ad
Deshabhimani

print edition ഇഡിയുടെ സിഎംആർഎൽ കഥ ഏശിയില്ല; ദാ പിടിച്ചോ ഹവാല

a
വെബ് ഡെസ്ക്

Published on Sep 12, 2026, 06:43 AM | 2 min read

തിരുവനന്തപുരം: ‘ഡോളർ കടത്തിലും ഉന്നത നേതാവ്‌, ലൈഫ്‌ പദ്ധതിയിൽ അധോലോക ഇടപാട്‌, ആഫ്രിക്കൻ ബന്ധവും പുറത്ത്‌, ശിവശങ്കർ ഇടപെട്ട്‌ ഹൈക്കോടതിയിലും നിയമനം, ശിവശങ്കറിന്‌ കോടികളുടെ കാറ്റാടി നിക്ഷേപം, ജലിലീന്‌ കുരുക്ക്‌ മുറുകി’. നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട്‌ മനോരമ ഒന്നാംപേജിൽ നിരത്തിയ തലക്കെട്ടുകളിൽ ചിലതാണിത്‌. അന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ ടി ജലീലിനും അടക്കം മനോരമയും മാതൃഭൂമിയും മുറുക്കിയ കുരുക്കുകൾക്ക്‌ കൈയും കണക്കുമില്ല. ചോദ്യം ചെയ്‌തവരുടെ മൊഴികൾ എന്ന പേരിലായിരുന്നു ഇവയൊക്കെ. ഇതിലേറെ കുരുക്കുകൾ മുറുക്കി ലാവ്‌ലിൻ കേസിന്റെ കാലത്ത്‌. ഇവയ്‌ക്ക്‌ സമാനമായ നീക്കമാണ്‌ സിഎംആർഎൽ കേസിലും പിണറായി വിജയനും മുഹമ്മദ്‌ റിയാസിനുമെതിരെ ഇ‍ൗ പത്രങ്ങൾ നടത്തുന്നത്‌.


ഒരു കള്ളം പൊളിയുമ്പോൾ അടുത്തത്‌ എന്ന നിലയിൽ ദിനംപ്രതി നുണകളുടെ മലവെള്ള പാച്ചിലായിരുന്നു അന്ന്‌. പ്രതികളുടെ മൊഴി എന്ന പേരിലായിരുന്നു അന്നെങ്കിൽ ഇന്ന്‌ ഇഡി ഡിജിപിക്ക്‌ നൽകിയ റിപ്പോർട്ടിലെ വിവരങ്ങൾ എന്ന പേരിലും.


സിഎംആർഎൽ– എക്‌സാലോജിക്‌ ഇടപാട്‌ അന്വേഷിച്ച കേന്ദ്ര ഏജൻസികൾ നിരവധിയാണ്‌. മാത്രമല്ല, തിരുവനന്തപുരത്തെയും മൂവാറ്റുപുഴയിലെയും വിജിലൻസ്‌ കോടതി മുതൽ സുപ്രീംകോടതിവരെ തള്ളുകയും ചെയ്‌തു. സിഎംആർഎൽ ഇടപാട്‌ ക്ലച്ച്‌ പിടിക്കില്ലെന്ന്‌ വന്നതോടെ ഇപ്പോൾ ഹവാല ഇടപാടിലേക്ക്‌ തിരിഞ്ഞു. സിഎംആർഎൽ വിഷയത്തെക്കാൾ ഗുരുതരമാണ്‌ റിയാസിന്റെ പണമിടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നാണ്‌ ഇഡിയുടെ ഉദ്ദരിച്ചുള്ള മനോരമയുടെ കണ്ടെത്തൽ.


സിഎംആർഎൽ ചീഫ്‌ ഫിനാൻഷ്യൽ ഓഫീസറുടെ പക്കൽനിന്ന്‌ പിടിച്ചെടുത്ത ഡയറിയായിരുന്നു ഇതുവരെ വാർത്തയ്‌ക്ക്‌ ആധാരമെങ്കിൽ വീണയുടെ ഡയറിയാണ്‌ പുതിയ കഥകൾക്കുള്ള അസംസ്‌കൃത വസ്‌തു. ഡയറിക്ക്‌ ‘ഗും’ പോരാത്തതിനാൽ ‘റെഡ്‌ ബുക്ക്‌’ എന്ന്‌ പേരും നൽകി. മുഹമ്മദ്‌ റിയാസ്‌ വാങ്ങി ദുബായിലേക്ക്‌ കടത്താൻ സുഹൃത്തുക്കൾക്ക്‌ കൈമാറിയ കോടികളുടെ വിവരം റെഡ്‌ ബുക്കിൽനിന്ന്‌ ലഭിച്ചത്രേ. മാത്രമല്ല, പണമിടപാട്‌ സ്ഥിരീകരിക്കുന്ന രേഖകളും ഇഡിക്ക്‌ ലഭിച്ചെന്നും പത്രം പറയുന്നു. സിഎംആർഎൽ വിട്ട്‌ ഇനി ഹവാല പിടിക്കണമെന്നർഥം. ഹവാല പൊളിഞ്ഞാൽ അടു
ത്തത്‌.


