ad
Deshabhimani

print edition കൽപ്പിതകഥകൾ പൊളിഞ്ഞ ഡൽഹി മദ്യനയക്കേസ്‌

ED
avatar
എം പ്രശാന്ത്‌

Published on Sep 12, 2026, 06:36 AM | 1 min read

ന്യൂഡൽഹി: ബിജെപിയുടെ രാഷ്ട്രീയ പ്രതിയോഗികളെ ഇഡി, സിബിഐ തുടങ്ങിയ കേന്ദ്രഏജൻസികൾ കള്ളക്കഥകൾ മെനഞ്ഞ്‌ ഏതെല്ലാം വിധത്തിൽ വേട്ടയാടും എന്നതിന്‌ ഒന്നാന്തരം ഉദാഹരണമാണ്‌ ഡൽഹി മദ്യനയക്കേസ്‌. ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ്‌ കെജ്‌രിവാൾ അടക്കം എഎപി നേതാക്കളെ കൂട്ടമായി അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടയ്‌ക്കാൻ മദ്യനയക്കേസിലൂടെ കേന്ദ്ര ഏജൻസികൾക്ക്‌ കഴിഞ്ഞു. ബിജെപിയും കോൺഗ്രസും ഒരു വിഭാഗം മാധ്യമങ്ങളും കേന്ദ്രഏജൻസികളുടെ വേട്ടയാടലിന്‌ കൂട്ടുനിന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും മദ്യനയക്കേസ്‌ പ്രധാന പ്രചാരണ വിഷയമാക്കി.


നാലുവർഷം നീണ്ട വേട്ടയാടൽ കഴിഞ്ഞ ഫെബ്രുവരിയിൽ പ്രത്യേക സിബിഐ കോടതിയിൽ പൊളിഞ്ഞുവീണു. വിചാരണയ്‌ക്ക്‌ പരിഗണിക്കാൻ പോലും പറ്റാത്തവിധം കെട്ടിച്ചമച്ച കേസാണെന്ന്‌ ചൂണ്ടിക്കാട്ടി പ്രത്യേക കോടതി ജഡ്‌ജി ജിതേന്ദ്ര സിങ്‌, കെജ്‌രിവാൾ അടക്കം 23 പ്രതികളെയും കുറ്റവിമുക്തരാക്കി. 598 പേജ്‌ വരുന്ന വിധിന്യായത്തിൽ സിബിഐയെ രൂക്ഷമായി വിമർശിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്കും ശുപാർശ ചെയ്‌തു.


2022 ജൂണിൽ അന്നത്തെ ഡൽഹി കോൺഗ്രസ്‌ തലവൻ ച‍ൗധുരി അനിൽകുമാർ ഡൽഹി പൊലീസിന്‌ നൽകിയ പരാതിയോടെയാണ്‌ മദ്യനയക്കേസിന്‌ തുടക്കമായത്‌. എഎപി സർക്കാരിന്റെ മദ്യനയം ചില സ്വകാര്യ കമ്പനികൾക്ക്‌ നേട്ടമുണ്ടാക്കിയെന്നും ഇതിനുപിന്നിൽ അഴിമതിയുണ്ടെന്നുമായിരുന്നു ആരോപണം. ഇ‍ൗ പരാതി ആയുധമാക്കിയ കേന്ദ്ര ബിജെപി സർക്കാർ എഎപിയെ വേട്ടയാടാൻ സിബിഐയെയും ഇഡിയെയും രംഗത്തിറക്കി.


അപസർപ്പക കഥകളെപ്പോലും വെല്ലുന്ന ഭാവനാസൃഷ്ടികളാണ്‌ തുടർന്നുണ്ടായത്‌. മദ്യനയത്തിലൂടെ ഖജനാവിന്‌ 580 കോടി രൂപയുടെ നഷ്ടമുണ്ടായി‍, മദ്യക്കമ്പനികൾക്ക്‌ 12 ശതമാനം വരെ ലാഭം ഉറപ്പുവരുത്തിയതിന്‌ പ്രത്യുപകാരമായി എഎപി നേതാക്കൾക്ക്‌ ലാഭത്തിന്റെ പകുതി കോഴയായി കിട്ടി, ഹൈദരാബാദിലെ ചില സ്വകാര്യ മദ്യകമ്പനികൾ ഉൾപ്പെടുന്ന ‘സ‍ൗത്ത്‌ ഗ്രൂപ്പി’ൽ നിന്ന്‌ 100 കോടി രൂപ കോഴയായി ലഭിച്ചു, ഇ‍ൗ പണം ഹവാലാ മാർഗത്തിലൂടെ ഗോവയിൽ എത്തിച്ച്‌ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു തുടങ്ങിയ കഥകൾ മെനയപ്പെട്ടു. ഇതെല്ലാം കേന്ദ്രഏജൻസികളുടെ കള്ളക്കഥകളാണെന്നും ആക്ഷേപങ്ങൾക്ക്‌ തരിന്പുപോലും തെളിവിന്റെ പിൻബലമില്ലെന്നും കുറ്റപത്രം തള്ളിയുള്ള വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home