ad
Deshabhimani

print edition ജനകീയ പോരാട്ടങ്ങളുടെ 
നായകൻ

pinarayi
avatar
പിണറായി 
വിജയൻ

Published on Jul 21, 2026, 12:07 AM | 3 min read

കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റെയും പുരോഗമനോന്മുഖ മുന്നേറ്റങ്ങളുടെയും ചരിത്രത്തിൽ തന്റേതായ മുദ്രപതിപ്പിച്ച വി എസ് ഓർമയായിട്ട് ഒരുവർഷം തികയുന്നു. പൊതുസമൂഹത്തിനാകെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാകാത്ത നഷ്‌ടമാണ് അദ്ദേഹത്തിന്റെ വേർപാടെന്ന്‌ കൂടുതലായി നമുക്ക് ബോധ്യപ്പെട്ട ഘട്ടംകൂടിയാണിത്. യൗവ്വനത്തിന്റെ സിംഹഭാഗവും അദ്ദേഹം വിനിയോഗിച്ചത്, തൊഴിലാളികളെയും കർഷകരെയും ജന്മിത്തത്തിനും കൂലി അടിമത്തത്തിനും എതിരെ സംഘടിപ്പിക്കുന്നതിനുവേണ്ടിയാണ്. അത്തരത്തിൽ അദ്ദേഹത്തെ രൂപപ്പെടുത്തിയെടുക്കുന്നതിൽ വളർന്ന ചുറ്റുപാടുകളും അക്കാലത്തെ പുരോഗമന രാഷ്‌ട്രീയമുന്നേറ്റങ്ങളും വലിയ പങ്കുവഹിച്ചു.


ബാല്യത്തിൽത്തന്നെ കടുത്ത ജീവിതപ്രതിസന്ധികളെ നേരിടേണ്ടിവന്നയാളാണ്‌ വി എസ്. ബാല്യം കഴിയുന്നതിനു മുമ്പേതന്നെ മാതാപിതാക്കളെ നഷ്‌ടപ്പെട്ടു. ജീവിതപ്രതിസന്ധികൾ കാരണം പഠനം തുടരാൻ കഴിയാത്തതിനാൽ പിന്നീട് ജ്യേഷ്‌ഠൻ ഗംഗാധരന്റെ ജൗളിക്കടയിൽ സഹായിയായി. കടയിലെത്തുന്നവരുടെ രാഷ്‌ട്രീയചർച്ചകൾ വി എസിനെ സ്വാധീനിച്ചു. അതിനിടയിലാണ് അദ്ദേഹം ആസ്‌പിൻവാൾ കയർ കമ്പനിയിൽ തൊഴിലാളിയായത്.


കേരളത്തിലെ കയർ വ്യവസായത്തിന്റെയും കയറുൽപ്പന്ന കയറ്റുമതിയുടെയും പ്രധാന കേന്ദ്രമായിരുന്നു ആലപ്പുഴ. പിയേഴ്സ് ലെസ്‌ലിയും ഡാറാസ്‌മെയിലും പോലുള്ള നിരവധി ബ്രിട്ടീഷ് കയർ കമ്പനികൾ ആലപ്പുഴയിൽ സജീവമായിരുന്നു. ഇവിടങ്ങളിൽ പതിനായിരക്കണക്കിന് തൊഴിലാളികളും ഉണ്ടായിരുന്നു. ആലപ്പുഴ കയർ ഫാക്ടറി തൊഴിലാളി യൂണിയൻ, ചേർത്തല കയർ ഫാക്‌ടറി തൊഴിലാളി യൂണിയൻ, മുഹമ്മ കയർ ഫാക്‌ടറി തൊഴിലാളി യൂണിയൻ എന്നീ സംഘടനകൾക്കുപിന്നിൽ തൊഴിലാളികൾ ഒരേമനസ്സോടെ അണിചേർന്ന കാലമായിരുന്നു അത്. മാത്രമല്ല മത്സ്യത്തൊഴിലാളി യൂണിയൻ, ചെത്തുതൊഴിലാളി യൂണിയൻ, ഓയിൽ ആൻഡ്‌ കന്നിട്ട തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ കീഴിലും തൊഴിലാളികൾ സംഘടിതശക്തിയായ കാലം. കയർ ഫാക്‌ടറികൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച തൊഴിലാളി യൂണിയനുകളുടെ യോഗങ്ങളിൽ സഖാവ് പി കൃഷ്‌ണപിള്ളയുടെ സാന്നിധ്യം തൊഴിലാളികൾക്ക് വലിയ ആവേശമാണ് പകർന്നത്. സൈമൺ ആശാൻ, ആർ സുഗതൻ, കെ വി പത്രോസ്, പി എൻ കൃഷ്‌ണപിള്ള, ശ്രീകണ്ഠൻ നായർ, ടി വി തോമസ് തുടങ്ങിയവരായിരുന്നു പ്രധാന നേതാക്കൾ. ഇവരുടെ ഇടയിലേക്കാണ് വി എസ് അച്യുതാനന്ദനും കടന്നുചെന്നത്. ചുരുങ്ങിയ കാലംകൊണ്ട് കയർ ഫാക്‌ടറി തൊഴിലാളികളുടെ പ്രധാന നേതാക്കളിലൊരാളായി മാറാൻ വി എസിന്‌ കഴിഞ്ഞു.


