ശുചിത്വത്തിന് പ്രൊഫഷണൽ നിലവാരം, ക്രൗഡ് മാനേജ്മെന്റിന് സാങ്കേതികവിദ്യ; സമഗ്ര മാറ്റത്തിനൊരുങ്ങി ശബരിമല തീർഥാടനം

File Photo
പത്തനംതിട്ട: ശബരിമല തീർഥാടനത്തിൽ സമഗ്രമാറ്റത്തിനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 2026-27 മണ്ഡല- മകരവിളക്ക് മഹോത്സവത്തിനായുള്ള ആദ്യ മുന്നൊരുക്ക യോഗവും കഴിഞ്ഞ മണ്ഡല-മരകരവിളക്ക് മഹോത്സവത്തിന്റെ വിലയിരുത്തലും ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്നു.
വരുന്ന മണ്ഡല - മകരവിളക്ക് മഹോത്സവത്തിനായുള്ള ഫെസ്റ്റിവൽ കൺട്രോൾ ഓഫീസ് ഏപ്രിൽ മാസത്തിൽ തന്നെ പമ്പയിൽ പ്രവർത്തനം ആരംഭിക്കും. ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവത്തിന് മാത്രമായി പ്രത്യേക ബഡ്ജറ്റ് തയ്യാറാക്കും. ശബരിമല മഹോത്സവ അക്കൗണ്ടുകൾ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ നേതൃത്വത്തിൽ തൽസമയം ഓഡിറ്റ് ചെയ്യാനും യോഗം തീരുമാനിച്ചു.
അടുത്ത തീർഥാടന കാലത്തിലേക്കുള്ള പുതിയ സമീപനരേഖ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ യോഗത്തിൽ അവതരിപ്പിച്ചു. സുരക്ഷ, ശുചിത്വം, സേവനങ്ങൾ, ആകർഷകമായ അന്തരീക്ഷം, ആശയവിനിമയവും പബ്ലിക് റിലേഷൻസും എന്നിങ്ങനെ 5 ശീർഷകങ്ങളിലായി വിശദമായ സമീപന രേഖയാണ് പ്രസിഡന്റ് അവതരിപ്പിച്ചത്.
ഭക്തർക്കുള്ള സേവനത്തിനാണ് പ്രാധാന്യം. ശുചീകരണത്തിനും ശുചിത്വത്തിനും പ്രൊഫഷണൽ നിലവാരം ഉറപ്പാക്കും. പ്രൊഫഷണൽ സമീപനം ഉറപ്പ് വരുത്തുന്നതിനായി ശബരിമല ഡ്യൂട്ടിക്കെത്തുന്ന എല്ലാ ദേവസ്വം ജീവനക്കാർക്കും ആഗസ്ത് -സെപ്തംബർ മാസങ്ങളിലായി പ്രത്യേക പരിശീലനം നൽകും. ക്രൗഡ് മാനേജ്‌മെന്റ്, ഭക്തജനങ്ങളുടെ സുരക്ഷ എന്നിവയ്ക്കായി കൂടുതൽ സാങ്കേതിക വിദ്യയുടെ സഹായം ഉറപ്പാക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പൊതു ബഡ്ജറ്റിന് പുറമേ ശബരിമല ഫെസ്റ്റിവലിന് മാത്രമായി പ്രത്യേകം ബഡ്ജറ്റ് തയ്യാറാക്കും. മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നതിന് ഒരുമാസം മുൻപെങ്കിലും മരാമത്ത് പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങുന്നതാണ് പുതിയ സമീപന രേഖ. സന്നിധാനത്ത് വിവിധ കേന്ദ്രങ്ങളിൽ ഭക്തർക്ക് സൗജന്യമായി മൊബൈൽ ചാർജിംഗ് പോയിന്റുകളും സമീപനരേഖ ഉറപ്പ് നൽകുന്നു. വരുന്ന ദേവസ്വം ബോർഡ് യോഗങ്ങളിൽ ആവശ്യമെങ്കിൽ സമീപന രേഖയിൽ കൂടുതൽ കൂട്ടിചേർക്കലുണ്ടാകും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.കെ.രാജു, അഡ്വ. പി.ഡി. സന്തോഷ്‌കുമാർ, ദേവസ്വം ബോർഡ് സെക്രട്ടറി പി.എൻ.ഗണേശ്വരൻ പോറ്റി, വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസർ വി.സുനിൽകുമാർ ഐ.പി.എസ്.,ചീഫ് എഞ്ചിനിയർ രഞ്ജിത്ത് കെ ശേഖർ ,ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ ഒ.ജി.ബിജു തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു










0 comments