print edition സാഫ് കോ-ഓർഡിനേറ്റർമാരെ പിരിച്ചുവിടുന്നു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ് വകുപ്പിൽ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ (സാഫ്) പദ്ധതികളുടെ നടത്തിപ്പ് ചുമതലയുള്ള കോ– ഓർഡിനേറ്റർമാരെ സംസ്ഥാന സർക്കാർ വഴിയാധാരമാക്കുന്നു. നിലവിലുള്ളവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി പുതിയ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് 36 കോർഡിനേറ്റർമാരാണുള്ളത്.
വർഷങ്ങളായി ജോലിചെയ്യുന്ന കരാർ ജീവനക്കാരെ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ പിരിച്ചുവിടാൻ തുടങ്ങിയിരുന്നു. പകരം രാഷ്ട്രീയ നിയമനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സാഫിലെ മുഴുവൻ ജീവനക്കാരെയും ഒഴിവാക്കാനായിരുന്നു ആദ്യതീരുമാനം. അതിന്റെ ഭാഗമായി പുതിയ നിയമനത്തിന് വിജ്ഞാപനവുമിറങ്ങി. ചൊവ്വാഴ്ച രാവിലെ പഴയ വിജ്ഞാപനം പിൻവലിച്ച് കോർഡിനേറ്റർമാരുടെ നിയമനത്തിനുമാത്രമാക്കി അപേക്ഷ ക്ഷണിച്ചു.
തീരദേശ ഗ്രാമങ്ങളിലെ ജീവിതപ്രയാസം പരിഹരിക്കാനാണ് സാഫിന്റെ രൂപീകരണം. രണ്ടോ അതിലേറെയോ സ്ത്രീകൾ അംഗങ്ങളായ 1074 സംരംഭക യൂണിറ്റുകൾ സംസ്ഥാനത്തുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കോർഡിനേറ്റർമാരാണ്. 10മുതൽ 20വരെ വർഷമായി ഇൗ ചുമതല വഹിക്കുന്നവരുണ്ട്.
ഇവരെ നിയമിച്ചപ്പോഴുള്ള യോഗ്യത ബിരുദമായിരുന്നു. പരമാവധി പ്രായപരിധി 35 വയസ്സായിരുന്നു. പുതിയ നിയമനത്തിനുള്ള യോഗ്യത എംഎസ്ഡബ്ല്യു/ എംബിഎ ആണ്. പ്രായപരിധി 50. പ്രായപരിധി കഴിഞ്ഞവരും ഇൗ യോഗ്യതയില്ലാത്തവരുമാണ് നിലവിലുള്ളതിൽ ഏറെ പേരും. ഫെസിലിറ്റേറ്റർമാർ, ഓഫീസ് അസിസ്റ്റന്റ് എന്നിവരുടെ നിയമനത്തിനും അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും ഇത് തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷ മൂന്നുവരെ
സാഫ് മിഷൻ കോ–ഓർഡിനേറ്റർമാരുടെ നിയമനത്തിനുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ, യോഗ്യതയും പരിചയവും തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ആലുവ കിഴക്കേ കടുങ്ങല്ലൂരിലെ സാഫിന്റെ ഹെഡ് ഓഫീസിൽ ഒക്ടോബർ മൂന്നിന് വൈകിട്ട് നാലിനകം നൽകണം. വിവരങ്ങൾക്ക്: വെബ്സൈറ്റ് www.safkerala.o rg ഫോൺ: 0484 2607643.









0 comments