എല്ലാം കോടതി തള്ളിയവ


സിഎംആർഎൽ–എക്‌സാലോജിക്‌ കരാറുമായി ബന്ധപ്പെട്ട്‌ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാൻ സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ ഇഡി നൽകിയ 25 പേജുള്ള റിപ്പോർട്ടിൽ തെളിവുകളില്ല. സിഎംആർഎൽ ഫിനാൻസ്‌ ഓഫീസറുടെ മൊഴിയും മാത്യു കുഴൽനാടനും ഷോൺ ജോർജും കൈമാറിയ ചില വിവരങ്ങളും അടിസ്ഥാനമാക്കിയാണ്‌ ഇഡിയുടെ റിപ്പോർട്ട്‌. ഇത് രണ്ടും കേസെടുക്കാൻ പ്രാപ്‌തമല്ലെന്നാണ്‌ അഡ്വക്കറ്റ്‌ ജനറലിന്റെ പ്രാഥമിക വിലയിരുത്തലെന്നാണ്‌ വിവരം.


വിജിലൻസ്‌ കോടതി മുതൽ സുപ്രീംകോടതി വരെ ഇ‍ൗ ‘ തെളിവുകൾ ’ തള്ളിക്കളഞ്ഞതാണ്‌. സുരേഷ്‌കുമാറിന്റെ മൊഴി തെളിവായി സ്വീകരിച്ചാൽ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ കേസെടുക്കേണ്ടിവരും. കേസെടുക്കത്തക്ക തെളിവുകളില്ലെന്ന വിവരം മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സംസ്ഥാന പൊലീസ്‌ മേധാവി അറിയച്ചു. തുടർന്നാണ്‌ വിശദ നിയമ പരിശോധനക്ക്‌ വിടാൻ തീരുമാനിച്ചത്‌. ഇതിപ്പോൾ എജിയുടെ പരിശോധനയിലാണ്‌. വിദേശത്തുള്ള ആഭ്യന്തരമന്ത്രി തിരിച്ചെത്തിയശേഷമേ തുടർ ആലോചനകളുണ്ടാകൂ.


ഇഡി നീക്കം ആസൂത്രിതം: 
ബാലഗോപാൽ


കോൺഗ്രസിലെ അധികാരത്തർക്കത്തിന്റെ ഭാഗമായി ഇഡിയെ ഉപയോഗിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ. പിടികൂടിയെന്നു പറയുന്ന ഡയറിയിൽ പേരുവന്ന കോൺഗ്രസ്‌ നേതാക്കളുണ്ട്‌. ഓരോ കാലത്തും ഓരോ കഥകൾ സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ട്‌. രാഷ്‌ട്രീയ പ്രതിയോഗികളെ തകർക്കാൻ ഇഡിയെ ഉപയോഗിക്കുന്നുണ്ട്‌. ഡൽഹിയിൽ കെജ്‌രിവാളിനെതിരായ കേസ്‌ ഉദാഹരണമാണ്‌. സോണിയാഗാന്ധിക്കും രാഹുൽഗാന്ധിക്കുമെതിരായ കേസ്‌ തുടരുകയാണ്‌. ഇഡിക്ക്‌ ഇടപെടാൻ പൊലീസ്‌ കേസെടുക്കണമെന്നതിനാലാണ്‌ പന്ത്‌ കേരള സർക്കാരിന്റെ കോർട്ടിലേക്ക്‌ അടിച്ചതെന്നും ബാലഗോപാൽ മാധ്യമങ്ങളോട്‌ പറഞ്ഞു.


സർക്കാർ തുടർനടപടി 
സ്വീകരിക്കണമെന്ന്‌ ബിജെപി


പ്രതിപക്ഷനേതാവ്‌ പിണറായി വിജയനും കുടുംബത്തിനുമെതിരായ രാഷ്‌ട്രീയ വേട്ടയാടലിൽ ഇഡിയെ പിന്തുണച്ച്‌ ബിജെപി. ഇഡിയുടെ കൈയിൽ തെളിവുണ്ടെന്നും സംസ്ഥാന സർക്കാർ തുടർനടപടി സ്വീകരിക്കണമെന്നും ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസിയായ ഇഡി ഇതുവരെ എന്താണ്‌ കേസെടുക്കാത്തത്‌ എന്ന ചോദ്യത്തിന്‌ മറുപടി നൽകിയില്ല. സംസ്ഥാന സർക്കാരിന് ഇച്ഛാശക്തിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home