ലോക ഭൂപടം തിരുത്തുമ്പാൾ

ടി ചന്ദ്രമോഹൻ
Published on Sep 12, 2026, 07:06 AM | 3 min read
ലോകഭൂപടം വെറും ഭൂമിശാസ്ത്രരേഖകളുടെയും അതിർത്തികളുടെയും ചിത്രം മാത്രമല്ല. അത് അറിവിന്റെ രാഷ്ട്രീയ ഭാഷ കൂടിയാണ്. ആ ഭാഷ തിരുത്താനുള്ള ചരിത്രനടപടിയിലേക്ക് നീങ്ങുകയാണ്. രാജ്യ അതിർത്തികൾ മാറ്റുന്നതല്ല, യഥാർഥ വിസ്തൃതി മാറ്റുന്നതുമല്ല, നാം കണ്ട ഭൂമിയുടെ ദൃശ്യതയെയാണ് മാറ്റുന്നത്.
ടോഗോയുടെ പ്രമേയം
ലോകഭൂപടത്തിൽ ഭൂഖണ്ഡങ്ങളുടെ യഥാർഥ വലിപ്പം ആനുപാതിക കൃത്യതയോടെ രേഖപ്പെടുത്തുന്നതിനായി 2026 സെപ്തംബർ നാലിന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ പ്രമേയം പാസാക്കി. ലോകത്തിന്റെ ഭൂവിസ്‌തൃതിയെ കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്ന സമവിസ്തൃതിയുള്ള (Equal Earth) ഭൂപടപ്രക്ഷേപണങ്ങൾ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് പ്രമേയം. 164 വോട്ടുകളുടെ പിന്തുണയോടെയാണ് പ്രമേയം അംഗീകരിച്ചത്. ആഫ്രിക്ക, ലാറ്റിനമേരിക്ക, ദക്ഷിണേഷ്യ തുടങ്ങിയ പ്രദേശങ്ങളുടെ വലിപ്പം നിലവിലെ ഭൂപടങ്ങളിൽ ചെറുതായി കാണിക്കുന്നത് തിരുത്തണമെന്നാവശ്യപ്പെട്ട് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ടോഗോയാണ് പ്രമേയം അവതരിപ്പിച്ചത്. പതിനാറാം നൂറ്റാണ്ടിൽ നാവിക ആവശ്യങ്ങൾക്കായി തയ്യാറാക്കിയ മർക്കേറ്റർ ഭൂപടങ്ങളാണ് ഇന്നും വ്യാപകമായി ഉപയോഗിക്കുന്നത്. ഭൂമധ്യരേഖയ്ക്ക് അകലെയുള്ള വടക്കൻ, തെക്കൻ ഭൂവിഭാഗങ്ങളെ വലുതാക്കിയും ഏഷ്യയും ആഫ്രിക്കയും ഉൾപ്പെടെയുള്ള പ്രദേശങ്ങളെ ചെറുതാക്കിയുമാണ് ഇത് കാണിക്കുന്നത്. ഈ അസമത്വം പരിഹരിക്കണമെന്നാണ് ആവശ്യം.
മർക്കേറ്റർ പ്രൊജക്‌ഷൻ
ഇന്ന് കാണുന്ന ലോകഭൂപടം എന്നു പറയുമ്പോൾ ആദ്യം തെളിയുക മർക്കേറ്റർ പ്രൊജക്‌ഷനാണ്. 1569-ൽ ഫ്ലെമിഷ് കാർട്ടോഗ്രാഫറായ ജെറാർഡസ് മർക്കേറ്റർ മുന്നോട്ടുവച്ച പ്രൊജക്‌ഷൻ അടിസ്ഥാനമാക്കിയുള്ള ഭൂപടം യഥാർഥത്തിൽ ലോകത്തിന്റെ വലിപ്പം കാണിക്കാനായിരുന്നില്ല. സമുദ്രയാത്രയ്ക്കുള്ള നാവിഗേഷൻ എളുപ്പമാക്കാൻ ലക്ഷ്യമിട്ടായിരുന്നു. ഗോളാകൃതിയിലുള്ള ഭൂമിയെ പരന്ന കടലാസിലേക്ക് പകർത്തുന്പോൾ ഏതെങ്കിലും തരത്തിലുള്ള മാറ്റം അനിവാര്യമാണ്. മർക്കേറ്റർ പ്രൊജക്‌ഷന്റെ പ്രത്യേകത ദിശയും കോണുകളും സംരക്ഷിക്കുന്നതായിരുന്നു. സ്ഥിരദിശയിലുള്ള കപ്പൽപ്പാതകൾ ഭൂപടത്തിൽ നേർരേഖകളായി കാണിക്കാനാകുന്നത് നാവികർക്ക് സഹായമായി.
