സാദിഖലി തങ്ങൾക്കെതിരായ പോസ്റ്റ്: പ്രതിയെ തിരിച്ചറിഞ്ഞു; 'ബ്ലാക്ക് മെയിലിങ് നടത്തി'

പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ (ഇടത്), സാദിഖലി ശിഹാബ് തങ്ങൾ (വലത്)
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുംവിധം സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടയാളെ പൊലീസ് തിരിച്ചറിഞ്ഞു. കാപ്പ കേസ് പ്രതിയായ മുഹമ്മദ് റോഷനാണ് പോസ്റ്റ് ഇട്ടത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
പൊലീസ് പറയുന്നത് ഇങ്ങനെ- മുഹമ്മദ് റോഷനും സംഘവും ജനുവരി 31ന് സാദിഖലി തങ്ങളുടെ ഒരു ബന്ധുവിനെ പെരിന്തൽമണ്ണയിലെ മാളിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ച് തങ്ങളുടെ ചില വീഡിയോകളും ഫോട്ടോകളും കാണിച്ചുകൊണ്ട് 15 കോടി രൂപ നൽകിയില്ലെങ്കിൽ അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന് വഴങ്ങാതെ വന്നതോടെയാണ് മാർച്ച് 21ന് 'shanu shanu' പുതിയ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് അപകീർത്തികരമായ രീതിയിൽ പോസ്റ്റ് പ്രചരിപ്പിച്ചത്.
പെരിന്തൽമണ്ണ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. മുഹമ്മദ് റോഷൻ മുൻപ് മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നുവെന്നാണ് വിവരം. മയക്കുമരുന്ന് സംഘത്തിന്റെ നേതാവാണ് ഇയാൾ. കൊച്ചി എളമക്കരയിലെ ഒരു അപ്പാർട്ട്‌മെന്റിൽ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഇയാൾ അറസ്റ്റിലായിരുന്നു.
പോസ്റ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കുള്ളിൽ പിൻവലിക്കപ്പെട്ടിരുന്നു. നേരത്തെ ബഷീറലി തങ്ങൾക്കെതിരെയും സമാനമായ രീതിയിൽ സോഷ്യൽമീഡിയയിൽ പ്രചാരണം നടത്തിയും ഇയാളാണെന്നാണ് സൂചന.
ഇതെല്ലാം മറച്ചുവെച്ച്, അപകീർത്തികരമായ പോസ്റ്റ് ഇട്ടത്തിന് പിന്നിൽ സിപിഐ എം അനുഭാവികളാണെന്നാണ് ലീഗ് നേതാക്കൾ പ്രചരിപ്പിച്ചത്.










0 comments