി കെ കൃഷ്‌ണൻകുട്ടി. 2023ൽ സംസ്ഥാനത്ത് സമാന സ്ഥിതിയുണ്ടായി. അന്ന് പവർകട്ടില്ലായിരുന്നു. 2020–23ൽ കെഎസ്‌ഇബിയുടെ അണക്കെട്ടുകളിൽ 1,632 ദശലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിക്കാനുള്ള വെള്ളമാണുണ്ടായിരുന്നത്. ഇപ്പോൾ 2,631 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ട്. എന്നിട്ടും പവർകട്ടാണ്. വെള്ളം കൂടുതലുണ്ടായിട്ടും പ്രതിസന്ധിയുണ്ടാകുന്നത് സർക്കാരിന്റെ പിഴവാണ്. അന്ന് 6,080 മെഗാവാട്ടുവരെ ആവശ്യകത ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം 4,850 മെഗാവാട്ട് ആവശ്യംവന്നപ്പോൾതന്നെ ജനത്തെ ഇരുട്ടിലാക്കി. മഴയുള്ള ദിവസവും ചൂടുള്ള ദിവസവും തമ്മിൽ 1000–1200 മെഗാവാട്ടിന്റെ ഡിമാന്റ് വ്യത്യാസം സാധാരണയാണ്.
കെഎസ്‌ഇബി മാനേജ്‌മെന്റ്, മന്ത്രിയുടെ ഓഫീസ്, റെഗുലേറ്ററി കമീഷൻ എന്നിവ തമ്മിൽ ഏകോപനമില്ല. 2023ൽ ഡൽഹിയിൽ പവർ പർച്ചേസ് മീറ്റ് നടത്തി കുറഞ്ഞ വിലയ്‌ക്ക് വൈദ്യുതി എത്തിക്കാൻ ശ്രമം നടന്നു. ഇത്തവണ അത്തരം യോഗം ഉണ്ടായില്ല. 2023 മെയ് 10ന് 465 മെഗാവാട്ടിന്റെ ദീർഘകാല കരാർ റെഗുലേറ്ററി കമീഷൻ റദ്ദാക്കിയപ്പോൾ നടപടിയെടുക്കാൻ സമയം കുറവായിരുന്നു. ഇപ്പോൾ അത്തരം തടസ്സങ്ങൾ ഇല്ലാതിരുന്നിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല.
ഇത്ര ഡിമാൻഡ് വരുമെന്ന് നേരത്തേ അറിയേണ്ടതായിരുന്നു. ആഴ്ചയിൽ ഒരു ദിവസം അവലോകനയോഗം ചേരേണ്ടതാണ്.
മൂന്നുമാസത്തിൽ ആദ്യമായാണ് കഴിഞ്ഞദിവസം യോഗം ചേർന്നത്. ലോഡ്‌ഷെഡിങ്ങിലൂടെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നത് കാലഹരണപ്പെട്ട രീതിയാണെന്നും കെ കൃഷ്‌ണൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.










0 comments