ഇത് തയ്യാറാക്കിയപ്പോൾ ഭൂവിസ്‌തൃതി പ്രശ്‌നമായിരുന്നു. ഭൂമധ്യരേഖയിൽനിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും മർക്കേറ്റർ പ്രൊജക്‌ഷനിലെ ഭൂവിസ്തൃതിവ്യത്യാസം വലുതാകുന്നു. ധ്രുവപ്രദേശങ്ങളോടടുത്തുള്ള രാജ്യങ്ങളും ഭൂഖണ്ഡങ്ങളും യഥാർഥ വലിപ്പത്തേക്കാൾ വലുതായി രേഖപ്പെടുത്തി. അതുകൊണ്ടാണ് ഭൂപടത്തിൽ ഗ്രീൻലാൻഡ് ആഫ്രിക്കയ്‌ക്ക് സമാനവലിപ്പമുള്ളതായി തോന്നുന്നത്. വിസ്‌തൃതിയിൽ ആഫ്രിക്ക ഗ്രീൻലാൻഡിനേക്കാൾ 14 മടങ്ങ് വലുതാണ്. ഭൂപടം പഠിപ്പിച്ചത് മറ്റൊരു ധാരണയും. യൂറോപ്പ്, വടക്കേ അമേരിക്ക, റഷ്യ തുടങ്ങിയ വടക്കൻ അക്ഷാംശങ്ങളിലെ ഭൂഭാഗങ്ങളും വലുതായി കാണുന്നു. എന്നാൽ ആഫ്രിക്ക, ദക്ഷിണേഷ്യ, ലാറ്റിനമേരിക്ക തുടങ്ങിയ ഭൂമധ്യരേഖയ്ക്കടുത്ത പ്രദേശങ്ങൾ ചെറുതായി. നാവിഗേഷനായി രൂപപ്പെടുത്തിയ സാങ്കേതിക ഉപകരണം സ്കൂളുകളിലും പുസ്തകങ്ങളിലും മാധ്യമങ്ങളിലും പൊതുബോധത്തിലും ലോകത്തിന്റെ പൊതുചിത്രമായി മാറി. മർക്കേറ്റർ പ്രൊജക്‌ഷൻ രൂപപ്പെട്ടത് യൂറോപ്യൻ രാജ്യങ്ങളുടെ കടൽവ്യാപാരവും പര്യവേക്ഷണവും കോളനിവൽക്കരണവും ശക്തിപ്പെട്ട കാലഘട്ടത്തിലാണ്. ഭൂമിയുടെ ഭൂപടം വരച്ചത് ആരാണോ അവരുടെ പക്കലായിരുന്നു അധികാരവും. അതിനാൽ ലോകഭൂപടം ലോകത്തെക്കുറിച്ചുള്ള പൊതുവായ ദൃശ്യബോധമായി മാറിയതിനെ കോളനിവൽക്കരണത്തിന്റെ ചരിത്രത്തിൽനിന്ന് വേർതിരിച്ചുനിർത്താനാകില്ല.
ഇക്വൽ എർത്ത്
നിലവിലുള്ള ലോക ഭൂപടത്തിന്റെ പോരായ്മകൾ പരിഹരിക്കാനുള്ള ചർച്ചകൾ നടക്കവെയാണ് ഇക്വൽ എർത്തിന്റെ രംഗപ്രവേശം. കാർട്ടോഗ്രാഫർമാരായ ബോജൻ അവ്രിക്, ടോം പറ്റേഴ്‌സൺ, ബേൺഗഡ് ജെന്നി എന്നിവർ ചേർന്നാണ് 2018-ൽ ഇൗ പ്രൊജക്‌ഷൻ വികസിപ്പിച്ചത്. ഭൂമിയിലെ വിവിധ പ്രദേശങ്ങളുടെ ആപേക്ഷിക വിസ്തൃതികൾ ശരിയായ അനുപാതത്തിൽ നിലനിർത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
ശ്രദ്ധേയമാകുന്നത് ആഫ്രിക്കയുടെ ദൃശ്യവലുപ്പമാണ്. ആഫ്രിക്ക ചെറുതല്ലെന്നും യൂറോപ്പിനേക്കാൾ പലമടങ്ങ് വലുതാണെന്നും കാണാം. മർക്കേറ്റർ ഭൂപടത്തിൽ വടക്കൻ അക്ഷാംശങ്ങൾ വലുതാകുന്നതിനാൽ ഗ്രീൻലാൻഡ്പോലുള്ള പ്രദേശങ്ങൾ അസാധാരണമായി വലുതായി തോന്നുന്നു. ഇക്വൽ എർത്തിൽ അവയുടെ യഥാർഥ ആപേക്ഷിക വലുപ്പത്തിലേക്ക് ചിത്രം മടങ്ങുന്നു. യൂറോപ്പും ഉത്തര അമേരിക്കയും ചെറുതാകുന്നതല്ല, മറിച്ച് അനാവശ്യ വലുപ്പവൽക്കരണം കുറയുകയാണ്.