1940 മുതൽ 85 വർഷക്കാലം അദ്ദേഹം പാർടി അംഗമായി തുടർന്നു. 1941ൽ സഖാവ് പി കൃഷ്‌ണപിള്ളയുടെ നിർദേശപ്രകാരം കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി കുട്ടനാട്ടിലേക്ക്‌ പോയ സഖാവ് കൂലി അടിമത്തം, ജാതി അടിമത്തം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾക്കെതിരെ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചു. കുട്ടനാട്ടിലെ ഗ്രാമങ്ങളിലൂടെ ദീർഘദൂരം നടന്ന് കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചു. തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ എന്ന പേരിലൊരു സംഘടന രൂപീകരിച്ചായിരുന്നു പ്രവർത്തനം. കർഷകത്തൊഴിലാളികളുടെ അധ്വാനത്തിന് ആനുപാതികമായ കൂലിയും മറ്റവകാശങ്ങളും നൽകണമെന്നാവശ്യപ്പെട്ട് എണ്ണമറ്റ സമരങ്ങൾ കുട്ടനാടിന്റെ വിവിധ മേഖലകളിൽ വി എസ് സംഘടിപ്പിച്ചു. അതിലൂടെ കർഷകത്തൊഴിലാളികളെ അവകാശബോധമുള്ളവരും സംഘടിതശക്തിയുമാക്കി മാറ്റുന്നതിന് അദ്ദേഹത്തിന്‌ സാധിച്ചു.


​തിരുവിതാംകൂറിന്റെ ഭരണമേറ്റെടുത്ത ദിവാൻ സർ സി പി രാമസ്വാമി അയ്യർ അമ്പലപ്പുഴ–-ചേർത്തല താലൂക്കുകളിലാകെ ഭീകരത അഴിച്ചുവിട്ട കാലം. ദിവാന്റെ പൊലീസും പട്ടാളവും അവകാശങ്ങൾ ചോദിച്ച തൊഴിലാളികളെ അടിച്ചമർത്തുകമാത്രമല്ല, തൊഴിലാളികളുടെ വീടുകളിൽ കയറി സ്‌ത്രീകളെയടക്കം അതിക്രമിക്കുകയും ചെയ്‌തിരുന്നു. അവകാശബോധമുള്ള തൊഴിലാളികൾ ദിവാന്റെ ഭീകരതയ്‌ക്കെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. വി എസും പി കെ ചന്ദ്രാനന്ദനും എം ടി ചന്ദ്രസേനനും എം കെ സുകുമാരനുമൊക്കെയാണ് ഇതിനായി തീരുമാനിക്കപ്പെട്ടത്. പുന്നപ്ര–വയലാറുമായി പര്യായപ്പെട്ടുനിൽക്കുന്നു വി എസിന്റെ പേര്.


