ad
Deshabhimani

പേട്ടതുള്ളൽ നാളെ, എരുമേലി ചന്ദനക്കുടം ഇന്ന്‌

print edition മകരവിളക്ക്‌ ; ഒരുക്കങ്ങൾ വേഗത്തിൽ, ശുദ്ധിക്രിയകൾ 12 മുതൽ

sabarimala
വെബ് ഡെസ്ക്

Published on Jan 10, 2026, 03:15 AM | 2 min read

ശബരിമല

ശബരിമലയിൽ മകരജ്യോതിയും മകരസംക്രമ പൂജയും 14ന് നടക്കും. പകൽ 2.45ന് നട തുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് മകരസംക്രമപൂജ നടക്കുക. കവടിയാർ കൊട്ടാരത്തിൽനിന്ന്‌ പ്രത്യേക ദൂതൻവശം കൊടുത്തയയ്ക്കുന്ന നെയ്യാണ് ഈ സമയം അഭിഷേകം ചെയ്യുക.


പന്തളം കൊട്ടാരത്തിൽനിന്ന്‌ കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി 14ന് വൈകിട്ട് 6.40ന് ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിക്കും. 12, 13 തീയതികളിൽ മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ ആരംഭിക്കും. ​


സന്നിധാനത്ത്‌ 15 വ്യൂപോയിന്റുകൾ​

സന്നിധാനത്ത് മാത്രം മകരവിളക്ക് ദർശിക്കാൻ കഴിയുന്ന 15 വ്യൂപോയിന്റുകളാണുള്ളത്. ഇവിടെ പ്രത്യേക സുരക്ഷ ഒരുക്കാനുള്ള നടപടികൾ തുടങ്ങി. വിവിധ വകുപ്പുകളുടെ ക്രമീകരണങ്ങളും അവസാനഘട്ടത്തിലാണ്. സന്നിധാനത്ത് തിരുമുറ്റം, മാളികപ്പുറത്ത് മണിമണ്ഡപം, അന്നദാന മണ്ഡപം, പാണ്ടിത്താവളം, ഡോണർ ഹൗസ് മുറ്റം, ഇൻസിനറേറ്റർ, പാണ്ടിത്താവളം ജലസംഭരണി, ഹോട്ടൽ സമുച്ചയത്തിന്റെ പിന്നിലെ വിശാലമായ ഗ്രൗണ്ട്, ദർശൻ കോംപ്ലക്സ് പരിസരം, ബിഎസ്എൻഎൽ ഓഫീസിന് എതിർവശം, കൊപ്രാക്കളം, ആഴിയുടെ പരിസരം, ജ്യോതി നഗർ, ഫോറസ്റ്റ് ഓഫീസ് പരിസരം, ജല അതോറിറ്റി ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് തടസമില്ലാതെ മകരവിളക്ക് കാണാൻ സൗകര്യമുള്ളത്.


സന്നിധാനത്ത് ഏറ്റവും കൂടുതൽ തീർഥാടകർ തങ്ങുന്നത് പാണ്ടിത്താവളം മേഖലയിലാണ്. ഇവിടെ ദേവസ്വം ബോർഡ് ബാരിക്കേഡ് സ്ഥാപിക്കും. എല്ലാ വ്യൂപോയിന്റുകളിലും പൊലീസിന്റെ പ്രത്യേക സുരക്ഷയും ആരോഗ്യവകുപ്പിന്റെ മെഡിക്കൽ സംവിധാനങ്ങളും ഉറപ്പാക്കും. പമ്പയിൽ ഹിൽടോപ്പിൽ മാത്രമാണ് മകരവിളക്ക് ദർശനത്തിന് സൗകര്യമുള്ളത്. മുൻ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടെ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും. ശബരിമലയ്‌ക്കുപുറത്ത് അട്ടത്തോട്, ആങ്ങമൂഴി പഞ്ഞിപ്പാറ, ഇലവുങ്കൽ, നെല്ലിമല, ഇടുക്കി ജില്ലയിലെ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും മകരവിളക്ക് ദർശനത്തിന് സൗകര്യമുണ്ട്.

പേട്ടതുള്ളൽ നാളെ, എരുമേലി ചന്ദനക്കുടം ഇന്ന്‌

എരുമേലി ചന്ദനക്കുടം ശനിയാഴ്ചയും പേട്ടതുള്ളൽ ഞായറാഴ്ചയും നടക്കും. ചന്ദനക്കുട മഹോത്സവത്തിന് തുടക്കം കുറിച്ച് ശനി പകൽ മൂന്നിന് അമ്പലപ്പുഴ സംഘവും എരുമേലി മഹല്ലാ ജമാഅത്തും ചേർന്നുള്ള സൗഹൃദ സംഗമം പള്ളി ഓഡിറ്റോറിയത്തിൽ നടത്തും. വൈകിട്ട്‌ ആറിന് പള്ളി വളപ്പിൽ ചേരുന്ന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യും. ചന്ദനക്കുട ഘോഷയാത്ര മന്ത്രി വി അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്യും. എരുമേലി പട്ടണം ചുറ്റി വരുന്ന ഘോഷയാത്ര ഞായർ പുലർച്ച 2.30ഓടെ പള്ളി വളപ്പിൽ സമാപിക്കും.ഞായർ പകൽ പന്ത്രണ്ടോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ എരുമേലി കൊച്ചമ്പലത്തിൽ നിന്നാരംഭിക്കും. ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ പകൽ മൂന്നിന്‌ തുടങ്ങും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home