മണ്ഡല–മകരവിളക്ക് കാലത്തിന് സമാപനംകുറിച്ച് 20ന് പുലർച്ചെ നടയടയ്ക്കും
print edition മകരവിളക്ക് ദർശിച്ച് തീർഥാടകലക്ഷങ്ങൾ ; സംതൃപ്‌തിയോടെ മലയിറക്കം

ശബരിമല സന്നിധാനത്തുനിന്ന് മകരവിളക്ക് ദർശിക്കുന്ന തീർഥാടകർ ഫോട്ടോ: -ജയകൃഷ്ണൻ ഓമല്ലൂർ
ശബരിമല
ശബരിമലയിൽ മകരവിളക്കും മകരസംക്രമപൂജയും തൊഴുത് തീർഥാടകലക്ഷങ്ങൾ മലയിറങ്ങി. വൈകിട്ട് 6.41ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിച്ചു. തീർഥാടകരാൽ സന്നിധാനവും പരിസരവും നിറഞ്ഞു.
തിരുവാഭരണ ഘോഷയാത്ര 6.28ന് പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിൽ എത്തിയപ്പോൾ ദേവസ്വംമന്ത്രി വി എൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ എന്നിവർ വരവേറ്റു. സോപാനത്തെത്തിച്ച തിരുവാഭരണ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ബോർഡ് അംഗങ്ങളായ പി ഡി സന്തോഷ് കുമാർ, കെ രാജു എന്നിവരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ദീപാരാധനയും മകരവിളക്കും തൊഴുത് സംതൃപ്‌തിയോടെയാണ് തീർഥാടകർ മലയിറങ്ങിയത്. പൊലീസ് സേന പഴുതടച്ച സുരക്ഷാക്രമീകരണമൊരുക്കി. ആരോഗ്യ വകുപ്പിന്റെ സേവനങ്ങൾ ആയിരങ്ങൾക്ക് ആശ്വാസമായി. കെഎസ്‌ആർടിസി വേണ്ടത്ര സർവീസുകൾ നടത്തി യാത്ര സുഗമമാക്കി.
19ന് നടയടച്ച ശേഷം മാളികപ്പുറത്ത് കുരുതി നടക്കും. 20ന് പുലർച്ചെ പന്തളം രാജപ്രതിനിധി ദർശനം നടത്തുന്നതോടെ മണ്ഡല– മകരവിളക്ക് കാലത്തിന് സമാപനം കുറിച്ച് നടയടയ്‌ക്കും.










0 comments