ശിൽപ്പപാളിയിലെ സ്വർണ്ണമോഷണം ; വഴിയൊരുക്കിയത്‌ കോൺഗ്രസ്‌ ബിജെപി സംഘടനാ നേതൃത്വം

Sabarimala Gold Layer congress bjp alliance
avatar
ആർ രാജേഷ്‌

Published on Oct 12, 2025, 03:06 AM | 2 min read


പത്തനംതിട്ട

ദ്വാരപാലക ശിൽപ്പപാളികൾ ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക്‌ കടത്തിക്കൊണ്ടുപോകാൻ പഴുതടച്ചുള്ള വഴിയൊരുക്കിയത്‌ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കോൺഗ്രസ്‌– ബിജെപി അനുകൂല സംഘടനാ നേതാക്കൾ അടങ്ങുന്ന സംഘം. 2019 മാർച്ചിൽ അറ്റകുറ്റപ്പണിയുടെ പേരിൽ ഇവ കടത്താൻ ഒത്താശചെയ്ത ദേവസ്വം സെക്രട്ടറിയും കമീഷണറും അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറും സ്‌മിത്തുമെല്ലാം തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെയും എംപ്ലോയീസ്‌ സംഘിന്റെയും നേതാക്കളും സജീവ പ്രവർത്തകരും. ബോർഡിന്റെ അനുമതിയുണ്ടെന്ന വ്യാജേനയാണ്‌ ദേവസ്വം സെക്രട്ടറിയായിരുന്ന എസ്‌ ജയശ്രീ ഉത്തരവിറക്കിയതെന്ന്‌ വിജിലൻസും കണ്ടെത്തിയിരുന്നു.


ദേവസ്വം ചട്ടങ്ങൾ ലംഘിച്ചുള്ള കൈമാറ്റത്തിന്‌ മഹസറിൽ വ്യാപക കൃത്രിമമാണ്‌ നടത്തിയത്‌. ചെമ്പുപാളിയെന്ന്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ മുരാരി ബാബു രേഖപ്പെടുത്തിയ മഹസറിന്റെ വിശ്വാസ്യത ഉറപ്പിക്കാൻ തന്ത്രിയെയും മേൽശാന്തിയെയും കൊണ്ട്‌ ഒപ്പുവച്ചിരുന്നു. എന്നാൽ തിരുവാഭരണം കമീഷണറോ കമീഷണർ ഓഫീസിലെ ദേവസ്വം സ്‌മിത്തോ ഒപ്പുവച്ചില്ല. ഇവരാണ്‌ "കാര്യങ്ങൾ പരിശോധിച്ച് ബോധ്യപ്പെട്ടു'വെന്ന് കാണിച്ച്‌ പ്രധാനമായും ഒപ്പിടേണ്ടത്. കോൺഗ്രസ് നേതാവായ തിരുവാഭരണം കമീഷണർ കെ എസ്‌ ബൈജു ഇക്കാര്യത്തിൽ വലിയ വീഴ്‌ച വരുത്തി. സ്വർണമാണോ ചെമ്പുപാളിയാണോയെന്ന് സ്‌മിത്തിനെ കൊണ്ട് പരിശോധിപ്പിച്ചതുമില്ല.


തിരുവാഭരണ കമീഷൻ ഓഫീസിലെ സ്‌മിത്ത്‌ എൽ രാധാകൃഷ്‌ണനെ രോഗകാരണം പറഞ്ഞ്‌ അവധിയെടുപ്പിച്ച്‌ വൈക്കം ഡെപ്യൂട്ടി കമീഷണർ ഓഫീസിലെ സ്‌മിത്ത്‌ വി എം കുമാറിനെ കൊണ്ടുവന്ന്‌ ഒപ്പിടീച്ചതിലും ദുരൂഹതയുണ്ട്‌. പാറശാല മുതൽ വടക്കൻ പറവൂർ ഗ്രൂപ്പിലെ അങ്കമാലി കോതകുളങ്ങര മേജർ ക്ഷേത്രങ്ങളിലെ തിരുവാഭരണ പരിശോധനയ്‌ക്ക്‌ തിരുവാഭരണ കമീഷണർ ഓഫീസിലെ സ്‌മിത്തിനാണ്‌ ചുമതല.


അങ്ങനെയുള്ള ജീവനക്കാരൻ അസ‍ൗകര്യമുണ്ടെങ്കിൽ തൊട്ടടുത്ത പത്തനംതിട്ട ഡെപ്യൂ‍ട്ടി കമീഷണർ ഓഫീസിലെ സ്‌മിത്തിനെ വിളിക്കുന്നതിന്‌ പകരം വൈക്കത്തുനിന്ന്‌ ആളെയെത്തിച്ചത്‌ സംശയമുണർത്തുന്നു. വൈക്കം ഡെപ്യൂട്ടി കമീഷണർ ഓഫീസിലെ വി എം കുമാർ കോൺഗ്രസ്‌ പ്രവർത്തകനാണ്‌.

മാറിനിന്നതിന്‌ സ്‌മിത്തിന്‌ 
വീടിനടുത്ത്‌ ജോലി

തിരുവാഭരണം കമീഷണർ ഓഫീസിലെ സ്‌മിത്ത്‌ എൽ രാധാകൃഷ്‌ണന്‌ വീടിനടുത്ത്‌ പത്തനംതിട്ട ഡെപ്യൂട്ടി കമീഷണർ ഓഫീസിൽ പ്യൂണായി ജോലി നൽകിയായിരുന്നു ‘ഉപകാര സ്‌മരണ’. പിന്നീട്‌ ദേവസ്വം മരാമത്തിലേക്ക്‌ ഇ‍ൗ തസ്‌തികയിൽതന്നെ മാറ്റി. 



തുടർന്ന്‌ പത്തനംതിട്ട ദേവസ്വത്തിൽ എൽഡി ക്ലർക്കായി പ്രമോഷൻ. ഇ‍ൗ ഘട്ടത്തിലാണ്‌ ക്ഷേത്രത്തിലെത്തിയ സ്‌ത്രീയിൽനിന്ന്‌ അരലിറ്റർ എള്ളുപായസത്തിന്‌ 130 രൂപ വാങ്ങി രസീതുനൽകി ബുക്കിൽ ‘പുണ്യാഹം’ എന്നുരേഖപ്പെടുത്തി 10 രൂപ ഇ‍ൗടാക്കിയത്‌.സംഭവം വിവാദമായതോടെ ഫ്രണ്ട്‌– സംഘ്‌ നേതാക്കൾ ഇടപെട്ട്‌ കേസൊതുക്കി. നിലവിൽ സബ്‌ ഗ്ര‍ൂപ്പ്‌ ഓഫീസറായ രാധാകൃഷ്‌ണൻ നാട്ടിൽ ആർഎസ്‌എസിന്റെ സജീവ പ്രവർത്തകനാണ്‌.​



deshabhimani section

Related News

View More
0 comments
Sort by

Home