ad
Deshabhimani

"ആരും പറഞ്ഞില്ല, അറിഞ്ഞില്ല"; ഉത്തരവ് ലംഘിച്ച് വാജിവാഹനം തന്ത്രിക്ക് കൈമാറിയതിൽ ന്യായീകരിച്ച് അജയ് തറയിൽ

sabarimala vajivahanam ajay tharayil

അജയ് തറയിൽ, കോൺ​ഗ്രസ് നേതാക്കളായ പ്രയാർ ​ഗോപാലകൃഷ്ണനും അജയ് തറയിലും തന്ത്രിക്ക് വാജിവാഹനം കൈമാറുന്നു (ഫയൽചിത്രം)

വെബ് ഡെസ്ക്

Published on Jan 16, 2026, 01:08 PM | 2 min read

തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്‌ഠര്‌ രാജീവർക്ക് വാജിവാഹനം കൈമാറിയതിൽ ഉരുണ്ടുകളിച്ച് കോൺ​ഗ്രസ് നേതാവും മുൻ ദേവസ്വം ബോർഡ്‌ അം​ഗവുമായ അജയ് തറയിൽ. വാജിവാഹനം തന്ത്രിക്ക് കൈമാറാനാകില്ലെന്ന ദേവസ്വം ബോർഡിന്റെ ഉത്തരവിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്നാണ് കോൺ​ഗ്രസ് നേതാവ് ന്യായീകരിച്ചത്. താന്ത്രികവിധി പ്രകാരമാണ് തന്ത്രിക്ക് കൊടുത്തത്. വാജിവാഹനം കൊടുക്കാനാകില്ലെന്ന് ആരും തന്നോട് പറഞ്ഞില്ലെന്നും അജയ് തറയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.


തന്ത്രി പറ്റിച്ചെന്ന് പറയുന്നില്ല. വാജിവാഹനം രണ്ട് കയ്യുംനീട്ടി സ്വീകരിച്ച് അദ്ദേഹം വീട്ടിൽ കൊണ്ടുപോകുകയായിരുന്നു. കൈമാറ്റത്തിൽ ഒരു തെറ്റുമില്ല. ദേവസ്വം ഉത്തരവിനെക്കുറിച്ച് അറിയുന്നത് ഇപ്പോഴാണ്- അജയ് തറയിൽ പറഞ്ഞു.


വാജിവാഹനം കൈവശംവെക്കാൻ തന്ത്രിക്ക് അധികാരമില്ലെന്ന് 2012ൽ ദേവസ്വം കമീഷണർ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് യുഡിഎഫ് ഭരണസമിതി തന്ത്രിക്ക് വാജിവാഹനം കൈമാറിയത്. ദേവസ്വം രേഖകളിൽ പൊതുസ്വത്തായി രേഖപ്പെടുത്തിയിട്ടുള്ള വാജിവാഹനം അന്നത്തെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പ്രയാർ ഗോപാലകൃഷ്‌ണനും അംഗമായ അജയ്‌ തറയിലും ചേർന്ന്‌ 2017ലാണ് തന്ത്രിക്ക്‌ കൈമാറിയത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.


ശബരിമലയിലെ കൊടിമരം മാറ്റിസ്ഥാപിച്ചതും പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രി വീട്ടിൽ കൊണ്ടുപോയതുമുൾപ്പെടെയുള്ള വിഷയങ്ങൾ പ്രത്യേക അന്വേഷകസംഘത്തിന്റെ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ്‌ നേതാവ്‌ പ്രയാർ ഗോപാലകൃഷ്‌ണൻ ദേവസ്വംബോർഡ്‌ പ്രസിഡന്റായ കാലത്താണ്‌ കൊടിമരം മാറ്റിസ്ഥാപിച്ചത്‌. അക്കാലത്താണ്‌ പഴയതിന്റെ മുകളിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി വീട്ടിൽ കൊണ്ടുപോയത്‌.


1971 ൽ നിർമിച്ച കൊടിമരം 2017ൽ മാറ്റിസ്ഥാപിച്ചത് ചിതലരിച്ചുവെന്നുപറഞ്ഞാണ്. തേക്കിൽ തീർത്ത, സ്വർണം പൊതിഞ്ഞ കൊടിമരമാണ്‌ സ്ഥാപിച്ചത്‌. ചിതലരിച്ചു എന്നാണ്‌ പറഞ്ഞതെങ്കിലും കേടുപാടുകൾ ഉള്ളതായി അന്നത്തെ ദൃശ്യങ്ങളിലില്ല. പഴയ കൊടിമരത്തിന്റെ മുകളിലുണ്ടായിരുന്ന വാജിവാഹനമാണ്‌ കഴിഞ്ഞദിവസം എസ്‌ഐടി തന്ത്രി കണ്‌ഠര്‌ രാജീവരുടെ വീട്ടിൽനിന്ന്‌ കണ്ടെടുത്തത്‌. ഇത്‌ യഥാർഥ വാജിവാഹനമാണോ എന്നും എസ്‌ഐടി അന്വേഷിക്കും. കട്ടിളപ്പാളിയിലെ സ്വർണമോഷണ കേസിൽ തന്ത്രിയെ അറസ്‌റ്റു ചെയ്തശേഷം തന്ത്രിയുടെ വീട്‌ പരിശോധിച്ചപ്പോഴാണ്‌ വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുത്തത്‌.


അയ്യപ്പന്റെ വാഹനമായ കുതിരയുടെ രൂപമാണ് വാജി വാഹനം. കൊടിമരത്തിൽ സ്ഥാപിക്കുന്ന വാജിവാഹനം ആ അർഥത്തിൽ വിഗ്രഹം തന്നെയാണ്. പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ ഇതിന്‌ 11 കിലോ തൂക്കമുണ്ട്. കോടികൾ മൂല്യമുള്ള പുരാവസ്തു കൂടിയാണിത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home