ad
Deshabhimani

print edition ശബരിമല സ്വർണമോഷണക്കേസ്; യഥാർഥ പ്രതികളെ രക്ഷിക്കാൻ നീക്കം: പി രാജീവ്‌

P Rajeev Media Response
വെബ് ഡെസ്ക്

Published on Jun 13, 2026, 12:00 AM | 1 min read

കൊച്ചി : ശബരിമല സ്വർണമോഷണക്കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ദേവസ്വംവകുപ്പിന്റെ സ്പെഷൽ പ്ലീഡറായി നിയമിച്ചത്‌ കേസ്‌ അട്ടിമറിക്കാനും പ്രതികളെ രക്ഷപ്പെടുത്താനുമാണെന്ന്‌ മുൻ നിയമമന്ത്രി പി രാജീവ്‌.


പ്രതിഭാഗത്തിനുവേണ്ടി വാദിച്ച അഭിഭാഷകനെ ചുമതലയേൽപ്പിക്കാൻ ഒരു സർക്കാരും ധൈര്യപ്പെടില്ല. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഡയറക്‌ടർ ജനറൽ ഓഫ്‌ പ്രോസിക്യൂഷനാണ്‌ കേസിൽ ഹാജരായിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.

സോണിയ ഗാന്ധിയെ കാണാൻ ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് രണ്ടുതവണ അവസരം ലഭിച്ചതെങ്ങനെയാണെന്ന ചോദ്യത്തിന്‌ കോൺഗ്രസ്‌ മറുപടി പറഞ്ഞിട്ടില്ല. മൂന്ന്‌ പ്രതികളും ഒന്നിച്ചാണ്‌ അവരെ കണ്ടത്‌. സർക്കാരിന്റെ ഇപ്പോഴത്തെ നീക്കം യഥാർഥ പ്രതികളെ രക്ഷപ്പെടുത്താനാണെന്ന്‌ സംശയമുണ്ടെന്നും പി രാജീവ്‌ പറഞ്ഞു.


കള്ളന്റെ വക്കീലിനെ 
താക്കോൽ ഏൽപ്പിക്കരുത്: ബിനോയ് വിശ്വം


തിരുവനന്തപുരം : ശബരിമല സ്വർണമോഷണക്കേസ് പ്രതിയുടെ വക്കീലിനെ ദേവസ്വംവകുപ്പിന്റെ സ്പെഷ്യൽ ഗവൺമെന്റ്‌ പ്ലീഡറാക്കിയ നടപടി റദ്ദാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. നാടുമുഴുവൻ ‘സ്വർണം കട്ടവരാരപ്പാ'എന്ന പാട്ടുപാടി നടന്നവർ ഇപ്പോൾ കട്ടവരുടെ വക്കീലിനെത്തന്നെ താക്കോൽ ഏൽപ്പിച്ചതാണ് കേരളം കണ്ടത്.


സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയും സ്വർണക്കൊള്ളയുടെ മുഖ്യ സൂത്രധാരൻ ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധം അറിയാത്തവരായി ആരുമില്ല. അവർക്കുവേണ്ടി വാദിച്ച കെ ബി പ്രദീപ് എന്ന അഭിഭാഷകനെ വകുപ്പിനുവേണ്ടി നിയമിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന് ദേവസ്വംമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.


തെളിയുന്നത്‌ വഞ്ചനയുടെ ചെമ്പ്‌: 
കെ എൻ ബാലഗോപാൽ


തിരുവനന്തപുരം സ്വർണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ അവരുടെ ഏജന്റ്‌ തന്നെ സർക്കാർ വക്കീലാകുന്ന വിസ്മയമാണ്‌ ഇപ്പോൾ കാണുന്നതെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ എൻ ബാലഗോപാൽ. സോഷ്യൽ മീഡിയ റീലുകൾ ഉപയോഗിച്ച് ‘സ്വർണം പൂശിയെത്തിയ' യുഡിഎഫ് സർക്കാരിന്റെ വഞ്ചനയുടെ ചെമ്പ് ഓരോന്നായി തെളിയുകയാണ്‌. ശബരിമലയിൽ പോറ്റിയെ കയറ്റിയതാരാണെന്നും അത് ആർക്കുവേണ്ടിയാണെന്നും സാമാന്യബുദ്ധിയുള്ളവർക്ക് എളുപ്പത്തിൽ മനസിലാക്കാവുന്നതേയുള്ളൂ. ഈ വിഷയത്തിൽ കൂടുതൽ ദുരൂഹതകളുണ്ട്‌. വരുംദിവസങ്ങളിൽ സർക്കാരിന്റെ പല ചെമ്പുകളും തെളിഞ്ഞുവരും. കൂടുതൽ വിസ്മയങ്ങൾക്കായി കാത്തിരിക്കാമെന്നും അദ്ദേഹം ഫെയ്‌സ്‌ ബുക്കിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home