​ദിവാന്റെ പൊലീസിനെ നേരിടാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ പട്ടാളത്തിൽനിന്ന്‌ തിരിച്ചെത്തിയ വി കെ കരുണാകരനെപ്പോലുള്ളവരും അവരോടൊപ്പം കൂടി. വാരിക്കുന്തമുണ്ടാക്കി പൊലീസിനെയും പട്ടാളത്തെയും നേരിടാനുള്ള പരിശീലനത്തിന്‌ വേദിയൊരുങ്ങിയത് ഇങ്ങനെയായിരുന്നു. പാർടി നിർദേശപ്രകാരം ഒളിവിൽ പോയ വി എസിനെ അറസ്റ്റ്‌ചെയ്‌തു. ആദ്യം പൊലീസ് ഔട്ട്പോസ്റ്റിലും പിന്നീട് പാലാ പൊലീസ് ലോക്കപ്പിലും കൊണ്ടുപോയി. അവിടെ ഇടിയൻ നാരായണപിള്ള എന്ന എസ്‌ഐയുടെ നേതൃത്വത്തിൽ ഭീകരമായി മർദിച്ചു. പി കൃഷ്‌ണപിള്ളയും ഇ എം എസും കെ വി പത്രോസും എവിടെയാണെന്ന് പറയണമെന്നാവശ്യപ്പെട്ടായിരുന്നു മർദനം. പൊലീസുകാർ അവശരായി എന്നതല്ലാതെ ഒരു രഹസ്യവും അവരോട്‌ പറയാൻ വി എസ് തയ്യാറായില്ല. ഒളിവിലും തെളിവിലും ജയിലിലുമായി നീണ്ട പോരാട്ടമായിരുന്നു വി എസിന്റെ ജീവിതം.


ജനകീയ പോരാട്ടങ്ങളുടെ സമരനായകനായിരുന്ന വി എസ്, ജനപ്രതിനിധിയായും പ്രതിപക്ഷനേതാവായും മുഖ്യമന്ത്രിയായും അവസാനം ഭരണപരിഷ്‌കാര കമീഷൻ ചെയർമാനായും പ്രവർത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ജനോന്മുഖവും അടിസ്ഥാനവർഗങ്ങൾക്ക്‌ മോചനവഴി തെളിക്കുന്നതുമായ എത്രയോ നടപടികൾക്ക് അദ്ദേഹം നേതൃത്വം നൽകി.

​തൊഴിലാളിവർഗമുന്നേറ്റങ്ങൾ കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങൾക്ക് നൽകിയ ഈടുറ്റ സംഭാവനയായിരുന്നു സഖാവ് വി എസ്. സാമൂഹികവും സാമ്പത്തികവുമായ വിവേചനങ്ങളിൽപ്പെട്ട് ഉഴറിയിരുന്ന കേരളസമൂഹത്തെ ഇന്ന്‌ കാണുന്ന നിലയിലേക്ക് കൈപിടിച്ച്‌ നടത്തുന്നതിൽ അതുല്യമായ സംഭാവന നൽകി ആ സഖാവ്. എന്നാലിന്ന്, കമ്യൂണിസ്റ്റ് പ്രസ്ഥാനവും പുരോഗമനകാലവും ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനവുമൊക്കെ രൂപപ്പെടുത്തിയെടുത്ത കേരളത്തെ തകർക്കാനുള്ള ദ്വിമുഖ ആക്രമണം നടക്കുന്നു. ഒന്ന് കേന്ദ്രത്തിന്റെ വക. രണ്ടാമത്തേത് കേരളത്തിലെ സർക്കാരിന്റെ വക.


​കേന്ദ്രം അർഹതപ്പെട്ടതൊക്കെ കേരളത്തിന് നിഷേധിക്കുമ്പോൾ മറുത്ത് ഒരക്ഷരം പറയാതെ ആ ഭരണത്തോട്‌ രാഷ്‌ട്രീയദാസ്യം കാണിക്കുകയാണ് യുഡിഎഫ് സർക്കാർ. ഇത് കേരളത്തിന്റെ താൽപ്പര്യത്തെ മുച്ചൂടും തകർക്കുകയാണ്. വന്ദേമാതരം മുതൽ വഖഫ് വരെ ഈ ദാസ്യനിലപാട് കണ്ടു. ഏതായാലും ദുസ്സഹമായ ജീവിതഘട്ടമാണ് യുഡിഎഫ് ഭരണം സൃഷ്ടിക്കുക എന്നതിന്റെ സൂചനകൾ ഈ ഹ്രസ്വഘട്ടംകൊണ്ടുതന്നെ വേണ്ടതിലധികമായി. ഇതിനൊക്കെ എതിരായ പോരാട്ടങ്ങൾക്കുള്ള ഊർജമാണ് വി എസ് സ്‌മരണ നമുക്ക് തരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home