ad
Deshabhimani

മാനേജ്‌മെന്റ്‌ – ലീഗ്‌ കൂട്ടുകെട്ട്‌

print edition എയ്‌ഡഡ്‌ സ്‌കൂളുകളിൽ വിദ്യാർഥികളെ ഉറപ്പാക്കാൻ കുറുക്കുവഴി, 'മന്ത്രിയുടെ പ്രത്യേക ഉത്തരവ്‌'

a
വെബ് ഡെസ്ക്

Published on Sep 12, 2026, 07:27 AM | 1 min read

മലപ്പുറം: മലബാർ മേഖലയിലെ പ്ലസ്‌ വൺ സീറ്റ്‌ ക്ഷാമത്തിന്‌ പരിഹാരം കാണാനെന്ന പേരിൽ പരിശോധനകളില്ലാതെ അനുവദിച്ച പുതിയ ബാച്ചുകളിൽ വിദ്യാർഥികളെ എത്തിക്കാൻ എയ്ഡഡ്‌ മാനേജ്‌മെന്റുകളുടെയും മുസ്ലിംലീഗിന്റെയും കൂട്ടുകെട്ടിൽ കുറുക്കുവഴി. സവിശേഷ കാരണങ്ങളാൽ ഏകജാലകംവഴി അപേക്ഷ നൽകാനോ, പ്രവേശനം നേടാനോ കഴിയാതിരുന്നവർക്കായി വകുപ്പ്‌ മന്ത്രിയുടെ ഓഫീസ്‌ വഴി അനുവദിച്ച പ്രത്യേക ഉത്തരവിനെ മറയാക്കിയാണ്‌ സർക്കാർ സ്‌കൂളുകളിൽനിന്ന്‌ ഉൾപ്പെടെ വൻതോതിൽ വിദ്യാർഥികളെ എയ്‌ഡഡ്‌ സ്‌കൂളുകളിലെത്തിക്കാൻ നീക്കം. മലപ്പുറം ജില്ലയിൽനിന്നുമാത്രം ഇത്തരത്തിൽ അയ്യായിരത്തോളം അപേക്ഷകൾ വകുപ്പ്‌ മന്ത്രിയുടെ ഓഫീസിൽ ലഭിച്ചിട്ടുണ്ട്‌. ഇതിൽ ആയിരത്തോളം അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി. അടുത്തദിവസം അപേക്ഷകളിൽ അനുകൂല തീരുമാനമെടുത്തുള്ള പ്രത്യേക ഉത്തരവും പുറത്തിറങ്ങും.


ട്രയൽ അലോട്ട്‌മെന്റ്‌, ഒന്ന്‌, രണ്ട്‌, മൂന്ന്‌ അലോട്ട്‌മെന്റുകൾ, നാല്‌ ഘട്ടങ്ങളിലായി നടന്ന സപ്ലിമെന്ററി അലോട്ട്‌മെന്റ്‌, കോഴ്‌സ്‌– സ്‌കൂൾ മാറ്റത്തിനുള്ള അവസരം, മറ്റ്‌ ജില്ലകളിലേക്ക്‌ മാറാനുള്ള അവസരം, സ്‌പോട്ട്‌ അഡ്‌മിഷൻ, ഭിന്നശേഷിക്കാർക്കും കോഴ്‌സും സ്‌കൂളും മാറാനുള്ള അവസരം എന്നിവ നൽകിയാണ്‌ പ്ലസ്‌ വൺ പ്രവേശന നടപടി പൂർത്തിയാക്കിയത്‌. എന്നാൽ സുതാര്യമായിരുന്ന ഏകജാലക സംവിധാനത്തെ അട്ടിമറിക്കുന്ന ഇടപെടലാണ്‌ എയ്ഡഡ്‌ മാനേജ്‌മെന്റ്‌– മുസ്ലിംലീഗ്‌ കൂട്ടുകെട്ടിൽ നടക്കുന്നത്‌.


ജില്ലയിൽ അധികം ലഭിച്ച എയ്‌ഡഡ്‌ സ്‌കൂളുകളിലെ ബാച്ചുകളിൽ വിദ്യാർഥികളെ എത്തിക്കാൻ ഇവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘവും പ്രവർത്തിക്കുന്നുണ്ട്‌. വീടിനടുത്തുള്ള സ്‌കൂളിൽ പ്രവേശനം, ഇഷ്ടവിഷയത്തിൽ പ്രവേശനം എന്നിവ ചൂണ്ടിക്കാട്ടി ഓരോ വിദ്യാർഥിയെയും സമീപിച്ചാണ്‌ അപേക്ഷ തയ്യാറാക്കുന്നത്‌. മൊത്തത്തിൽ ശേഖരിക്കുന്ന അപേക്ഷ ഇവരുടെ പ്രതിനിധിയാണ്‌ മന്ത്രി ഓഫീസിൽ എത്തിക്കുന്നതും.

ഇത്തവണ മലബാറിൽ അനുവദിച്ച 120 പുതിയ ബാച്ചുകളിൽ 90–ഉം എയ്‌ഡഡ്‌ മേഖലയിലായിരുന്നു. മലപ്പുറം ജില്ലയിൽ 60 ബാച്ചുകൾ അനുവദിച്ചപ്പോൾ 46 എയ്‌ഡഡ്‌ സ്‌കൂളുകൾക്കായി 48 ബാച്ചുകളാണ്‌ അനുവദിച്ചത്‌. ഇ‍ൗ മാനേജ്‌മെന്റുകൾ ഭൂരിഭാഗവും മുസ്ലിംലീഗ്‌ – യുഡിഎഫ്‌ നേതാക്കളോ ഇവരുമായി അടുത്ത ബന്ധം പുലർത്തുന്നവരോ ആണ്‌. ബാച്ചുകൾ അനുവദിച്ചതും ഇവിടങ്ങളിലുണ്ടാകുന്ന നിയമനങ്ങളെ സംബന്ധിച്ചും അഴിമതി ആരോപണങ്ങളും പുറത്തുവന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home