Deshabhimani

print edition ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ്: ജസ്റ്റിസ്‌ വി ജി അരുൺ നിരീക്ഷകൻ

sabarimala
വെബ് ഡെസ്ക്

Published on Sep 30, 2026, 12:48 AM | 1 min read

കൊച്ചി: ശബരിമല, മാളികപ്പുറം ക്ഷേത്ര മേൽശാന്തിമാരെ തെരഞ്ഞെടുക്കാനായുള്ള അഭിമുഖത്തിൽ നിരീക്ഷകനായി ഹെെക്കോടതി മുൻ ജഡ്ജി ജസ്‌റ്റിസ് വി ജി അരുണിനെ നിയോഗിച്ചു. മേൽശാന്തി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശബരിമല സ്‌പെഷൽ കമീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. ഒക്ടോബർ അഞ്ചിന് രാവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തിലും സന്നിധാനത്ത്‌ മേൽശാന്തി നറുക്കെടുപ്പിലും വി ജി അരുൺ പങ്കെടുക്കും.


ശബരിമലയിലേക്ക്‌- 48 അപേക്ഷയും മാളികപ്പുറത്തേക്ക്‌ -30 അപേക്ഷയുമാണ്‌ ലഭിച്ചത്‌. ശബരിമലയിലേക്ക് അഞ്ചുപേരെയും മാളികപ്പുറത്തേക്ക് മൂന്നുപേരെയും അഭിമുഖത്തിന് ശുപാർശ ചെയ്തു. ഇന്റർവ്യൂവിൽ നിശ്ചിത മാർക്ക് നേടുന്നവരുടെ പട്ടിക തയ്യാറാക്കി നറുക്കെടുപ്പിലൂടെയാണ്‌ മേൽശാന്തിമാരെ നിശ്ചയിക്കുക. വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.​


ഇന്റർവ്യൂ നടപടികൾ വീഡിയോയിൽ പകർത്താനും മാർക്ക് രേഖപ്പെടുത്താൻ ബോൾപോയിന്റ് പേന മാത്രം ഉപയോഗിക്കാനും കോടതി നിർദേശിച്ചു. മാർക്ക് ലിസ്റ്റിൽ നിരീക്ഷകൻ ഒപ്പിടണം. അഭിമുഖത്തിനുശേഷം നിരീക്ഷകനും സ്‌പെഷൽ കമീഷണറും മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കണം. മാർക്ക് ലിസ്റ്റും വീഡിയോ ദൃശ്യങ്ങളും മുദ്രവച്ച കവറിൽ ഒക്ടോബർ 15നകം ദേവസ്വം ബോർഡ് കോടതിയിൽ ഹാജരാക്കണം. കോടതിയുടെ പരിശോധനയ്ക്കുശേഷമേ നറുക്കെടുപ്പ് നടത്താനാകൂ എന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home