ad
Deshabhimani

പാൽ കുടിച്ചാൽ അസ്വസ്ഥതയോ

Milk.jpg
avatar
ഡോ. ബൈജു സേനാധിപൻ

Published on Sep 12, 2026, 07:10 AM | 2 min read


ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്‌ പാൽ. രാവിലെ ഒരു ഗ്ലാസ് ചായയിലോ കാപ്പിയിലോ തുടങ്ങി, തൈര്, മോര്, നെയ്യ് എന്നിങ്ങനെ നിരവധി രൂപങ്ങളിൽ പാൽ നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമായി മാറുന്നുണ്ട്. എന്നാൽ ചില ആളുകൾക്ക് പാൽ കുടിക്കുകയോ പാലുൽപ്പന്നങ്ങൾ കഴിക്കുകയോ ചെയ്യുന്നത് കടുത്ത വയറുവേദനയ്ക്കും മറ്റ് അസ്വസ്ഥതകൾക്കും കാരണമാകാറുണ്ട്. ഈ അവസ്ഥയെ വൈദ്യശാസ്ത്രത്തിൽ ‘ലാക്ടോസ് ഇൻടോളറൻസ്' എന്നു പറയും. ഇതൊരു രോഗമല്ല, മറിച്ച് ശരീരത്തിന്റെ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രത്യേക അവസ്ഥയാണ്.


കാരണം


പാലിലും പാലുൽപ്പന്നങ്ങളിലും സ്വാഭാവികമായി അടങ്ങിയിരിക്കുന്ന ഒരുതരം പഞ്ചസാരയാണ് ലാക്ടോസ്. ഇതിനെ വിഘടിപ്പിച്ച് ദഹിപ്പിക്കാൻ നമ്മുടെ ശരീരത്തിന് ‘ലാക്ടേസ്' (Lactase) എന്ന എൻസൈം ആവശ്യമാണ്. ചെറുകുടലിലാണ് പ്രധാനമായും ഈ എൻസൈം ഉൽപ്പാദിപ്പിക്കുന്നത്. ലാക്ടോസിനെ ഗ്ലൂക്കോസ്, ഗാലക്റ്റോസ് എന്നീ രണ്ട് ലളിതമായ പഞ്ചസാരകളാക്കി ലാക്ടേസ് എൻസൈം മാറ്റുകയും തുടർന്ന് ഇവ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയുമാണ് സാധാരണ സംഭവിക്കുന്നത്. എന്നാൽ ലാക്ടോസ് ഇൻടോളറൻസ് ഉള്ള വ്യക്തികളുടെ ചെറുകുടലിൽ ആവശ്യത്തിന് എൻസൈം ഉൽപ്പാദിപ്പിക്കപ്പെടുന്നില്ല. ദഹിക്കാത്ത ലാക്ടോസ് ഇതുമൂലം വൻകുടലിലേക്ക് കടക്കുന്നു. വൻകുടലിലുള്ള ബാക്ടീരിയകൾ ദഹിക്കാത്ത ലാക്ടോസുമായി പ്രവർത്തിക്കുമ്പോഴാണ് വയറ്റിൽ ഗ്യാസ് ഉണ്ടാകുകയും മറ്റ് അസ്വസ്ഥതകൾ പ്രകടമാവുകയും ചെയ്യുന്നത്. ആവശ്യമായ അളവിൽ ലാക്ടേസ് ഉൽപ്പാദിപ്പിക്കാൻ കഴിയാതെ വരുന്നതാണ് ഈ അവസ്ഥയുടെ അടിസ്ഥാന കാരണം.


ലക്ഷണങ്ങൾ തിരിച്ചറിയാം


പാൽ അല്ലെങ്കിൽ പാലുൽപ്പന്നങ്ങൾ കഴിച്ചതിനുശേഷം അര മണിക്കൂർമുതൽ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ലാക്ടോസ് ഇൻടോളറൻസിന്റെ ലക്ഷണങ്ങൾ സാധാരണയായി പ്രകടമാകും. ലക്ഷണങ്ങളുടെ തീവ്രതയിൽ വ്യത്യാസമുണ്ടാകാം. വയറു കമ്പിക്കൽ, വയറ്റിൽ ഗ്യാസ് നിറയുന്ന അവസ്ഥ, വയറുവേദന, ഇടയ്ക്കിടെയുള്ള ഏമ്പക്കം, വയറിളക്കം, ഓക്കാനം എന്നിവയാണ് സാധാരണമായ ലക്ഷണങ്ങൾ. ചിലരിൽ ഇത് നേരിയ അസ്വസ്ഥതകൾ മാത്രമായി ഒതുങ്ങും. മറ്റു ചിലരിൽ ഇത് ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള കടുത്ത വയറുവേദനയ്ക്കും വയറിളക്കത്തിനും കാരണമാകും. വൻകുടലിലെ ബാക്ടീരിയകൾ ലാക്ടെസിനെ പുളിപ്പിക്കുമ്പോൾ ഉണ്ടാകുന്ന വാതകങ്ങളാണ് ഈ അസ്വസ്ഥതകൾക്കെല്ലാം പ്രധാന കാരണം.


