ശബരിമലയുടെ മതാതീത ആത്മീയത ലോകത്തിന് മുന്നിൽ കൊണ്ടുവരാനാകണം: മുഖ്യമന്ത്രി

ഫോട്ടോ: മനു വിശ്വനാഥ്
പത്തനംതിട്ട: എല്ലാ ജാതിമത ചിന്തകൾക്കുമപ്പുറം എല്ലാവരും എത്തിച്ചേരുന്ന ഇടമായ ശബരിമലയുടെ മതാതീത ആത്മീയത ലോകത്തിന് മുന്നിൽ കൊണ്ടുവരാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മതനിരപേക്ഷ മൂല്യങ്ങളുടെ വിശുദ്ധിയിൽ തിളങ്ങുന്നതാണ് ശബരിമല ക്ഷേത്രം. രാജ്യാന്തരങ്ങളിൽനിന്നുള്ള ഭക്തരെ ആകർഷിക്കാനാകുംവിധം ശബരിമലയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനാകണം.മധുരയുടെയും തിരുപ്പതിയും മാതൃകയിൽ ശബരിമലയെയും ലോകത്തിന് മുൻപിൽ അവതരിപ്പിക്കുക എന്നതും അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതിഹ്യങ്ങളുമുണ്ട്. സമൂഹത്തിലെ ഏറ്റവും അധ:സ്ഥിതരെന്ന് കരുതപ്പെടുന്നവരുമായി ബന്ധപ്പെട്ടതാണത്. വേർതിരിവുകൾക്കും ഭേദചിന്തകൾക്കും അതീതമായ മതാതീത ആത്മീയതയെ ഉദ്ഘോഷിക്കുന്ന, എല്ലാവർക്കും പ്രാപ്തമായ ആരാധനാലയമാണ് ശബരിമല. അതുകൊണ്ടുതന്നെ ശബരിമലയെ ശക്തിപ്പെടുത്തേണ്ടത്.
ശബരിമലയുടെ സ്വീകാര്യത കൂടുതൽ സാർവത്രികമാക്കുക, അവിടുത്തെ വികസനപദ്ധതികൾ കൂടുതൽ പരിസ്ഥിതിക്ക് പരിക്കേൽക്കാത്തവിധം മുന്നോട്ടുകൊണ്ടുപോകുക, തീർത്ഥാടനം കൂടുതൽ ആയാസരഹിതമാക്കുക - തുടങ്ങിയവയാണ് ഈ സംഗമത്തിന്റെ ലക്ഷ്യങ്ങൾ. ലോകത്ത് എവിടെ നിന്നുമുള്ള അയ്യപ്പഭക്തർക്കും ശബരിമലയിൽ എത്തിച്ചേരാനും ദർശനം നടത്തി സുരക്ഷിതമായി മടങ്ങാനും ആവശ്യമായ സൗകര്യങ്ങൾ വിപുലപ്പെടുത്തേണ്ടതുണ്ട്. ബഹുമുഖമായ ഇടപെടലുകൾ അതിനാവശ്യമാണ്. നൂതന ഗതാഗത സൗകര്യങ്ങൾ ഒരുങ്ങണം. ഭാഷാഭേദമന്യേ അയ്യപ്പഭക്തർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനും രജിസ്ട്രേഷൻ നടത്തുന്നതിനുമുള്ള പോർട്ടലുകളും ഹെൽപ് ഡെസ്കും ഉണ്ടാകണം.
ലോകത്തെമ്പാടും അയപ്പഭക്തരുണ്ട്. അതിനാലാണ് ഈ സംഗമത്തിന് ആഗോള സ്വഭാവം കൈവരുന്നത്. കേരളത്തിൽ നിന്നുള്ള തീർത്ഥാടകൾ മാത്രമല്ല, രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് തീർത്ഥാടകരുടെ പ്രഭാവമുണ്ടാകുന്നുണ്ട്. ക്ഷേത്രത്തിന്റെ സാർവലൗകിക സ്വഭാവം മുൻനിർത്തിയാകണം ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്ന് ഇന്ന് ആളുകൾ എത്തുന്നത്. പലപ്പോഴും ഭക്തജനസാഗരം എന്ന് വിശേഷിപ്പിക്കാവുന്ന സാന്നിധ്യമാണ് ഇവിടെ ഉണ്ടാകുന്നത്. ഇത്രയും ആളുകൾ എത്തുമ്പോൾ ക്ഷേത്രപ്രവേശനം സുഗമമാക്കാൻ വലിയതോതിലുള്ള ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആഗോള അയ്യപ്പ സംഗമം നടത്തുന്നത്.
തീർത്ഥാടകർക്ക് എന്താണ് വേണ്ടതെന്നുള്ളത് സർക്കാരോ ദേവസ്വം ബോർഡോ ഏകപക്ഷീയമായി തീരുമാനിച്ച് നടപ്പാക്കുകയല്ല ചെയ്യുന്നത്. ഭക്തരിൽനിന്ന് തന്നെ മനസിലാക്കി വേണ്ടത് ചെയ്യുകയാണ് ആവശ്യം. ഇതിനോട് അയ്യപ്പഭക്തർ സഹകരിക്കുന്നു എന്നത് സന്തോഷമാണ്. യഥാർത്ഥ ഭക്തർക്ക് ഇങ്ങനെയേ ചെയ്യാനാകൂ. ഭക്തി പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ടയുണ്ടാകാം. അത് മുൻനിർത്തി അവർ ഭക്തജനസംഗമം തടയാൻ എല്ലാവിധ പരിശ്രമങ്ങളും നടത്തിനോക്കി. എന്നാൽ ആ വഴിക്കുള്ള ശ്രമങ്ങളെ സുപ്രീംകോടതി തന്നെ വിലക്കി എന്നത് ആശ്വാസകരമാണ്.
മാറുന്ന കാലത്തിനനുസരിച്ച് തീർത്ഥാടകപ്രവാഹം വർധിക്കുമ്പോൾ അത് ആവശ്യപ്പെടുന്നരീതിയിൽ ഉയർന്നുചിന്തിക്കേണ്ടതുണ്ട്. ചിലർ ഇത് തടയാൻ കോടതിയിൽവരെ പോയി എന്നത് ഖേദകരമാണ്. അയ്യപ്പനോടുള്ള ഭക്തിയോ വനപരിപാലത്തിനുള്ള താൽപര്യമോ വിശ്വാസപരമായ ശുദ്ധിയോ ഒന്നുമല്ല അവരെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.









0 comments