ദേവസ്വം അഭിഭാഷകന്റെ നിയമനം ദുരൂഹം; നാണംകെട്ട് രാജി


സ്വന്തം ലേഖകൻ
Published on Jun 14, 2026, 01:19 AM | 1 min read
തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിലെ മുഖ്യപ്രതിയുടെ അഭിഭാഷകൻ ദേവസ്വംവകുപ്പിന്റെ സ്‌പെഷൽ പ്ലീഡർ സ്ഥാനമേറ്റെടുത്ത് 24 മണിക്കൂറിനകം രാജിവച്ചത് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും തിരിച്ചടിയായി. നിയമനം വിവാദമായതോടെയാണ് സ്‌പെഷ്യൽ പ്ലീഡർ കെ ബി പ്രദീപ് ശനിയാഴ്‌ച നാണംകെട്ട് രാജിവച്ചത്. ഇല്ലാത്ത തസ്‌തിക സൃഷ്‌ടിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ടാണ് കെ ബി പ്രദീപിനെ നിയമിച്ചത്. മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ ‘അളിയൻ’ ബെന്നി തോമസ് രാജിവച്ച് ഒരാഴ്‌ച തികയുംമുന്പാണ് അടുത്ത സ്വജനപക്ഷപാത നിയമനത്തിലെ രാജി.
വ്യാഴം രാത്രിയാണ് പ്രദീപിന്റെ നിയമന ഉത്തരവിറങ്ങിയത്. വെള്ളി ഹൈക്കോടതിയിൽ എജിയുടെ ഓഫ-ീസിൽ ചുമതലയേറ്റു. കോൺഗ്രസിന്റെ ഉന്നത നേതാക്കളടക്കം സംശയനിഴലിലുള്ള ശബരിമല സ്വർണമോഷണക്കേസിൽ ഹൈക്കോടതി നിയോഗിച്ച പ്രത്യേകസംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്പോഴാണ് വി ഡി സതീശന്റെ പ്രത്യേക താൽപര്യപ്രകാരമുള്ള നിയമനം. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണിത്. സ്വർണമോഷണക്കേസ് അട്ടിമറിക്കുന്നതിന് ആവശ്യമായ രേഖകൾ പ്രതിക്കായി കൈവശപ്പെടുത്താൻ അഭിഭാഷകന് സർക്കാർ തന്നെ അവസരമൊരുക്കിയെന്ന വിമർശവും ശക്തമായി. നേരത്തേ സമൂഹമാധ്യമത്തിൽ നരേന്ദ്ര മോദിയെ ഇന്ത്യയുടെ മഹാനായ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച പ്രദീപ്, രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുകയും ചെയ്‌തിരുന്നു.
അറസ്റ്റിലായ പ്രധാന പ്രതികളിലൊരാളായ ചെന്നൈ സ്‌മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്കുവേണ്ടി ഹൈക്കോടതിയിൽ ഹാജരായത് പ്രദീപായിരുന്നു. സ്വർണമോഷണക്കേസിനെ തള്ളിപ്പറഞ്ഞ് മാധ്യമങ്ങൾക്കുമുന്നിൽ സ്‌മാർട്ട് ക്രിയേഷൻസിനെ പ്രദീപ് ന്യായീകരിച്ചിരുന്നു. അങ്ങനെയൊരാളെയാണ് ദേവസ്വം വകുപ്പിനുവേണ്ടി ഹൈക്കോടതിയിൽ വാദിക്കാൻ പ്രധാന തസ്‌തികയിൽ നിയമിച്ചത്.
നിയമനം അറിഞ്ഞില്ലെന്നും മുഖ്യമന്ത്രി നേരിട്ടാണ് നിയമനം നടത്തിയതെന്നുമായിരുന്നു ദേവസ്വംമന്ത്രി കെ മുരളീധരന്റെ പ്രതികരണം. സ്വന്തംവകുപ്പിലെ നിയമനം മന്ത്രി അറിയാതെ മന്ത്രിസഭ അംഗീകരിക്കുമോ എന്ന ചോദ്യവും ഉയരുന്നു.
ഒരു കേസിൽ ഒരു കക്ഷിക്കുവേണ്ടി ഹാജരായ വ്യക്തി, അതേ കേസിൽ എതിർകക്ഷിക്കുവേണ്ടി ഹാജരാകാനോ നിയമോപദേശം നൽകാനോ പാടില്ലെന്ന് ബാർ കൗൺസിലിന്റെ ചട്ടമുണ്ട്. അങ്ങനെ ചെയ്യുന്നത് ഒൗദ്യോഗിക അച്ചടക്കലംഘനമാണെന്ന് സുപ്രീംകോടതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ലംഘിച്ചുകൊണ്ടാണ് ദേവസ്വംവകുപ്പിന്റെ സ്‌പെഷൽ പ്ലീഡർ നിയമനം നടന്നത്.










0 comments