മൂന്നുതരം


ലാക്ടോസ് ഇൻടോളറൻസ് ഉണ്ടാകുന്നതിന്റെ കാരണങ്ങളെ അടിസ്ഥാനമാക്കി ഇതിനെ പ്രധാനമായും മൂന്നായി തരംതിരിക്കാം. ഒന്നാമത്തേത് പ്രൈമറി ലാക്ടോസ് ഇൻടോളറൻസ്. ഇതാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ചില വ്യക്തികളിൽ ലാക്ടേസ് ഉൽപ്പാദനം ഗണ്യമായി കുറയുന്നു. രണ്ടാമത്തേത് സെക്കൻഡറി ലാക്ടോസ് ഇൻടോളറൻസ് ആണ്. ചെറുകുടലിനെ ബാധിക്കുന്ന എന്തെങ്കിലും അസുഖങ്ങൾ, അണുബാധകൾ, പരിക്കുകൾ അല്ലെങ്കിൽ ശസ്ത്രക്രിയകൾ എന്നിവയ്‌ക്കുശേഷം ലാക്ടേസ് ഉൽപ്പാദനം കുറയുന്ന അവസ്ഥയാണിത്. . മൂന്നാമത്തേത് വളരെ അപൂർവമായി കാണുന്ന ജന്മനായുള്ള ലാക്ടോസ് ഇൻടോളറൻസ് ആണ്.

പാൽ അലർജിയും ലാക്ടോസ് ഇൻടോളറൻസും ഒന്നാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഇവ രണ്ടും വ്യത്യസ്തമായ രണ്ട് അവസ്ഥകളാണ്. ലാക്ടോസ് ഇൻടോളറൻസ് എന്നത് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. എന്നാൽ പാൽ അലർജി എന്നത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട ഗുരുതരമായ ഒരു അവസ്ഥയാണ്. അലർജി ഉള്ളവരിൽ പാൽ കുടിക്കുന്നത് ശ്വാസതടസ്സം, തൊലിപ്പുറത്ത് തടിപ്പ്, ചൊറിച്ചിൽ, ഛർദി തുടങ്ങി മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള അനാഫൈലാക്സിസ് എന്ന ഗുരുതരമായ അവസ്ഥയ്‌ക്കുവരെ കാരണമാകാം.


ഭക്ഷണക്രമം


ലാക്ടോസ് ഇൻടോളറൻസ് പൂർണമായി മാറ്റാൻ നിലവിൽ മരുന്നുകൾ ലഭ്യമല്ലെങ്കിലും കൃത്യമായ ഭക്ഷണക്രമീകരണത്തിലൂടെ ലക്ഷണങ്ങളെ പൂർണമായും നിയന്ത്രിക്കാൻ സാധിക്കും. പാൽ പൂർണമായും ഒഴിവാക്കുന്നതിനു പകരം, പാലിന് പകരമുള്ള മറ്റ് ആരോഗ്യകരമായ ഭക്ഷണങ്ങൾ ശീലമാക്കാവുന്നതാണ്. തൈര്, മോര്, ഹാർഡ് ചീസ് എന്നിവയിൽ ലാക്ടോസിന്റെ അളവ് വളരെ കുറവായതിനാൽ പലർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കാറില്ല. സോയാ മിൽക്‌, ബദാം മിൽക്‌, ഓട്സ് മിൽക്‌, തേങ്ങാപ്പാൽ എന്നിവയെല്ലാം ലാക്ടോസ് ഒട്ടും അടങ്ങിയിട്ടില്ലാത്ത ആരോഗ്യകരമായ പാനീയങ്ങളാണ്. ചീര, ബ്രൊക്കോളി, മുരിങ്ങയില, മത്തി, നെത്തോലി പോലുള്ള ചെറിയ മത്സ്യങ്ങൾ, നട്സ്, എള്ള്, സോയാബീൻ, മുട്ടയുടെ മഞ്ഞക്കരു, കൂൺ, ഫാറ്റി ഫിഷ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home