ശിൽപ്പപാളി സ്വർണം പൂശാൻ നൽകിയത്‌ 
കോൺഗ്രസ് നേതാവ്

Sabarimala Gold Layer congress
avatar
ആർ രാജേഷ്‌

Published on Oct 08, 2025, 01:19 AM | 1 min read


പത്തനംതിട്ട

ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി 2019ൽ സ്വർണംപൂശാനായി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക്‌ നൽകിയത്‌ കോൺഗ്രസ് നേതാവായ ദേവസ്വം ഉദ്യോഗസ്ഥന്റെ ഒത്താശയിൽ. അന്നത്തെ തിരുവാഭരണ കമീഷണറും തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന എക്സിക്യൂട്ടീവംഗവുമായിരുന്ന കെ എസ് ബൈജുവിന്റെ അറിവോടെയാണ് ശിൽപ്പപാളി ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇവ കൈമാറിയത് ദേവസ്വം ചട്ടങ്ങൾ ലംഘിച്ചാണ്‌.


സ്വർണമടക്കം ദേവസ്വത്തിന്റെ ഏത് മുതൽ കൈമാറുമ്പോഴും മഹസറിൽ അവ രേഖപ്പെടുത്തി ഒപ്പുവെയ്ക്കണം. തിരുവാഭരണം കമീഷണർ, ദേവസ്വം സ്മിത്ത് എന്നിവരാണ് കാര്യങ്ങൾ പരിശോധിച്ച് ബോധ്യപ്പെട്ടുവെന്ന് ഒപ്പിടേണ്ടത്. 2019 മാർച്ചിൽ അറ്റകുറ്റപ്പണിക്കായി ശിൽപ്പപാളി കൊണ്ടുപോയത്‌ തിരുവാഭരണം കമീഷണറുടെയോ സ്‌മിത്തിന്റെയോ ഒപ്പില്ലാതെയാണെന്നാണ് വിവരം. 2019 ആഗസ്തിലാണ് ശിൽപ്പപാളികൾ ശബരിമലയിൽ തിരിച്ചെത്തിച്ചത്. സ്വർണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയപ്പോൾ മഹസറിൽ ചെമ്പുപാളി എന്നാണ് അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രേഖപ്പെടുത്തിയത്. ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ രേഖപ്പെടുത്തിയതെന്നതിൽ വ്യക്തതയില്ല.


കോൺഗ്രസ് നേതാവായ തിരുവാഭരണം കമീഷണറും ഇക്കാര്യത്തിൽ വലിയ വീഴ്ച വരുത്തി. സ്വർണമാണോ ചെമ്പുപാളിയാണോയെന്ന് ദേവസ്വം സ്മിത്തിനെക്കൊണ്ട് പരിശോധിപ്പിച്ചില്ല. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയപ്പോഴും തിരിച്ചുകൊണ്ടുവന്നപ്പോഴും ആധികാരികത തിരുവാഭരണം കമീഷണർ ഉറപ്പുവരുത്തിയില്ല. ഓരോ ആറുമാസംകൂടുമ്പോഴും പൊതു കാണിക്ക സമയങ്ങളിലും സ്വർണം, വെള്ളി എന്നിവയടക്കമുള്ള മുതൽ പരിശോധിച്ച് വ്യക്തത വരുത്തണമെന്നാണ് ചട്ടം. എന്നാൽ അതും ബോർഡിലെ ചില ഉദ്യോഗസ്ഥർ പാലിച്ചില്ല.


ദേവസ്വം ബോർഡിൽനിന്ന്‌ വിരമിച്ചവരുടെ കോൺഗ്രസ് അനുകൂല സംഘടനയുടെ സംസ്ഥാന ട്രഷററാണ് കെ എസ് ബൈജു. ഇദ്ദേഹത്തിന്റെകൂടി അറിവോടെയാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും സൂചനയുണ്ട്. 2019ലെ വിഷയം ഇപ്പോൾ സംസ്ഥാന സർക്കാരിനെതിരെ തിരിക്കുന്നതിനുപിന്നിലും വൻ ഗൂഢാലോചനയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home