ഡിവൈഎഫ്‌ഐ ഹൃദയപൂർവം
അന്നം മുടങ്ങില്ല

സ്വന്തം ലേഖിക
Published on Jul 21, 2026, 12:05 AM | 1 min read
പത്തനംതിട്ട
തലച്ചിറ സ്വദേശിനി ഷിനി രാജു തന്റെ കൈക്കുഞ്ഞുമായി അതിരാവിലെ എത്തിയതാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ. കാലിൽ നീരുബാധിച്ച കുഞ്ഞിനെ ഡോക്ടറെ കാണിച്ചും രക്തം പരിശോധിച്ചും ഫലത്തിനായി കാത്തിരുന്നും സമയം ഉച്ചയായി.
പകൽ ഒന്നോടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊതിച്ചോറുമായി ആശുപത്രിയിലെത്തി. കുഞ്ഞിനെയുമെടുത്ത് നീണ്ട നിരയിൽ ഷിനിയും കയറി. ചൂട് മായാത്ത പൊതി വാങ്ങി മടങ്ങി. ഇങ്ങനെ ദിവസവും നൂറുകണക്കിന് പേരുടെ വിശപ്പടക്കുകയാണ് ഡിവൈഎഫ്‌ഐ ഹൃദയപൂർവം പദ്ധതി. തിങ്കളാഴ്ച അയിരൂർ നോർത്ത് മേഖലാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു പൊതിച്ചോറ് വിതരണം. 12.30 മുതൽ ആശുപത്രി മുറ്റത്ത് ആളുകൾ തടിച്ചുകൂടിയിരുന്നു. ചോറിനായി കാത്തുനിൽക്കുന്നവരുടെ നിര റോഡിലേക്കും നീണ്ടു. സർക്കാർ ആശുപത്രികളിൽ ആരും ഭക്ഷണം നൽകേണ്ടെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവനയോട് ആ സാധാരണക്കാരുടെ പ്രതികരണം ഇങ്ങനെ.
ചോറിൽ രാഷ്‌ട്രീയമില്ല
ഭക്ഷണത്തിൽ രാഷ്‌ട്രീയം ചേർക്കുന്നത് ശരിയല്ല. ജനറൽ ആശുപത്രിയിൽ ദിവസവും നൂറുകണക്കിന് പേരുണ്ട്. പലതവണ അത് കഴിച്ചയാളാണ് ഞാനും. ഭക്ഷണം മുടങ്ങില്ലെന്ന പ്രതീക്ഷയിൽ ഒരുപാട് പേരുണ്ട്. അവരുടെ ആ പ്രതീക്ഷയാണ് പുതിയ സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. അത് അംഗീകരിക്കാനാകില്ല.
ഷിനി രാജു
തലച്ചിറ
അവർക്കറിയില്ല ഇതിന്റെ മഹത്വം
എത്രയോ പാവങ്ങളുടെ വിശപ്പ് മാറ്റുന്നതാണ് ഇൗ പൊതിച്ചോറുകൾ. സർക്കാർ ആശുപത്രികളിൽ വരുന്നവർക്കല്ലേ ഇതിന്റെ ഗുണമറിയൂ. അതറിയാത്ത ചില രാഷ്‌ട്രീയക്കാർക്ക് ഇൗ ചോറിന്റെ മഹത്വമറിയില്ല. അത് ഇല്ലാതാക്കിയിട്ട് ആരോഗ്യമന്ത്രിയടക്കം ഉള്ളവർക്ക് എന്ത് കിട്ടാനാണ്? ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയാണ് ആളുകളെത്തുന്നത്. ദിവസവും പണം നൽകി സഹായിക്കാൻ നമുക്കാകില്ലല്ലോ. അപ്പോൾ അവനവനെക്കൊണ്ട് ആകുംപോലെ പൊതിച്ചോറ് തയാറാക്കി നൽകും.
റജൂല മീരാസാഹിബ്
വലഞ്ചുഴി










0 comments