ad
Deshabhimani

print edition ചോദ്യമുനയിൽ അടൂർ പ്രകാശ്‌: പോറ്റിയുമായുള്ള സ‍ൗഹൃദം എസ്ഐടിയോട് സമ്മതിച്ചു

Adoor Prakash .JPG
avatar
സ്വന്തം ലേഖകൻ

Published on Feb 08, 2026, 12:10 AM | 2 min read

തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്‌ എംപിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷകസംഘം. എസ്ഐടിയുടെ പല ചോദ്യങ്ങൾക്കും പരസ്പര വിരുദ്ധമായ മറുപടിയാണ് അടൂർ പ്രകാശ് പറഞ്ഞത്. അതുകൊണ്ട്‌ വീണ്ടും ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. കോൺഗ്രസ് എം പി ആന്റോ ആന്റണി, മുൻ ദേവസ്വം ബോർഡ് അംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിൽ എന്നിവരെയും ചോദ്യം ചെയ്‌തേക്കും. മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി യുഡിഎഫ് കൺവീനറിന് വർഷങ്ങളായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത്‌ അടൂർ പ്രകാശ് സമ്മതിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് മൂന്ന് മണിക്കൂറാണ്‌ ചോദ്യംചെയ്തത്. അടൂർ പ്രകാശുമായി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ചില ഇടപാടുള്ളതായും എസ്ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്‌. ഈ ഇടപാടിന് ശബരിമല സ്വർണമോഷണക്കേസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ അടൂർ പ്രകാശിന് കൂടുതൽ കുരുക്കാകും.


ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടറെന്ന നിലയിലാണ്‌ അടുപ്പമെന്നാണ്‌ അടൂർ പ്രകാശ് പറയുന്നത്. എന്നാൽ, ആറ്റിങ്ങലിൽ എംപിയാകുന്നതിനും വർഷങ്ങൾക്കുമുമ്പ് പോറ്റിയുടെ കൈയിൽനിന്ന് ഉപഹാരം വാങ്ങുന്നചിത്രം പുറത്തുവന്നു. കേസിലെ മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും പല തവണ അടൂർ പ്രകാശിനും ആന്റോ ആന്റണിക്കും ഒപ്പം അതീവ സുരക്ഷയുള്ള ഡൽഹിയിലെ സോണിയ ​ഗാന്ധിയുടെ വീട്ടിലുമെത്തി.


ബംഗളൂരുവിലെ അയ്യപ്പ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പോറ്റി 2004ൽ യുഡിഎഫ് കാലത്താണ് തന്ത്രി കണ്ഠര് രാജീവരുടെ സഹായിയായി ശബരിമലയിലെത്തുന്നത്. അന്ന് ദേവസ്വം മന്ത്രി കെ സി വേണുഗോപാലായിരുന്നു. അടൂർ പ്രകാശ്‌ അന്ന് മന്ത്രിയായിരുന്നെന്നതും പോറ്റിക്ക് തുണയായി. 2006-ൽ എൽഡിഎഫ് സർക്കാർ വന്നതോടെ മലയിറങ്ങിയ പോറ്റി പിന്നീട് വരുന്നത് 2012ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്. അന്നും അടൂർ പ്രകാശ് മന്ത്രിയായിരുന്നു. ചില കള്ളക്കളികൾ കണ്ടെത്തിയതോടെ ദേവസ്വം വിജിലൻസ് പോറ്റിയെ 2013ൽ പുറത്താക്കി. എന്നാൽ, 2014-ൽ വീണ്ടും മേൽശാന്തിയുടെ സഹായിയായെത്തി. അന്ന് ദേവസ്വം മന്ത്രി വിഎസ് ശിവകുമാറും ദേവസ്വം സെക്രട്ടറി ശിവകുമാറിന്റെ സഹോദരൻ വി എസ് ജയകുമാറുമാണ്. 2015-ൽ മുൻ കോൺഗ്രസ് എംഎൽഎ പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റും കോൺഗ്രസ് നേതാവ് അജയ് തറയിൽ അംഗമായും പുതിയ ഭരണസമിതി വന്നു. അന്നാണ്‌ സ്‌പോൺസറായി അവതരിച്ചത്‌.

കോൺഗ്രസ് ബന്ധം വെളിപ്പെടുത്തി പോറ്റി


ശബരിമല സ്വർണമോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വീണ്ടും ചോദ്യം ചെയ്തു. കേരളത്തിലെയും കർണാടകത്തിലെയും കോൺഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെന്ന് പോറ്റി പറഞ്ഞതായാണ് വിവരം. ആ ബന്ധം ഉപയോഗിച്ചാണ് സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയതെന്നും പോറ്റി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home