ശിൽപ്പപാളികളിലെ സ്വർണമോഷണം ; ആറന്മുള ദേവസ്വം സ്‌ട്രോങ്‌ റൂം 
പരിശോധിക്കാൻ എസ്‌ഐടിക്ക്‌ നിർദേശം

Sabarimala Gold Layer case
avatar
ആർ രാജേഷ്‌

Published on Oct 15, 2025, 03:24 AM | 1 min read


പത്തനംതിട്ട

​ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളികളിലെയും കട്ടിളപ്പടികളിലെയും സ്വർണം മോഷണംപോയ സംഭവത്തിൽ ബുധനാഴ്‌ച ആറന്മുളയിലെ ദേവസ്വം സ്‌ട്രോങ്‌ റൂം പരിശോധിക്കാൻ പ്രത്യേക അന്വേഷക സംഘത്തോട്‌ (എസ്ഐടി) അമിക്കസ്‌ക്യൂറി.

ശബരിമലയിലെ അമൂല്യവസ്‌തുക്കളുടെ കണക്കെടുപ്പിന്‌ ഹൈക്കോടതി നിയോഗിച്ച ജസ്‌റ്റിസ് കെ ടി ശങ്കരനാണ്‌ ഇതുസംബന്ധിച്ച്‌ നിർദേശം നൽകിയത്‌. സന്നിധാനത്തെ കണക്കെടുപ്പ്‌ പൂർത്തിയാക്കിയ അമിക്കസ്‌ക്യൂറി 25ന്‌ ശബരിമലയിലെ തിരുവാഭരണം സൂക്ഷിച്ചിട്ടുള്ള ആറന്മുളയിലെ സ്‌ട്രോങ്‌ റൂം പരിശോധിക്കാനെത്തുമെന്നാണ്‌ വിവരം.


ഇതിനു മുന്നോടിയായി തിരുവനന്തപുരത്ത്‌ ദേവസ്വം ഹെഡ്‌ക്വാർട്ടേഴ്‌സിൽ സൂക്ഷിച്ച തിരുവാഭരണ കമീഷൻ ഓഫീസിലെ മഹസർ റിപ്പോർട്ട്‌ ഉൾപ്പെടെയുള്ള മുഴുവൻ രേഖയും 24നുതന്നെ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. സ്‌ട്രോങ്‌ റൂമിന്റെ ചുമതല ആറന്മുള അസിസ്‌റ്റന്റ്‌ ദേവസ്വം കമീഷണർക്കാണ്‌. ഇതിന്റെ താക്കോലും മറ്റും ഇദ്ദേഹമാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. സ്‌ട്രോങ്‌ റ‍ൂമിനു സമീപത്തെ ഓഫീസിലാകും പരിശോധന.


പരിശോധനയുമായി ബന്ധപ്പെട്ട്‌ പന്പയിലും സന്നിധാനത്തുമായി നാലുദിവസം ഉണ്ടായിരുന്ന ജസ്‌റ്റിസ്‌ കെ ടി ശങ്കരൻ ചൊവ്വാഴ്‌ച പുലർച്ചെ മടങ്ങി. അതേസമയം എസ്‌ഐടി സംഘം സന്നിധാനത്തും മറ്റുമായി തുടരുകയാണ്‌. സംഘത്തലവൻ എഡിജിപി എച്ച്‌ വെങ്കിടേഷ്‌ പങ്കെടുത്ത്‌ എസ്‌ഐടി യോഗം ചേരുമെന്ന്‌ അറിയിപ്പുണ്ടായിരുന്നു. എന്നാൽ 22ന്‌ രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട്‌ സുരക്ഷാചുമതല കൂടിയുള്ളതിനാൽ അതിനടുത്ത ദിവസമേ അദ്ദേഹമെത്തുകയുള്ള‍ൂവെന്നാണ്‌ സൂചന. പത്തനംതിട്ട എ ആർ ക്യാന്പ്‌ വളപ്പിൽ എസ്‌ഐടി ക്യാന്പ്‌ തുറക്കാനും ആലോചനയുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Home