അന്വേഷണം ഹൈദരാബാദിലേക്കും
ശബരിമല ശിൽപ്പപാളിയിലെ സ്വർണമോഷണം ; എസ്ഐടി രണ്ട് എഫ്ഐആർ സമർപ്പിച്ചു

ആർ രാജേഷ്
Published on Oct 14, 2025, 03:07 AM | 1 min read
പത്തനംതിട്ട
ശബരിമല ദ്വാരപാലക ശിൽപ്പപാളിയിലെയും കട്ടിളപ്പടികളിലെയും സ്വർണം 2019ൽ മോഷണംപോയ സംഭവത്തിൽ പ്രത്യേക അന്വേഷകസംഘം (എസ്ഐടി) റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ രണ്ട് എഫ്ഐആർ സമർപ്പിച്ചു. ഒരു കേസിൽ 10 പ്രതികളും രണ്ടാമത്തേതിൽ എട്ട് പ്രതികളുമുണ്ട്. ആജീവനാന്ത തടവോ രണ്ടു വർഷംമുതൽ 10 വർഷംവരെ തടവും പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
കേസുകളിലെല്ലാം ഐപിസി 34 ചേർത്തിട്ടുണ്ട്. 403, 406, 409, 466, 467 വകുപ്പുകൾകൂടി അനുസരിച്ചാണ് കേസ്.
മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി
എസ്ഐടി കോടതിയിൽ സമർപ്പിച്ച രണ്ടു കേസിലും ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ്. പ്രതിപ്പട്ടികയിൽ മുരാരി ബാബു, സുധീഷ് കുമാർ, എസ് ജയശ്രീ, സുനിൽകുമാർ, കെ എസ് ബൈജു, ആർ ജി രാധാകൃഷ്ണൻ, വി എസ് രാജേന്ദ്രപ്രസാദ്, കെ രാജേന്ദ്രൻനായർ, 2019 ലെ ദേവസ്വം കമീഷണർ, തിരുവാഭരണം കമീഷണർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേഷൻ ഓഫീസർ, അസിസ്റ്റന്റ് എൻജിനിയർ, ദേവസ്വം ബോർഡ് എന്നിവരുമുണ്ട്.
അമിക്കസ് ക്യൂറി പരിശോധന പൂർത്തിയാക്കി
ശബരിമലയിലെ അമൂല്യവസ്‌തുക്കളുടെ കണക്കെടുപ്പിന് ഹൈക്കോടതി നിയമിച്ച അമിക്കസ്‌ക്യൂറി ജസ്‌റ്റിസ് കെ ടി ശങ്കരൻ സന്നിധാനത്ത് പരിശോധന പൂർത്തിയാക്കി മടങ്ങി. ശനിയാഴ്ച ആരംഭിച്ച പരിശോധന തിങ്കൾ വൈകിട്ടാണ് സമാപിച്ചത്. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് അദ്ദേഹം മടങ്ങിയതെന്നും പറയുന്നു. റിപ്പോർട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ചിന് കൈമാറും.
അന്വേഷണം ഹൈദരാബാദിലേക്കും
തിരുവനന്തപുരം
സ്വർണപ്പാളി ഒരു മാസത്തോളം കൈവശം വച്ച ഹൈദരാബാദ് സ്വദേശി നാഗേഷിൽനിന്ന് അന്വേഷകസംഘം ഹൈദരാബാദിലെത്തി വിവരങ്ങൾ തേടും. സന്നിധാനത്തും ചെന്നൈ സ്‌മാർട്ട് ക്രിയേഷൻസ് ഓഫീസിലും തിങ്കളാഴ്‌ചയും പരിശോധന നടത്തി. ആറാഴ്‌ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശ മെന്നതിനാൽ സംഘം വിപുലീകരിക്കും.









0 comments