print edition ട്രാക്ക് തെറിച്ച് കേന്ദ്രവും യുഡിഎഫും; ശബരിപാത ശൂ...

കാടുമുടിയ കാലടി റയിൽവേ സ്റ്റേഷൻ
കൊച്ചി: ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും സംസ്ഥാനത്തെ യുഡിഎഫ് സർക്കാരും ട്രാക്ക് തെറ്റിച്ച പദ്ധതിയാണ് ശബരിപാത. ‘‘ശബരിപാത അനിശ്ചിതത്വത്തിലാണ്. ഇപ്പോൾ ഏറ്റെടുക്കാൻ പോകുന്നതും കേന്ദ്രസർക്കാരിന്റെ സജീവ പരിഗണനയിലുള്ളതും തേനി–എരുമേലി പാതയാണ്.’’–കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വാക്കുകളിലുണ്ട് ശബരിപാതയുടെ നേർചിത്രം.
തേനി–എരുമേലി റെയിൽവേ ലൈൻ തിരുവല്ല വഴി ചങ്ങനാശേരിയിൽ ചേരുന്ന രീതിയിൽ നിർമിക്കുന്നതിനെക്കുറിച്ചാണ് സുരേഷ്‌ഗോപിയുടെ പരാമർശം. ശബരിപാത ഇടംനേടാത്ത യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റുംകൂടി നോക്കുന്പോൾ പദ്ധതിയോടുള്ള കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സമീപനം വ്യക്തം.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികൾ ശബരിപാതയ്‌ക്ക് പുതുജീവനേകിയിരുന്നു. പദ്ധതിക്ക് 1900 കോടി രൂപ വിനിയോഗിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിർമാണച്ചെലവിന്റെ 50 ശതമാനം തുക കിഫ്‌ബിവഴി ചെലവഴിക്കാനും അംഗീകാരം നൽകി. നിലവിൽ 3800.9 കോടിയാണ് നിർമാണച്ചെലവ്. സ്ഥലമെടുപ്പ് ഓഫീസുകൾ വീണ്ടും തുറക്കാനും എൽഡിഎഫ് സർക്കാർ തീരുമാനിച്ചു.
എന്നാൽ, യുഡിഎഫ് സർക്കാർ വന്നതോടെ എല്ലാം നിലച്ചു. പണം നൽകാനും ഓഫീസുകൾ തുറക്കാനും നടപടിയില്ല. ജനപ്രതിനിധികളുടെ യോഗം വിളിക്കാമെന്ന മറുപടിയിൽ എല്ലാം ഒതുക്കുന്നു. ഇതിനിടയിലാണ് തേനി–എരുമേലി പാതയുമായി റെയിൽവേ അതിവേഗം മുന്നോട്ടുപോകുന്നത്. പാതയുടെ സർവേക്ക് റെയിൽവേ അനുമതി നൽകിയിട്ടുണ്ട്. 95 കിലോമീറ്ററാണ് ദൈർഘ്യം. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയും തേനി–എരുമേലി പദ്ധതിയോടുള്ള ‘പ്രത്യേക താൽപ്പര്യ’വും ശബരിപാതയ്‌ക്ക് അവസാന ആണിയാകും.










0 comments