ശിൽപ്പപാളി കടത്തിയത് ദേവസ്വം ബോര്‍ഡ് ഉത്തരവ് തിരുത്തി ; കൂട്ടുനിന്നത് കോൺഗ്രസ് അനുകൂലികൾ

എസ് കിരൺബാബു
Published on Oct 11, 2025, 01:51 AM | 1 min read
തിരുവനന്തപുരം
ദേവസ്വം ബോർഡിന്റെ ഉത്തരവ് തിരുത്തിയാണ് ശബരിമല ദ്വാരപാലക ശിൽപ്പപാളി 2019 ൽ സ്വർണംപൂശാൻ ചെന്നൈക്ക് കൊണ്ടുപോയതെന്ന് വിജിലൻസ് റിപ്പോർട്ട്.
ഇതിലൂടെ സ്വർണം തട്ടിയെടുക്കാൻ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൂട്ടുനിന്നത് കോൺഗ്രസ് അനുകൂലികളായ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരാണെന്നും തെളിഞ്ഞു. ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച അന്തിമ അന്വേഷണ റിപ്പോർട്ടിലാണ് ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്തുവന്നത്. സ്വർണപ്പാളി നവീകരണത്തിനായി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടരുതെന്ന് 2019 ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനമെടുത്ത് ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് അന്നത്തെ ദേവസ്വം ബോർഡ് സെക്രട്ടറിയും കോൺഗ്രസ് അനുകൂലിയുമായിരുന്ന എസ് ജയശ്രീ തിരുത്തി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപ്പാളികൾ കൊടുത്തുവിടാൻ നിർദേശം നൽകി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ് സ്വർണപ്പാളി നിറം മങ്ങിയെന്നും നവീകരിക്കണമെന്നും നിർദേശിച്ചത്.
തുടർന്ന് മുരാരി ബാബുവും തിരുവാഭരണ കമീഷണറായിരുന്ന കെ എസ് ബൈജു, എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് എന്നിവർ ചേർന്നാണ് സ്വർണപ്പാളി ചെമ്പ് പാളിയെന്ന് രേഖയുണ്ടാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ജയശ്രീ ഉൾപ്പെടെ നാലുപേരും കോൺഗ്രസ് അനുകൂലികളായ ബോർഡ് ഉദ്യോഗസ്ഥരാണ്.
തിരുവാഭരണം കമീഷണറുടെ നേതൃത്വത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ ശാസ്ത്രവിധി പ്രകാരം സ്വർണം പൊതിഞ്ഞ ദ്വാരപാലക ശിൽപ്പ പാളികൾ കൊണ്ടുപോകാമെന്നായിരുന്നു ദേവസ്വം ബോർഡ് നിർദേശിച്ചിരുന്നത്. ഇതാണ് ഉദ്യോഗസ്ഥർ അട്ടിമറിച്ച് സ്വർണം കവർച്ച ചെയ്യാൻ അവസരമൊരുക്കിയത്. സ്വർണം പൂശിയശേഷം തിരികെ കൊണ്ടുവന്ന ശിൽപ്പ പാളിയുടെ തൂക്കം കുറഞ്ഞതായി അറിവുണ്ടായിട്ടും തിരുവാഭരണം കമീഷ്ണർമാരായിരുന്ന ആർ ജി രാധാകൃഷ്ണൻ ദേവസ്വം ബോർഡിനെ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.








0 comments