print edition സന്നിധാനത്ത് എസ്ഐടി പരിശോധന ; കട്ടിളപ്പടിയിലെ സാമ്പിൾ ശേഖരിച്ചു

ആർ രാജേഷ്
Published on Nov 18, 2025, 02:30 AM | 1 min read
ശബരിമല
ദ്വാരപാലക ശിൽപ്പപാളികളിലെയും ശ്രീകോവിൽ കട്ടിളപ്പാളികളിലെയും സ്വർണം അപഹരിച്ച കേസിൽ സന്നിധാനത്ത് പ്രത്യേക അന്വേഷകസംഘം നിർണായക പരിശോധന നടത്തി. കട്ടിളപ്പാളി, ദ്വാരപാലകപീഠങ്ങൾ, ശ്രീകോവിലിന്റെ നാലുവശത്തെയും കൽത്തൂണുകളിലെ പാളികൾ എന്നിവയിൽനിന്നുമാണ് സാമ്പിൾ ശേഖരിച്ചത്.
2019ൽ ഇവിടെനിന്ന് സ്വർണം പൊതിഞ്ഞ് നവീകരിക്കാൻ കൊണ്ടുപോയ ശിൽപ്പപാളികളിലെയും കട്ടിളപ്പടിയിലെയും ശ്രീകോവിൽ തൂണുകളിലെയും പാളികളിൽ സ്ഥാപിച്ച സ്വർണവും ചെമ്പും ഒത്തുനോക്കുന്ന ശാസ്ത്രീയ പരിശോധനയ്‌ക്കായാണ് ഇത്. ഇവ ഒരേസമയം സ്ഥാപിച്ചതാണ്. നഷ്ടപ്പെട്ട സ്വർണം പാളികളിൽനിന്ന് വേർതിരിച്ചെടുത്തതാണോ അതോ ശിൽപ്പപാളികൾ പൂർണമായി മാറ്റിയോ എന്നെല്ലാമുള്ള സംശയങ്ങൾ ദുരീകരിക്കുകയാണ് എസ്ഐടിയുടെ ലക്ഷ്യം.
തിങ്കളാഴ്ച ഉച്ചപൂജയ്ക്ക് നടയടച്ചപ്പോൾ ഇവയെല്ലാം ഇളക്കിയെടുത്തായിരുന്നു പരിശോധന. അളവ്, തൂക്കം, ഗുണനിലവാരം എന്നിവ സംബന്ധിച്ച പ്രാഥമിക പരിശോധനയ്ക്ക് ഇവ സന്നിധാനത്തെ തന്ത്രിമഠത്തിന് സമീപത്തെ മുറിയിലെത്തിച്ചു. വൈകിട്ടോടെ പരിശോധന പൂർത്തിയായി. രാത്രി നടയടച്ചശേഷം പാളികളും പീഠവും പുനഃസ്ഥാപിച്ചു. രണ്ട് മണിക്കൂർ പരിശോധന നീണ്ടു. സാമ്പിൾ കാക്കനാട്ടെ മുഖ്യലാബിൽ പരിശോധനയ്ക്ക് അയക്കും. എസ്ഐടി സംഘത്തലവൻ എസ്‌പി എസ് ശശിധരൻ, സിഐ ആർ ബിജു, ദേവസ്വം സ്‌ഷെഷ്യൽ കമീഷണറും കൊട്ടാരക്കര സെപ്ഷ്യൽ ജഡ്ജിയുമായ ആർ ജയകൃഷ്ണൻ എന്നിവർ പരിശോധനയ്ക്ക് മേൽനോട്ടം നൽകി.
ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്‌റ്റിസ് കെ ടി ശങ്കരന്റെ മൂന്നുദിവസം നീണ്ട സന്നിധാനത്തെ പരിശോധനയും തിങ്കളാഴ്‌ച പൂർത്തിയായി.










0 comments