ശബരിമല സ്വർണ്ണ മോഷണക്കേസ്: തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാഹര്‍ജി ഇന്ന് കോടതിയിൽ

കൊല്ലം: ശബരിമല സ്വർണ്ണ മോഷണക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാഹര്‍ജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. മനഃപൂർവ്വം കേസിൽ കുടുക്കിയതാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ആരോഗ്യസ്ഥിതി മോശമാണ് എന്നതുകൂടി ഇത്തവണ ഉന്നയിച്ചേക്കും.
ജയിലിലായതിന് പിന്നാലെ തന്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇതോടെ കഴിഞ്ഞമാസം 10ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു. പരിശോധനയുടെ അടിസ്ഥാനത്തിലാണ് ആൻജിയോഗ്രാം ചെയ്യാൻ തീരുമാനിച്ചത്. ആൻജിയോഗ്രാമിന് ശേഷം തുടർചികിത്സയുടെ കാര്യത്തിൽ തീരുമാനമെടുക്കും.
മോഷണത്തിൽ തന്ത്രിക്ക് കൃത്യമായ പങ്കുണ്ടെന്നും ഇതിന് ആചാരലംഘനം നടത്തി ഒത്താശ ചെയ്തെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചതും സ്വർണ്ണം കടത്താൻ മൗനാനുവാദം നൽകിയതും തന്ത്രിയാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇരുവരും തമ്മിൽ വർഷങ്ങളായുള്ള അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. തന്ത്രിയുടെ അറസ്റ്റോടെ കേസിൽ കൂടുതൽ ഉന്നതരുടെ പങ്ക് വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.










0 comments