വിഴിഞ്ഞത്തെക്കുറിച്ച് മിണ്ടരുത് !

സി കെ ദിനേശ്: തിരുവനന്തപുരം ഒമ്പതുവർഷത്തിനിടെ പൂർത്തിയായ വൻകിട പദ്ധതികളെക്കുറിച്ച് പറഞ്ഞാൽ പ്രതിപക്ഷത്ത് വാലിൽ തീപിടിക്കുന്ന അവസ്ഥ. ദേശീയപാതയുടെ ക്രഡിറ്റ് ഗഡ്‌കരിക്ക് കൊടുക്കുന്ന കുഞ്ഞാലിക്കുട്ടി, വിഴിഞ്ഞമെന്ന് കേട്ടൽ ഹാലിളകുന്ന ചാണ്ടി ഉമ്മൻ. സന്ദേശം സിനിമയിലെ ഡയലോഗ് ‘പോളണ്ടിനെക്കുറിച്ച് മിണ്ടരുത്’ എന്നുപറഞ്ഞതു പോലെയായെന്ന് മന്ത്രി ബാലഗോപാൽ. കാവിവൽക്കരണത്തോട് മുസ്ലിംലീഗ് അംഗങ്ങളടക്കം സമരസപ്പെട്ടതാണ് സർവകലാശാല ബില്ലിന്റെ ഭേദഗതി ചർച്ചയിൽ കണ്ടത്.
സർവകലാശാലകൾ സംഘപരിവാർ പിടിച്ചാലും പ്രോ ചാൻസലറായ മന്ത്രിക്ക് അധികാരം കൊടുക്കരുത്! അതിന്റെ ചെലവ് 90 ശതമാനവും വഹിക്കുന്ന സംസ്ഥാനത്തിന് ഒരധികാരവും വേണ്ടെന്നാണോ പ്രതിപക്ഷം പറയുന്നതെന്ന് ഐ ബി സതീഷ്. എസ്‌എഫ്‌ഐയെ ‘അവന്മാർ, ഇവന്മാർ’ എന്നുവിളിച്ച രാഹുൽ മാങ്കൂട്ടത്തിലിനും കിട്ടി കൊട്ട്. ‘അവരവരുടെ സംസ്‌കാരം ഇവിടെ പ്രകടിപ്പിക്കുന്നു’. നേരത്തെ മന്ത്രി പി രാജീവ് കൃത്യമായി മറുപടി പറഞ്ഞതാണെങ്കിലും എ പി അനിൽകുമാറിന് സംശയം തീരുന്നില്ല. ഇ എം എസ് അയ്യൻകാളിയെക്കുറിച്ച് വല്ലതും പറഞ്ഞിട്ടുണ്ടോ? എം എം ഹസൻ എഴുതിയതെങ്കിലും വായിച്ചുകൂടെയെന്ന് സേവ്യർ ചിറ്റിലപ്പിള്ളി.
ഇ എം എസ് അയ്യൻകാളിയെക്കുറിച്ചെഴുതിയ ഭാഗങ്ങൾ ലിന്റോ ജോസഫ് ഉദ്ധരിച്ചതോടെ അക്കാര്യത്തിൽ തീരുമാനമായി. ഞങ്ങളുടെ കാലത്ത് തന്നെ കേരളം ഡിജിറ്റൽ സംസ്ഥാനമായെന്ന് അവകാശപ്പെട്ട പി കെ കുഞ്ഞാലിക്കുട്ടിയെ മന്ത്രി എം ബി രാജേഷ് തിരുത്തി. അക്ഷയ സെന്ററല്ല, സമ്പൂർണ ഡിജിറ്റൽ സംസ്ഥാനത്തിന്റെ കാര്യമാണ്, പ്രഖ്യാപിക്കാൻ പോകുന്നതേയുള്ളു– അദ്ദേഹം പറഞ്ഞു. മുഴുവൻ വകുപ്പിലും പിആർ വർക്കാണെന്ന് എ പി അനിൽകുമാർ ആരോപിച്ചത് പോസിറ്റീവായാണ് മന്ത്രി ബാലഗോപാൽ കണ്ടത്. ‘‘ഞങ്ങൾ ചെയ്യുന്നതെല്ലാം ജനങ്ങളിൽ എത്തുന്നുവെന്ന് സമ്മതിച്ചല്ലോ, അതുമതി. ’’









0 comments