അഴിമതി നിരോധന വകുപ്പ് ചേർത്തു ; ദേവസ്വം മുൻ സെക്രട്ടറിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും , മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് നീളും
print edition ശബരിമല ശിൽപ്പപാളി കേസുകൾ ഇനി കൊല്ലം വിജിലൻസ് കോടതിയിൽ

ആർ രാജേഷ്
Published on Nov 13, 2025, 12:15 AM | 2 min read
പത്തനംതിട്ട
ശബരിമല ദ്വാരപാലക ശിൽപ്പപാളികളിലെയും കട്ടിളപ്പടികളിലെയും സ്വർണം അപഹരിച്ച കേസുകൾ ഇനി കൊല്ലം എൻക്വയറി കമീഷണർ ആൻഡ് സെപ്‌ഷ്യൽ ജഡ്‌ജി (വിജിലൻസ്) പരിഗണിക്കും. ഇതുസംബന്ധിച്ച് പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
അഴിമതി നിരോധന വകുപ്പുകൂടി (സെക്-ഷൻ 13) ചേർത്തതോടെയാണ് കേസുകൾ റാന്നി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് മാറ്റിയത്. രണ്ടു കേസുകളുടെയും ഫയലുകൾ ബുധനാഴ്‌ച തന്നെ റാന്നിയിൽനിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയി. കേസിൽ അഴിമതി നിരോധന വകുപ്പുകൂടി ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് പ്രത്യേക അന്വേഷകസംഘത്തോട് ആവശ്യപ്പെട്ടിരുന്നു.
കട്ടിളപ്പാളിയിലെ സ്വർണം നഷ്‌ടപ്പെട്ട കേസിൽ ദേവസ്വം മുൻ കമീഷണർ എൻ വാസുവിനെ ചൊവ്വ രാത്രി പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയപ്പോൾ എസ്‌ഐടി റിപ്പോർട്ട് നൽകിയതിനെതുടർന്നാണ് കോടതി ഉത്തരവ്. ഇതോടെ റിമാൻഡിലുള്ള ദേവസ്വം അഡ്‌മിനിസ്‌ട്രേഷൻ മുൻ ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് നീളും. വ്യാഴാഴ്‌ച റാന്നി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വാദം കേൾക്കാനിരുന്നതാണ്. കേസുകളിൽ പുതിയ വകുപ്പുകൂടി ഉൾപ്പെടുത്തിയശേഷമേ ജാമ്യാപേക്ഷ പരിഗണിക്കൂ.
കേസിൽ നാലാം പ്രതിയും ബോർഡ് മുൻ സെക്രട്ടറിയുമായ എസ് ജയശ്രീയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് പത്തനംതിട്ട ജില്ലാകോടതി വ്യാഴാഴ്‌ചത്തേക്ക് മാറ്റി.
വാസു ഗൂഢാലോചന നടത്തിയെന്ന് റിപ്പോർട്ട്
"മുമ്പ് സ്വർണം പൂശിയത്' എന്നത് മാറ്റി ചെമ്പ് തകിട് എന്നാക്കി
ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ സ്വർണം കവർന്ന കേസിലെ മൂന്നാം പ്രതി ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം കമീഷണറുമായിരുന്ന എൻ വാസു മറ്റു പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്. 2019 ഫെബ്രുവരി 16 ന് ശബരിമല എക്‌സിക്യുട്ടീവ് മുൻ ഓഫീസർ ഡി സുധീഷ്‌കുമാറാണ് അന്നത്തെ ദേവസ്വം കമീഷണർ എൻ വാസുവിന് കട്ടിളപ്പടി ഇളക്കിയെടുത്ത് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ശുപാർശക്കത്ത് നൽകിയത്.
"കട്ടിള പൊതിഞ്ഞിട്ടുള്ള (മുൻപ് സ്വർണം പൂശിയിട്ടുള്ളത്) ചെമ്പ് തകിടുകൾ ഇളക്കിയെടുത്ത് ഉണ്ണിക്കൃഷ്ണൻപോറ്റിക്ക് കൈമാറുന്നതിനും സ്വർണംപൂശി തിരികെ കൊണ്ടുവരുന്ന മുറയ്ക്ക് തിരികെ സ്ഥാപിക്കാനുമുള്ള അനുവാദ ഉത്തരവ് നൽകണം' എന്നാണ് കത്തിലുള്ളത്. 2019 മാർച്ച് ആറിന് ദേവസ്വം സെക്രട്ടറിക്ക് നൽകിയ കത്തിൽ എൻ വാസു "മുമ്പ് സ്വർണം പൂശിയത്' എന്നത് ഒഴിവാക്കി. ഈ കത്ത് പ്രകാരമാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തതും ദേവസ്വം സെക്രട്ടറി ഉത്തരവിറക്കിയതും. പിന്നീട് വാസു ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ 2019 ഡിസംബർ 9 ന് ഉണ്ണിക്കൃഷ്ണൻ പോറ്റി അയച്ച ഇ–മെയിലും സംശയാസ്പദമാണ്. ശ്രീകോവിൽ വാതിലും കട്ടിളപ്പടിയും സ്വർണം പൂശിയശേഷം ബാക്കിവന്ന സ്വർണം കൈയിലുണ്ടെന്നായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സന്ദേശം. എന്നാൽ ഈ സ്വർണത്തെക്കുറിച്ച് അന്വേഷിച്ച് തുടർനടപടി സ്വീകരിക്കാതെ വീഴ്ച വരുത്തിയതിലൂടെ തിരുവിതാംകൂർ ദേവസ്വത്തിന് അന്യായ നഷ്ടം വരുത്തിയതായി റിമാൻഡ് റിപ്പോർട്ടിലുണ്ട്.









0 comments