print edition ശബരിമല എസ്‌ഐടി അന്വേഷണം: മന്ത്രിമാർക്കിടയിൽ ഭിന്നത

തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിലെ പ്രത്യേക സംഘത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് യുഡിഎഫ് മന്ത്രിമാർക്കിടയിൽ ഭിന്നത. കേസിൽ പുതിയ അന്വേഷണം ആവശ്യമില്ലെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അഭിപ്രായം ദേവസ്വം മന്ത്രി കെ മുരളീധരൻ തള്ളി. പ്രത്യേകസംഘം നൽകുന്ന കുറ്റപത്രത്തിലെ കാര്യങ്ങൾ തൃപ്‌തികരമല്ലെങ്കിൽ ഇടപെടുമെന്ന് മുരളീധരൻ വ്യക്തമാക്കി.
കേസിൽ ഉന്നത കോൺഗ്രസ് നേതാക്കളടക്കം സംശയനിഴലിലാണ്. സ്വർണം കവർന്ന ഉണ്ണിക്കൃഷ്‌ണൻ പോറ്റിയും വാങ്ങിയ ഗോവർധനനും യുഡിഎഫ് നേതാക്കളായ അടൂർ പ്രകാശിനും ആന്റോ ആന്റണിക്കുമൊപ്പം കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ കാണുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.
മുഖ്യപ്രതികൾക്ക് ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധവും അന്വേഷിക്കുകയാണ്. പോറ്റിക്കും ഗോവർധനും ഡൽഹിയിലെയും കർണാടകത്തിലെയും ചില നേതാക്കളുമായി ഇടപാടുണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രതിയുടെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ സ്‌പെഷ്യൽ പ്ലീഡറായി നിയമിച്ചതെന്ന് ആരോപണമുണ്ട്.
പ്രദീപ് രാജിവച്ചതിനുപിന്നാലെയാണ് നിലവിൽ നടക്കുന്ന അന്വേഷണത്തെചൊല്ലിയുള്ള ഭിന്നാഭിപ്രായം. പ്രത്യേക സംഘത്തിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ്. അടുത്ത ദിവസം അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും.










0 comments