ലോകത്തിലെ വലിയ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ ലോകഭൂപടത്തിലെ വടക്കൻ -ദക്ഷിണ അക്ഷാംശങ്ങളുടെ വലുപ്പവ്യത്യാസം കാരണം ഇന്ത്യയുടെ ദൃശ്യവലുപ്പവും യഥാർഥ ഭൂവിസ്തൃതിയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ തെറ്റിദ്ധാരണ ഉണ്ടാകാം. പുതിയ സമവിസ്തൃതിയുള്ള പ്രൊജക്‌ഷനുകൾ ഇന്ത്യപോലുള്ള ഭൂമധ്യരേഖയ്ക്കടുത്തും മധ്യ അക്ഷാംശങ്ങളിലുമുള്ള രാജ്യങ്ങളുടെ യഥാർഥ വിസ്തൃതിയോട് കൂടുതൽ നീതി പുലർത്തുന്നു. ഇക്വൽ എർത്ത് പ്രമേയത്തെ ഇന്ത്യ പിന്തുണച്ചെങ്കിലും ഇന്ത്യയുടെ ഔദ്യോഗിക ഭൂപടവും പരമാധികാരപരമായ പ്രദേശപരിധികളും കൃത്യമായി പ്രതിഫലിക്കണമെന്ന നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഗണിതശാസ്ത്രപരം മാത്രമല്ല
ലോകഭൂപടത്തിന്റെ പരിഷ്കാരം ഗണിതശാസ്ത്രപരമായ പ്രശ്‌നം മാത്രമല്ല. അതിർത്തി, പരമാധികാരം, രാഷ്ട്രം, രാഷ്ട്രീയം എന്നിവയും അതിലുണ്ട്. ഭൂപടത്തിലെ വിസ്തൃതി ഒരു രാജ്യത്തിന്റെ ശക്തിയുടെ അളവുകോൽ അല്ല. വിസ്‌തൃതിയിൽ റഷ്യ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ്. പക്ഷേ, ജനസംഖ്യയിൽ മുന്നിലുള്ള രാജ്യമാകുന്നില്ല. ഇന്ത്യയുടെ വിസ്തൃതി വലുതാണ്, ജനസംഖ്യ അതിലും കൂടുതലാണ്. പല ഭൂപടങ്ങളിലും ആഫ്രിക്കയുടെ യഥാർഥ വലിപ്പം ചെറുതാണ്. ഇത് ആഫ്രിക്കയുടെ ചരിത്രത്തെയും സംസ്കാരത്തെയും ജനസംഖ്യയെയും പ്രകൃതിവിഭവങ്ങളെയും സാമ്പത്തിക സാധ്യതകളെയുംകുറിച്ചുള്ള ധാരണകളെ നേരിട്ട് നിർണയിക്കുന്നില്ലെങ്കിലും ലോകം കാണുന്ന പൊതുബോധത്തിൽ അതിന് ഒരു പങ്കുണ്ട്. അതുകൊണ്ടാണ് ആഫ്രിക്കൻ രാജ്യങ്ങൾ ഈ വിഷയത്തെ വെറും കാർട്ടോഗ്രഫിയുടെ പ്രശ്നമായി കാണാത്തത്. ഭൂവിസ്തൃതിയുടെ ആപേക്ഷിക വലുപ്പം കൃത്യമായി നിലനിർത്തിക്കൊണ്ട് കാണാൻ സൗകര്യമുള്ള ലോകഭൂപടം ഇക്വൽ എർത്ത് നൽകുന്പോഴും മർക്കേറ്റർ പൂർണമായി ഇല്ലാതാകില്ല. നാവിഗേഷന് സഹായകമായി തുടർന്നും നിലകൊള്ളും. ഒരു ഭൂപടം ശരിയോ തെറ്റോ എന്നതിനപ്പുറം, അത് ഏത് ആവശ്യത്തിനാണ് നിർമിച്ചിരിക്കുന്നത് എന്നതാണ് പ്രധാനം.









0 comments