ad
Deshabhimani

print edition ഇരുണ്ട കാലം; ‘എന്റെ മുഖ്യമന്ത്രിയേ, കട്ട്‌ ഒഴിവാക്കൂ’

CM
വെബ് ഡെസ്ക്

Published on Sep 12, 2026, 06:56 AM | 3 min read

‘എന്റെ മുഖ്യമന്ത്രിയേ, കട്ട്‌ ഒഴിവാക്കൂ’


കണ്ണൂർ: ‘ഇന്ന്‌ എഴുതാൻ ഇരുന്നപ്പോഴേക്കും കറണ്ട്‌ പോയി. കറണ്ട്‌ വരുന്നതും കാത്ത്‌ എനിക്ക്‌ ഉറക്കം വന്നു. എന്നിട്ടും ഞാൻ എഴുതി. എന്റെ മുഖ്യമന്ത്രിയേ, രാത്രിയുള്ള പവർകട്ട്‌ ഒന്ന്‌ ഒഴിവാക്കൂ. ഞങ്ങൾക്ക്‌ പഠിക്കാൻ ബുദ്ധിമുട്ടാണ്‌’– പരിക്കളം ശാരദാവിലാസം എയുപി സ്‌കൂളിലെ രണ്ടാം ക്ലാസുകാരി ഫഹ്‌മിദ മെഹ്‌വിഷിന്റെ ഡയറിയിലെ ഇ‍ൗ വാചകങ്ങൾ കേരളം കടന്നുപോകുന്ന ഇരുണ്ടകാലത്തിന്റെ നേർച്ചിത്രമാണ്‌.

വിദ്യാഭ്യാസപ്രവർത്തകനായ ടി പി കലാധരൻ ഉൾപ്പെടെയുള്ളവർ ഫഹ്‌മിദയുടെ പ്രതികരണം നവമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്‌. കത്തിത്തീരാൻ തുടങ്ങിയ മെഴുകുതിരിയുടെ ചിത്രമൊക്കെ വരച്ചുചേർത്താണ്‌ ഫഹ്‌മിദയുടെ എഴുത്ത്‌. സ്‌കൂളിൽ ഒന്നാംക്ലാസ്‌ മുതൽ എല്ലാ കുട്ടികളും ഡയറിയെഴുതുന്നുണ്ട്‌. നൂറ്‌ ദിവസം തുടർച്ചയായി ഡയറി എഴുതുന്നുവർക്ക്‌ സമ്മാനവുമുണ്ട്‌. 83–ാം ദിവസമായ ബുധനാഴ്‌ചത്തെ ഡയറിക്കുറിപ്പിലാണ്‌ മുഖ്യമന്ത്രിയോടുള്ള അപേക്ഷ. ഉളിക്കൽ മണ്ഡപപ്പറന്പ്‌ വാഴയിൽ ഹ‍ൗസിൽ കെ ടി റാഷിദിന്റെയും വി ആബിദയുടെയും മകളാണ്‌ ഫഹ്‌മിദ.


‘ഭരണമാറ്റത്തോടെ ഇല്ലാതായത്‌ പ്രാണവായു’


കണ്ണൂർ: ‘ഓക്‌സിജൻ സിലിൻഡറില്ലാതെ അഞ്ചു മിനിറ്റുപോലും തുടരാനാവാത്ത രോഗിയാണ്‌ ഞാൻ. വൈദ്യുതി നിലച്ചാൽ ഓഫാകുന്ന ജീവിതം. ഒരു ഭരണമാറ്റം ഇത്രയും ദുരന്തം ജീവിതത്തിലേക്ക്‌ കൊണ്ടുവരുമെന്ന്‌ കരുതിയില്ല. കഴിഞ്ഞ പത്ത്‌ കൊല്ലം എന്തൊരു മാജിക്കാണ്‌ കേരളത്തിൽ ഉണ്ടായത്‌. വിസ്‌മയമൊന്നും വേണ്ടതില്ല, ഇ‍ൗയാരു മാജിക്ക്‌ ഇപ്പോൾ ഭരിക്കുന്ന ദ്രോഹികൾക്കും ചെയ്യാവുന്നതല്ലേയുള്ളൂ’’– എഴുത്തുകാരി കെ എസ്‌ മിനിയുടെ വാക്കുകളിൽ ഇരുണ്ട കാലത്തിന്റെ രോഷവും വേദനയും നിരാശയും എല്ലാമുണ്ട്‌.


