print edition ശബരിമല സ്വർണമോഷണം: തന്ത്രിയുടെ ജാമ്യം റദ്ദാക്കാൻ അപ്പീൽ

കൊച്ചി: ശബരിമല സ്വർണമോഷണക്കേസിലെ 16–-ാംപ്രതി തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷകസംഘം (എസ്ഐടി) ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവില്ലെന്ന കൊല്ലം വിജിലൻസ് കോടതിയുടെ ജാമ്യ ഉത്തരവിലെ പരാമർശം നീക്കണമെന്നും ആവശ്യപ്പെട്ടു. ഗൂഢാലോചനയിലൂടെ ശബരിമലയ്ക്ക് വലിയ നഷ്ടവും പ്രതികൾക്ക് വൻ സാമ്പത്തികലാഭവും ഉണ്ടായെന്നും തന്ത്രിക്കെതിരായ തെളിവുകൾ നിരത്തിയ ഹർജിയിൽ ബോധിപ്പിച്ചു. ഹർജി അടുത്ത ദിവസം പരിഗണിക്കും.
ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നതിന് തെളിവായി ശബ്ദസന്ദേശങ്ങളുണ്ടെന്ന് അപ്പീലിൽ പഞ്ഞു. ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ കത്തിന് 2019 ജൂൺ 16ന് തന്ത്രി അനുകൂല മറുപടി നൽകിയതോടെയാണ് തട്ടിപ്പിന് വഴിയൊരുങ്ങിയത്. 1998ൽ പാളികളിൽ സ്വർണം പൂശുമ്പോൾ കണ്ഠര് രാജീവരായിരുന്നു തന്ത്രിസ്ഥാനത്ത്. ശിൽപ്പപാളിയടക്കം സ്വർണം പൂശിയതാണെന്ന് ബോധ്യമുണ്ടായിട്ടും ചെമ്പുപാളികൾ എന്നെഴുതിയ മഹസറിൽ തന്ത്രി ഒപ്പുവച്ചു.
സ്വർണം പൂശുന്നതിന് ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ അപേക്ഷയും അതിനുള്ള തന്ത്രിയുടെ അനുമതിയും തയ്യാറാക്കിയത് ഒരേ വേർഡ് ഫയലിലാണ്. ഇത് തയ്യാറാക്കിയത് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ സിസ്റ്റത്തിലുമാണ് –അപ്പീലിൽ പറഞ്ഞു. തന്ത്രിയുടെ മൊബൈൽഫോണിൽ നിന്നും തെളിവുകളും തന്ത്രിക്ക് സ്വകാര്യസ്ഥാപനത്തിൽ കോടികളുടെ നിക്ഷേപം ഉള്ളതായും കണ്ടെത്തിയിട്ടുണ്ടെന്ന് ഹർജിയിൽ എസ്ഐടി ബോധിപ്പിച്ചു.










0 comments