print edition ശബരിമല സന്ദർശനം: രാഷ്ട്രപതിയെ മന്ത്രി വി എൻ വാസവൻ അനുഗമിക്കും

പത്തനംതിട്ട: തുലാമാസ പൂജയുടെ അവസാന ദിവസമായ 22 ന് ശബരിമലയിലെത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ദേവസ്വംമന്ത്രി വി എൻ വാസവൻ അനുഗമിക്കും. 21ന് വൈകിട്ട് 6.30ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിയെ സ്വീകരിക്കും. 22ന് ഹെലികോപ്‌റ്ററിൽ രാഷ്ട്രപതിക്കൊപ്പം മന്ത്രി വി എൻ വാസവനുമുണ്ടാകും.
രാവിലെ 9.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഹെലികോപ്‌റ്ററിലാണ് രാഷ്ട്രപതിയും സംഘവും നിലയ്ക്കലെത്തുക. തുടർന്ന് റോഡുമാർഗം പമ്പയിലേക്കും അവിടുന്ന് പകൽ 11.10ന് ഗൂർഖ വാഹനത്തിൽ സന്നിധാനത്തേയ്‌ക്കും പോകും. ഒന്നിൽ രാഷ്ട്രപതി, പിഎസ്, എഡിസി, സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരും മറ്റൊന്നിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, ഭാര്യ, മന്ത്രി വി എൻ വാസവൻ, എന്നിവരും രാഷ്ട്രപതിയെ അനുഗമിക്കും.11.50ന് സന്നിധാനത്തെത്തും. പകൽ 12.20നും ഒന്നിനും ഇടയ്ക്കാണ് ശ്രീകോവിൽ ദർശനം.
തുടർന്ന് ദേവസ്വം ബോർഡിന്റെ കോംപ്ലക്സിൽ വിശ്രമം. ഇവിടെ രാഷ്ട്രപതിയുടെ ഭക്ഷണമടക്കമുള്ള സ ജ്ജീകരണങ്ങൾ ഒരുക്കുന്നത് വിനോദസഞ്ചാര വകുപ്പാണ്. മൂന്നിന് സന്നിധാനത്തുനിന്ന് പമ്പയിലേക്ക് തിരിക്കും. 3.30ഓടെ പമ്പയിലെത്തും. വൈകിട്ട് 4.10ന് നിലയ്ക്കൽ ഹെലിപ്പാഡിൽനിന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് തിരിക്കും. 5.05ന് എത്തും. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിൽ സുരക്ഷാ ഒരുക്കങ്ങളടക്കം വിലയിരുത്തി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. രാഷ്ട്രപതി എത്തുന്നതിനാൽ 22ന് ദർശനത്തിന് നിയന്ത്രണമുണ്ടാകും. സന്നിധാനത്തേയ്‌ക്കുള്ള വഴിയിൽ മരങ്ങൾ വെട്ടി വൃത്തിയാക്കുകയും ആവശ്യമായ നിർമാണ പ്രവൃത്തികൾ നടത്തുകയും ചെയ്തു. വനം, ആരോഗ്യ വകുപ്പുകളുടെ ഉന്നതസംഘം ശബരിമല സന്ദർശിച്ച് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ആർ ആനന്ദിന്റെ നേതൃത്വത്തിൽ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ സുരക്ഷാപരിശോധനയും നടത്തി. എത്ര പൊലീസുകാരെ സുരക്ഷാചുമതലയ്‌ക്ക് നിയോഗിക്കണമെന്നതടക്കം തീരുമാനങ്ങൾ ഞായറാഴ്ചയുണ്ടാകും. ഇതിനുമുമ്പ് ശബരിമല സന്ദർശനം നടത്തിയ രാഷ്ട്രപതി വി വി ഗിരിയാണ്. 1970കളിലായിരുന്നു അത്. അന്ന് ഡോളിയിലായിരുന്നു വി വി ഗിരിയുടെ യാത്ര.










0 comments