ഒരു ഭരണമാറ്റത്തിലൂടെ കീഴ്‌മേൽ മറിഞ്ഞുപോയിട്ടുണ്ട്‌ രോഗശയ്യയിൽ മിനിയുടെ ജീവിതം. 1990ൽ ഹൃദയവാൽവ്‌ മാറ്റിവച്ചിരുന്നു. 2003ൽ ആരംഭിച്ചതാണ്‌ ഓക്‌സിജൻ കോൺസൺട്രേറ്ററിന്റെ സഹായത്തോടെയുള്ള ശ്വസനം. വൈദ്യുതി ഇടയ്‌ക്കിടെ മുടങ്ങുന്നതിനാൽ അര ലക്ഷം രൂപയോളം മുടക്കി ഇൻവർട്ടർ സ്ഥാപിക്കേണ്ടിവന്നു. അടിയ്‌ക്കടി ലോഡ്‌ ഷെഡിങ് ഉണ്ടാകുന്നതിനാൽ മെഷീൻ ഇടയ്‌ക്കിടെ ഓഫ്‌ ചെയ്യേണ്ടിവരുന്നു. സിലിണ്ടർ മാറ്റി നിറയ്‌ക്കേണ്ടിയും വരുന്നു. അധ്യാപക പെൻഷൻ കിട്ടുന്നതിനാലാണ്‌ ഇതെല്ലാം ചെയ്യാനാകുന്നത്‌. ഇതൊന്നുമില്ലാത്ത രോഗികളും ഉണ്ടാകുമല്ലോ. അവരെന്തുചെയ്യും– മിനി ചോദിക്കുന്നു.

രോഗാതുരതയിലും എഴുത്തിൽ സജീവമായി തുടരുന്ന ചക്കരക്കൽ സ്വദേശിയായ കെ എസ്‌ മിനി ബാലസാഹിത്യം ഉൾപ്പെടെ 34 പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്‌.


‘നന്ദി, കാൻഡിൽ 
ലൈറ്റ്‌ ഡിന്നറിന് ’


കോഴിക്കോട്‌: പവർകട്ട്‌ പതിവായതോടെ സർക്കാരിനെതിരെ വിമർശവുമായി യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ പരിശ്രമിച്ച ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ഉൾപ്പെടെയുള്ളവരും. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ യുഡിഎഫ്‌ സ്ഥാനാർഥികൾക്കായി പ്രവർത്തിച്ച ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ഫാത്തിമത്ത‍ുൽ ഫിദയാണ്‌ സർക്കാരിനെ വിമർശിച്ച്‌ രംഗത്തെത്തിയത്‌. തന്റെ ഇൻസ്റ്റഗ്രാം പേജായ ഫിദു സ്‌റ്റോറീസിലാണ്‌ വി ഡി സതീശൻ സർക്കാരിനെ പരിഹസിച്ചും വിമർശിച്ചും രംഗത്തുവന്നത്‌.


‘കഴിഞ്ഞ പത്തുവർഷം വെളിച്ചമില്ലാതെ ഭക്ഷണം കഴിച്ചിരുന്നില്ല. കോഴിക്കോട്‌ നഗരത്തിൽതന്നെ ഇരുട്ടത്ത്‌ കാൻഡിൽ ലൈറ്റ്‌ ഡിന്നർ ഒരുക്കിയതിന്‌ എന്തായാലും നന്ദി. വിസ്‌മയം കാണിച്ചുതരുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും ഇപ്പോഴാണ്‌ മനസ്സിലാകുന്നത്‌. മൂന്നുമാസത്തിനുള്ളിൽ വിസ്‌മയം തീർത്ത യുഡിഎഫിന്‌ നന്ദി’– ഇൻസ്റ്റഗ്രാം വീഡിയോയിൽ ഫിദ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ജില്ലയിലെ വിവിധ യുഡിഎഫ്‌ സ്ഥാനാർഥികൾക്കുവേണ്ടി സജീവമായി സമൂഹമാധ്യമപ്രചാരണം നയിച്ചയാളാണ്‌ ഫിദ. മൂന്നുമാസത്തിനുള്ളിൽ യുഡിഎ-ഫ്‌ ഭരണത്തെ വിമർശിച്ചുള്ള ഫിദയുടെ പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിട്ടുണ്ട്‌.


