ad
Deshabhimani

print edition ശബരിമല സ്വർണമോഷണം: പ്രഭാമണ്ഡലവും ശ്രീകോവിൽ വാതിലും ഇളക്കി പരിശോധിക്കാൻ എസ്ഐടിക്ക് അനുമതി

Sabarimala Gold Theft
avatar
സ്വന്തം ലേഖിക

Published on Jun 09, 2026, 12:13 AM | 1 min read

കൊച്ചി: ശബരിമല സ്വർണമോഷണക്കേസ്‌ അന്വേഷണ ഭാഗമായി ശ്രീകോവിലിലെ പ്രഭാമണ്ഡലവും വാതിലിന്റെ മുകൾഭാഗത്തെ പാളിയും അഴിച്ച് പരിശോധിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി അനുമതി നൽകി. ഈ സാമ്പിളുകളുടെ പരിശോധനാഫലം നിർണായകമാണെന്നും അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തിന് 10 ദിവസംകൂടി സമയമനുവദിച്ച് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവായി.


ശബരിമലയിൽനിന്ന് നഷ്ടപ്പെട്ട സ്വർണത്തിന്റെ കൃത്യമായ അളവ് തിട്ടപ്പെടുത്താൻ ഈ പാളികളുടെ പരിശോധന അനിവാര്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ് ശശിധരൻ കോടതിയെ അറിയിച്ചു. 2019ൽ ചെന്നൈ സ്മാർട്ട്‌ ക്രിയേഷൻസിൽവച്ച് ലോഹപ്പാളികളിൽനിന്ന് സ്വർണം വേർതിരിച്ചെടുത്തതായി ജംഷഡ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിലെ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. ഇതിനായി പ്രതികൾ ഉപയോഗിച്ച രാസവസ്‌തുവും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. നാഷണൽ ലാബിലെ റിപ്പോർട്ടും വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ റിപ്പോർട്ടും ചേർത്തു പരിശോധിക്കുമ്പോൾ സ്വർണം മോഷ്ടിച്ച രീതിയെക്കുറിച്ച് വ്യക്തത ലഭിച്ചതായും അറിയിച്ചു.


കേസിൽ ഇതുവരെ 408 സാക്ഷികളെ വിസ്തരിച്ചു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസിലെ കംപ്യൂട്ടറുകളിൽനിന്ന് പിടിച്ചെടുത്ത മൂന്ന് ഹാർഡ് ഡിസ്കുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ഉടൻ ലഭിക്കും. അന്വേഷകസംഘത്തിലെ ഇൻസ്പെക്ടർ പി ബി അനീഷിനെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയറ്റിലേക്ക് നിയോഗിച്ചതിനാൽ അദ്ദേഹത്തെ സംഘത്തിൽനിന്ന് ഒഴിവാക്കാൻ കോടതി അനുമതി നൽകി. കേസ് 18ന് വീണ്ടും പരിഗണിക്കും.


2025 സെപ്തംബറിൽ ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൊതിഞ്ഞതുസംബന്ധിച്ച അന്വേഷണം പൂർത്തിയാക്കാൻ സമയം അനുവദിക്കണമെന്നും അഭ്യർഥിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home