പ്രതിപക്ഷത്തിന് തുടർഭരണ ബേജാർ കലശൽ


സി കെ ദിനേശ്
Published on Mar 25, 2025, 12:00 AM | 1 min read
തിരുവനന്തപുരം: എൽഡിഎഫ് മൂന്നാമതും ഭരണത്തിലെത്തുമെന്ന ‘ബേജാർ’ പ്രതിപക്ഷത്തിന് മറച്ചുവയ്ക്കാനായില്ല. ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ നൂറു സീറ്റ് നേടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞത് അനവസരത്തിലായില്ലേയെന്ന് പ്രതിപക്ഷാംഗങ്ങൾക്കും തോന്നി. പി കെ കുഞ്ഞാലിക്കുട്ടിയുടെ സംശയം ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ടുകൾ ബൂത്തടിസ്ഥാനത്തിൽ നഷ്ടപ്പെട്ടില്ലേ, പിന്നെങ്ങിനെ എൽഡിഎഫ് തിരിച്ചുവരുമെന്നായിരുന്നു. അദ്ദേഹം വച്ച ഫോർമുല ഫലത്തിൽ കോൺഗ്രസിനെയാണ് ‘കുത്തി’യത്.
2019 ലോക്‌സഭ തെരഞ്ഞെടുപ്പിലും ബൂത്തിൽ വോട്ട് കുറഞ്ഞിരുന്നു, 2021 ൽ അതെല്ലാം എൽഡിഎഫിലേക്ക് തന്നെ വന്നുവെന്ന് എച്ച് സലാം ഓർമിപ്പിച്ചു.
ഭരണം കിനാവ് കാണുന്ന കോൺഗ്രസുകാർ, അതിന് കാരണമായി പറയുന്ന ആരോപണങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ എ പ്രഭാകരൻ ‘സാരംഗധാര’ സിനിമയിലെ ശിവാജി ഗണേശന്റെ ഡയലോഗ് ആണ് ഉദ്ധരിച്ചത്: ‘കണ്ണില്ലാതവൻ പാർത്താളാം.. കാതില്ലാത്തവൻ കേട്ടാളാം ..’ കണ്ണില്ലാത്തവനാണ് കണ്ടുവെന്ന് പറയുന്നത്, കേൾവിയില്ലാത്തവനാണ് കേട്ടുവെന്ന് പറയുന്നത്.
ചെന്നിത്തല ആവർത്തിക്കുന്ന ‘മിസ്റ്റർ ’ പ്രയോഗം അടുത്ത തവണ പ്രതിപക്ഷനേതാവാക്കാൻ പരിഗണിക്കുന്നതിനാണോ എന്ന് സെബാസ്‌റ്റ്യൻ കുളത്തിങ്കൽ.
ബിജെപി പ്രസിഡന്റായി ആരു വന്നാലും തങ്ങൾക്ക് ഒന്നുമില്ലെന്നും നേമത്തും തൃശൂരിലും വിജയിപ്പിച്ച കോൺഗ്രസ് ആഹ്ലാദിച്ചാൽ മതിയെന്നും വി കെ പ്രശാന്ത്.
കേരളത്തിന്റെ വരുമാനവർധന വെറും ക്യാപ്‌സൂൾ അല്ല. സമയമേറെ കിട്ടിയിട്ടും കേന്ദ്ര ഉപരോധത്തിനെതിരെ കോൺഗ്രസ് മിണ്ടിയില്ലെന്ന് കെ പ്രേംകുമാർ. സമയത്തിന്റെ കാര്യത്തിൽ കർശന നിലപാട് സ്പീക്കർ എ എൻ ഷംസീർ എടുത്തെങ്കിലും ഒരു ബിൽ ചൊവ്വാഴ്‌ചത്തേക്ക് മാറ്റേണ്ടി വന്നു.









0 comments