ചന്തയിൽ നിന്ന് കറന്റ് കിട്ടില്ല; പരിഹസിച്ച് വൈദ്യുതി മന്ത്രി


കൊച്ചി: ‘അരിയും ഗോതന്പും വാങ്ങുന്നതുപോലെ ചാക്കുമായി മാർക്കറ്റിൽ പോയാൽ കിട്ടുന്നതല്ല വൈദ്യുതി’യെന്നുപറഞ്ഞ്‌ ജനങ്ങളെ പരിഹസിച്ച്‌ മന്ത്രി സണ്ണി ജോസഫ്‌. ‘സ്വിച്ചിട്ടോ, അത്ഭുതങ്ങൾ പ്രവർത്തിച്ചോ വൈദ്യുതിപ്രതിസന്ധി തീർക്കാനാകില്ല. ആളുകൾ കൂടുതൽ കെട്ടിടവും വീടും പണിതു. അതിൽ എയർ കണ്ടീഷണറുകൾ സ്ഥാപിച്ചു. വൈദ്യുതി വാഹനങ്ങളുടെ എണ്ണവും കൂടി. ഇ‍ൗ വാഹനങ്ങൾ രാത്രി വൈകി ചാർജ്‌ ചെയ്യുന്നു. വൈദ്യുതി പെട്ടെന്ന്‌ ഏതെങ്കിലും മാർക്കറ്റിൽ പോയി വാങ്ങാൻ കഴിയില്ല. കരാറിൽ ഏർപ്പെടാൻ നിരവധി മാസങ്ങൾ എടുക്കും. ഇതുകൊണ്ടെല്ലാമാണ്‌ ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർബന്ധിതമായ’തെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നിയന്ത്രണം എപ്പോൾ നീക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ അതിപ്പോൾ പറയാനാകില്ലെന്നും പ്രതികരിച്ചു.


കൃത്രിമ ക്ഷാമം സൃഷ്‌ടിക്കുന്നത്‌ കമീഷൻ ലക്ഷ്യമിട്ട്‌: എം എം മണി


ഇടുക്കി: കൃത്രിമ വൈദ്യുതിക്ഷാമം സൃഷ്‍ടിച്ച് പുതിയ കരാറിന്റെ പേരില്‍ കമീഷനടിക്കാനാണ് യുഡിഎഫ് ശ്രമമെന്ന് മുൻ വൈദ്യുതിമന്ത്രി എം എം മണി മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴും വൈദ്യുതി വാങ്ങാൻ കിട്ടും. ഇല്ലെന്ന് പറയുന്നത് വെറുതെയാണ്. 10 വര്‍ഷം പിണറായി വിജയൻ ഭരിച്ചിട്ട് ഇത്തരമൊരു പ്രതിസന്ധിയുണ്ടായിട്ടില്ല. അതില്‍ അഞ്ചുവര്‍ഷം ഞാൻ മന്ത്രിയായിരുന്നു. 2018ലെ വെള്ളപ്പൊക്കത്തില്‍ മുഴുവൻ വൈദ്യുതിനിലയവും കുഴപ്പത്തിലായി. എന്നിട്ടും അതിനെ മറികടന്നു. സതീശനും യുഡിഎഫിനും വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്കും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാൻ കഴിയുന്നില്ല.


സാമാന്യം നല്ല മഴ പെയ്‍താല്‍ ആവശ്യമുള്ളതിന്റെ 40 ശതമാനം വൈദ്യുതി നമുക്കിവിടെയുണ്ടാകും. ബാക്കി കരാര്‍ വച്ച് വാങ്ങിയതാണ്. വൈദ്യുതിമന്ത്രി കാര്യങ്ങള്‍ പഠിക്കാതെയാണ് പറയുന്നത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് ഭരിക്കുന്നവരുടെ ഉത്തരവാദിത്തം. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ അറിയില്ലെങ്കിൽ രാജിവച്ചുപോകണം– എം എം മണി പറഞ്ഞു.​





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home